പാലക്കാട്: അടിയന്തരാവസ്ഥയെ രണ്ടാം സ്വതന്ത്ര്യസമരമായി അംഗീകരിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. ചരിത്രം തമസ്ക്കരിക്കപ്പെടുന്നത് തലമുറകളോട് കാണിക്കുന്ന അനീതിയാണ്.
തെറ്റായ ചരിത്രം പ്രചരിക്കുന്നതിന് അതിടയാക്കും. അടിയന്തരാവസ്ഥയെ സംബന്ധിച്ച് ഇപ്പോള്‍ വരുന്ന ചരിത്രപാഠങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതാണ്. അടിയന്തരാവസ്ഥയുടെ 40ാം വാര്‍ഷികത്തില്‍ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സമരസേനാനികളെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രമുഖ മാധ്യമങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തിയത് നക്സല്‍ പ്രസ്ഥാനങ്ങളാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുകാണുമ്പോള്‍ അജ്ഞതേ നിന്റെ പേരോ മാധ്യമം എന്ന് ചോദിച്ചുപോകുന്നു. കമ്മ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ മടിച്ചു നിന്നപ്പോള്‍ സംഘപ്രസ്ഥാനങ്ങള്‍ മാത്രമാണ് സംഘടിതവും നിരന്തരവുമായ സമരം ചെയ്തത്.
കുരുക്ഷേത്രം പോലെയുള്ള പ്രസിദ്ധീകരണങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റു നേതാക്കള്‍ പോലും അടിയന്തരാവസ്ഥക്കെതിരെയുള്ള സമരങ്ങള്‍ അറിയുന്നത്. ഇത്തരം ലഘുലേഖകള്‍ വിതരണം ചെയ്തതിന് അയ്യായിരത്തോളം സംഘ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. എന്നിട്ടും അടിയന്തരാവസ്ഥയെക്കുറിച്ചുള്ള കുറിപ്പുകളിലൊന്നും സംഘത്തിന്റെ പങ്ക് മാധ്യമങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല.
ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ബിജെപിയുടെ ഇപ്പോഴത്തെ കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണവും ബിജെപി ദേശീയ സമിതി അംഗം എന്‍.ശിവരാജന് ആമുഖപ്രഭാഷണവും നടത്തി. വി.രാമന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ഭാസി, പി.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: