ഇടുക്കി: ഇടുക്കി എഡിഎമ്മിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പീരുമേട് എംഎല്‍എ ഇ. എസ് ബിജിമോളെ പോലീസ് അറസ്റ്റ് ചെയ്യില്ല. അറസ്റ്റു ചെയ്യാതെ കേസ് അന്വേഷിച്ച് വളരെ പെട്ടെന്ന് കോടതിയില്‍ കുറ്റപത്രം നല്‍കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. എംഎല്‍എ ആയതിനാല്‍ കേസ് എടുത്ത വിവരം സ്പീക്കറെ അറിയിക്കണം. അത് പോലീസ് ചെയ്തിട്ടുണ്ട്. ഇനി അറസ്റ്റിന് പ്രത്യേക അനുമതി വേണ്ടതില്ല. എങ്കിലും അറസ്റ്റുണ്ടാവില്ല.
പോലീസ് സംഭവസ്ഥലത്തുണ്ടായിരുന്ന പത്തോളം പേരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. ഇതുപ്രകാരം ബിജിമോള്‍ അടക്കം മുന്നൂറുപേര്ക്കെതിരെയാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. എഡിഎമ്മിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ ഇന്നലെ റവന്യൂ ജീവനക്കാര്‍ നടത്തിയ പണിമുടക്ക് പൂര്‍ണമായിരുന്നു.
അതിനിടെ കോടതി വിധി നടപ്പാക്കാന്‍ റവന്യൂ സംഘം എത്തിയപ്പോഴുണ്ടായ അക്രമത്തെ സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണമാണ് അടുത്ത നടപടികള്‍ കൈക്കൊള്ളുക.
പെരുവന്താനം പോലീസാണ് എഫ്.ഐ.ആര് തയ്യാറാക്കി കേസ് അന്വേഷണം ആരംഭിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പെരുവന്താനം എസ്.ഐയില്‍ നിന്നും അന്വേഷണ ചുമതല സി.ഐ മനോജ്കുമാര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ജോലി തടസപ്പെടുത്തി മര്‍ദ്ദിച്ചു എന്ന വകുപ്പാണ് പ്രാഥമിക അന്വേഷണത്തില്‍ ചുമത്തിയിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന എഡിഎമ്മിന്റെ ചികിത്സാ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ 333-ാം വകുപ്പും ചേര്‍ക്കും. കാലിന് പൊട്ടലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് സംഘം ഇന്നലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി എഡിഎം മോന്‍സി പി. അലക്സാണ്ടറുടെ മൊഴിയെടുത്തു. എഡിഎമ്മിന്റെ ചുമതല ഇടുക്കി ആര്‍ഡിഒ സജീവനാണ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: