എരുമേലി: പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനത്തിനായി കൊണ്ടുവന്ന ആശിക്കുന്ന ഭൂമി ആദിവാസിക്ക് സ്വന്തം എന്ന പദ്ധതി താലൂക്കില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ അട്ടിമറിക്കപ്പെട്ടു. ബിജെപി പട്ടികജാതി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വി.പി. ദിനേശന് നല്കിയ വിവരാവകാശ അപേക്ഷയില്‍ സംയോജിത പട്ടികവര്‍ഗ്ഗ വികസന പ്രോജക്ടാഫീസ് നല്കിയ മറുപടിയിലാണ് ഞെട്ടിക്കുന്ന അനാസ്ഥയുടെ കഥ പുറത്താകുന്നത്.
പദ്ധതിപ്രകാരം താലൂക്കാഫീസില്‍ 85 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതില്‍ കളക്ടര്‍ അദ്ധ്യക്ഷനായുള്ള ഉപരിതല കമ്മറ്റി പരിഗണിച്ചത് വെറും 36 അപേക്ഷകള്‍ മാത്രമാണെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ആശിക്കുന്ന ഭൂമി ആദിവാസിക്ക് സ്വന്തം പദ്ധതി പ്രകാരം ഭൂമി വാങ്ങി നല്കാന് 2012-13ല്‍ സര്‍ക്കാര്‍ തുകയൊന്നും നല്‍കിയില്ല. 2011 -14ല്‍ പത്തുലക്ഷം രൂപയും 2014-15ല്‍ ഒരുകോടി രൂപയും അനുവദിച്ചു. ഇതില്‍ മൂന്നു പേര്‍ക്ക് ഭൂമിനല്കാന് മാത്രമായി 30,83,250 രൂപയാണ് ചെലവഴിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്കായി അനുവദിച്ച തുകയില്‍ ബാക്കി തുകയില്‍ 10,36,750 രൂപ സ്പെഷ്യല്‍ ടിഎസ്ബി അക്കൗണ്ടില്‍ നിക്ഷേപിക്കുകയും 68,80,000 രൂപ സറണ്ടര്‍ ചെയ്തിരിക്കുകയാണെന്നും ഓഫീസ് വ്യക്തമാക്കുന്നു. പദ്ധതി പ്രകാരം 2013-14, 2014-15 വര്‍ഷങ്ങളില്‍ ലഭിച്ച അപൂര്‍ണമായ അപേക്ഷ രേഖകള്‍ പൂര്‍ണമാക്കി തിരിച്ചു നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രോജക്ട് ഓഫീസര്‍ ഷൈനി ജന്മഭൂമിയോട് പറഞ്ഞു.
വൈക്കം, പൂഞ്ഞാര്‍, മേലുകാവ് എന്നീ മേഖലകളില്‍ ഭൂമി ഇപ്പോള്‍ തെരഞ്ഞുകൊണ്ടിരിക്കുകയാണെന്നും പത്ത് അപേക്ഷകളില്‍ പരിശോധന നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പദ്ധതി പ്രകാരം പാറക്കെട്ട് ഒഴിവാക്കിയ ഭൂമി, റോഡ്,വെള്ളം, വൈദ്യുതി എന്നിവ എളുപ്പത്തില്‍ ലഭ്യമാകുന്ന സ്ഥലം, എന്നീ സൗകര്യങ്ങളോടുകൂടിയ 25 സെന്റ് മുതല്‍ പരമാവധി ഒരേക്കര്‍ വരെ ഭൂമിയാണ് അപേക്ഷകര്‍ക്ക് നല്കാന് തീരുമാനിച്ചത്. എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ ലഭിച്ച അപേക്ഷകളില്‍ മൂന്നുപേര്‍ മാത്രമാണ് ഭൂമിവാങ്ങിയതെന്നും രേഖകളില്‍ പറയുന്നു. തിരിച്ചടച്ച ഫണ്ട് പദ്ധതിക്കായി വീണ്ടും എടുക്കാമെന്നും എന്നാല്‍ അപേക്ഷകര്‍ കാണിച്ചുതന്ന ഭൂമി ഉപയുക്തമായിരുന്നില്ലെന്നും ഓഫീസ് പറയുന്നു.
എന്നാല്‍ പട്ടികവര്‍ഗ്ഗ വികസനത്തിനു മാത്രമായി പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ കാര്യശേഷിയാണ് പാവപ്പെട്ടവര്‍ക്കും സര്‍ക്കാരിനും തിരിച്ചടിയായിത്തീര്ന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ മൂന്നുപേര്‍ക്ക് മാത്രമാണ് ഭൂമികൊടുക്കാന്‍ കഴിഞ്ഞിരിക്കുന്നത്. മറ്റുള്ളവരുടെ അപേക്ഷകള്‍ പരിഗണിച്ചു തുടങ്ങിയതാകട്ടെ അടുത്തകാലത്താണെന്നും അധികൃതര്‍ തന്നെ പറയുന്നു. ആശിച്ച ഭൂമിക്കായി നല്കിയഅപേക്ഷകളില് അപേക്ഷകരുടെ രേഖകള്‍ മിക്കതും മതിയാവുന്നതല്ല എന്ന കണ്ടെത്തലാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനത്തിനായി അപേക്ഷകരെ സഹായിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഭൂമി വിതരണമെന്നും ബിജെപി പട്ടികജാതി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വി.പി. ദിനേശന് പറഞ്ഞു. കളക്ടര്‍ അദ്ധ്യക്ഷനായുള്ള കമ്മറ്റി പോലും വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നും ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയില്‍ ജനകീയ പ്രതിഷേധവും ഉയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: