കുറവിലങ്ങാട്: പാകിസ്ഥാന് നിര്‍മ്മിത കളളനോട്ടുകള്‍ എന്നുകരുതുന്ന നോട്ടുകള്‍ ജില്ലയില്‍ വ്യാപകം. 500, 1000 രൂപയുടെ കളളനോട്ടുകളാണ് വിതരണം നടത്തുന്നത്. പാലാ, കുറവിലങ്ങാട്, ഉഴവൂര്‍, രാമപുരം, കടുത്തുരുത്തി, പെരുവ മേഖലകളിലെ വിദേശ മദ്യഷോപ്പുകളിലാണ്കൂടുതലായി വ്യാജനോട്ടുകള്‍ ലഭിച്ചിട്ടുളളത്. കൂടുതല്‍ ലഭിച്ചിട്ടുളള ഉഴവൂരും, കുറവിലങ്ങാട്ടുമാണ്. ഉഴവൂരില്‍ വിദേശമദ്യഷോപ്പുകളില് കളളനോട്ടുകളുമായി വന്ന ഒരാളെ ജീവനക്കാര്‍ പിടികൂടി കൈവശമുണ്ടായിരുന്ന കളളനോട്ടുകള്‍ നശിപ്പിച്ചുകളഞ്ഞതിനുശേഷം താക്കീത്ചെയ്ത് പറഞ്ഞുവിട്ടു. പിടിക്കപ്പെട്ടയാള്‍ക്ക് ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ പ്രധാന ചൂതാട്ടകേന്ദ്രങ്ങള്‍ നടത്തുന്നയാളാണെന്നുളള സൂചനകളാണ് ലഭിച്ചിട്ടുളളത്. സംഭവം സംബന്ധിച്ച് പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥര്‍ വിദേശമദ്യഷോപ്പുകളിലെത്തി ജീവനക്കാരെ ചോദ്യം ചെയ്തു. ചൂതാട്ടകേന്ദ്രങ്ങളുടെ മറവിലാണ് ജില്ലയില്‍ കളളനോട്ടുകള്‍ ഇറങ്ങിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവം പോലീസില്‍ അറിയിക്കാതെ ഒതുക്കിത്തീര്‍ത്ത വിദേശമദ്യഷോപ്പിലെ ജീവനക്കാര്‍ എല്ലാം രഹസ്യ അന്വേഷണവിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ജില്ലയിലെ കളളനോട്ടിന്റെ വിതരണം ഏറ്റവും കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടത് നീണ്ടൂര്‍, കല്ലറ, പ്രദേശങ്ങളിലായിരുന്നു. ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍കിട ചൂതാട്ടകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന വിവരം പുറത്ത് വന്നു. ചൂതാട്ടകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിവരം പരിധിയിലെ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നില്ല എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കളളനോട്ട് എത്തിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണെന്നുളള പ്രചരണം ഈ മേഖലയില്‍ വ്യാപകമായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ മറയാക്കി കളളനോട്ട് വിതരണം നടത്തുന്നത് നാട്ടുകാരായ അന്താരാഷ്ട്ര കളളനോട്ട് സംഘമാണ്എന്നാണ് ഇപ്പോള്‍ കരുതുന്നത്. കളളനോട്ട് വ്യാപകമായതിനെത്തുടര്‍ന്ന് വ്യാപാരികളെല്ലാം ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: