ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലും ആര്‍പ്പൂക്കരയിലും എസ്എഫ്ഐ-ഡിവൈഎഫ്ഐ അഴിഞ്ഞാട്ടം. ആര്‍പ്പൂക്കരയില്‍ എന്‍എസ്എസ് കരയോഗം മന്ദിരം കല്ലെറിഞ്ഞു തകര്‍ത്തു. രാമായണമാസാചരണത്തോടനുബന്ധിച്ച് രാമായണപാരായണം നടത്തിക്കൊണ്ടിരുന്ന സ്ത്രീകളടക്കമുള്ളവര്‍ ഓടിരക്ഷപ്പെട്ടു.
ഏറ്റുമാനൂരപ്പന് കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ കഴിഞ്ഞദിവസം ആക്രമണം നടന്നിരുന്നു. ഇതിനെസംബന്ധിച്ച് ഏറ്റുമാനൂര്‍ സിഐയുടെ സാനിധ്യത്തില്‍ ഇരുവിഭാഗം നേതാക്കളുമായി ചര്‍ച്ചനടത്തി ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഉണ്ടാക്കിയിരുന്നു. ചര്‍ച്ചകഴിഞ്ഞ് നേതാക്കള്‍ പിരിഞ്ഞതിന് പിന്നാലെ എസ്എഫ്ഐ-ഡിവൈഎഫ്ഐ അക്രമിസംഘം പ്രകടനമായെത്തി ഏറ്റുമാനൂര്‍ ടൗണിലെ സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും ബോര്‍ഡുകളും തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റുമാനൂരില്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ഈ സമയം അക്രമിസംഘം ആര്‍എസ്എസ് ഏറ്റുമാനൂര്‍ ശാഖാമുഖ്യശിക്ഷക് നിധിന്റെ വീട്ടിലെത്തി അമ്മയെ അസഭ്യം പറയുകയും നിധിനെ കൊന്നുകളയുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.
ഐടിഐയിലെ എബിവിപിയുടെ കൊടിമരവും ഇവര്‍ തകര്‍ത്തു. ഏറ്റുമാനൂര്‍ ടൗണില്‍ സംഘപരിവാര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് താലൂക്ക് കാര്യവാഹക് രജില്‍രാജ്, അനീഷ്, അജിത്ത്, സുനില്‍കുമാര്‍, ദീപു നാരായണന് തുടങ്ങിയവര്‍ നേതൃത്വം നല്കി. കേരളത്തില്‍ അടിത്തറതകരുന്ന സിപിഎം അക്രമവും കലാപവും അഴിച്ചുവിടുവാന് ശ്രമിക്കുകയാണെന്ന് രജില്‍രാജ് അഭിപ്രായപ്പെട്ടു. ആര്‍പ്പൂക്കരയിലും ഏറ്റുമാനൂരിലും അക്രമം നടത്തിയ എസ്എഫ്ഐ, ഡിവൈഎഫ്ഐ ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമഭീഷണിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ ബിജെപി നിയോജകമണ്ഡലം ഓഫീസിനും ആര്‍എസ്എസ് കാര്യാലയത്തിനും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
ആര്‍പ്പൂക്കര: എന്‍എസ്എസ് 4222-ാം നമ്പര്‍ കരയോഗത്തിനുനേരെ എസ്എഫ്ഐ-ഡിവൈഎഫ്ഐ ആക്രമണം. ആര്‍പ്പൂക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന് സമീപമുള്ള കരയോഗ മന്ദിരത്തിന് നേരെ ഇന്നലെ വൈകിട്ട് 4മണിയോടെയായിരുന്നു ആക്രമണം നടത്തിയത്. കരയോഗത്തിന്റെ ഓഫീസും മറ്റും പൂര്‍ണ്ണമായി അടിച്ചുതകര്‍ത്തു. രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണ പാരായണം നടത്തവേ വെളിയില്‍നിന്ന് വന്ന ഒരുസംഘം പ്രവര്‍ത്തകര്‍ കല്ലെറിയുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. എസ്എഫ്ഐ- ഡിവൈഎഫ്ഐ അക്രമികള്‍ കരയോഗ വളപ്പിലേക്ക് ഓടിക്കയറുകയും കരയോഗ മന്ദിരത്തിലെ സാധനസാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. പ്രദേശവാസികള്‍ ഓടിക്കൂടിയതോടെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു.
എസ്എംഇയില്‍ പഠിക്കുന്ന എസ്എഫ്ഐ പ്രവര്‍ത്തകരും സമീപ പ്രദേശങ്ങളിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് അക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുപത്തയ്യായിരം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് കരയോഗം പ്രസിഡന്റ് ഗോപിനാഥ കൈമള്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കരയോഗത്തിന് നേരെ നടന്ന ആക്രമണത്തില്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: