വിഴിഞ്ഞം: സംശയാസ്പദമായ സാഹചര്യത്തില്‍ ഇറാന് ബോട്ട് പിടിയിലായ സംഭവത്തില്‍ അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ സംഘം വിഴിഞ്ഞത്തെത്തി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ കൊച്ചി എന്‍ഐഎ കോടതിയിലേക്കു കൊണ്ടു പോകുവാനും വിശദമായ പരിശോധനയ്ക്കു ബോട്ട് കൊല്ലത്തേക്ക് മാറ്റുവാനും അന്വേഷണസംഘം തീരുമാനിച്ചു.
ഇന്നലെ രാവിലെ എന്‍ഐഎ എസ്പി രാഹുല്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അബ്ദുള്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏഴംഗ സംഘം വിഴിഞ്ഞത്തെത്തി. ലോക്കല്‍-തീരദേശ പോലീസ്, തീരരക്ഷാ സേന ഉദ്യോഗസ്ഥരുമായി കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സംഘം ശേഖരിച്ചു. പൊലീസിനോടൊപ്പം തുറമുഖത്ത് നങ്കൂരമിട്ടിട്ടുള്ള ഇറാന് ബോട്ടിലെത്തി സംഘം പരിശോധന നടത്തി. ബോട്ട് ഉള്‍ക്കടലില്‍ വച്ച് തീരരക്ഷാ സേന പിടികൂടുമ്പോള്‍ കടലിലേക്ക് എന്തോ വസ്തു മുറിച്ചു വിട്ടുവെന്ന് പൊലീസിനു അറിവു ലഭിച്ചുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോട്ടിലുണ്ടായിരുന്ന വലയുടെ കുറച്ചു ഭാഗം വിശദപരിശോധനയ്ക്കായി സംഘം ശേഖരിച്ചിട്ടുണ്ട്. ബോട്ടിന്റെ ഉള്‍വശങ്ങളിലും ചുറ്റിലുമൊക്കെയായി വളരെ സമയം ചെലവിട്ടാണ് അന്വേഷണസംഘം പരിശോധന നടത്തിയത്.
സുരക്ഷയും വിശദപരിശോധനയും മുന്‍നിറുത്തി ബോട്ടിനെ കൊല്ലത്തേക്കു കൊണ്ടു പോകുമെന്ന് അന്വേഷണ സംഘംപറഞ്ഞു. കരയില്‍ കയറ്റിവച്ചുള്ള വിശദപരിശോധന ആവശ്യമുണ്ടെന്നനിഗമനത്തിലാണ് അന്വേഷണസംഘം. കൂടാതെ ബോട്ടിന്റെ സുരക്ഷയും പ്രധാനമാണെന്നും സംഘം വിലയിരുത്തി. ഇറ്റാലിയന്‍ കപ്പലില്‍ നിന്നു വെടിയേറ്റ മത്സ്യബന്ധന ബോട്ട് സുരക്ഷയോടെ അവിടെ സൂക്ഷിക്കുന്നതിനൊപ്പം ഈ ബോട്ടിനെയും സൂക്ഷിക്കാമെന്നാണ് സംഘം കരുതുന്നത്. ദിവസങ്ങളായി കിടക്കുന്നതിനാല്‍ ബോട്ടിന്റെ എന്ജിന് ഭാഗത്ത് വെള്ളം നിറഞ്ഞിട്ടുള്ളതായും ഇതു നീക്കം ചെയ്യുന്നതിനു ഉടന്‍ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തലസ്ഥാനത്തു തുടരുന്ന ഇറാന് ബോട്ടിലുണ്ടായിരുന്ന 12 പ്രതികളെയും എന്‍ഐഎയുടെ കൊച്ചി കോടതി പരിധിയിലേക്ക് മാറ്റുന്നതിനുള്ള പ്രാഥമിക നടപടി തുടങ്ങിയതായും വെള്ളിയാഴ്ചയോടെ പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടുപോകാനാണ് സാധ്യതയെന്നും അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
സംശയസാഹചര്യത്തില്‍ രാജ്യാതിര്‍ത്തിയിലെ കടലില്‍ ഒഴുകി നടന്ന ബറൂക്കി എന്നു പേരുള്ള ഇറാന് ബോട്ടിനെ റോ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജൂലൈ നാലിനാണ് ആലപ്പുഴ തീരക്കടലില്‍ തീരരക്ഷാസേന പിടികൂടിയത്. ആദ്യം വിഴിഞ്ഞം ലോക്കല്‍ പോലീസും തുടര്‍ന്ന് ഫോര്‍ട്ട് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവുമാണ് കേസ് അന്വേഷിച്ചത്. രാജ്യാന്തര ഗൗരവമുണ്ടെന്നുള്ള നിലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്ര നിര്‍ദ്ദേശാനുസരണം എന്‍ഐഎ കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: