തിരുവനന്തപുരം: അവാര്‍ഡ് ദാന ചടങ്ങിനെത്താമെന്ന് വാഗ്ദാനം നല്കി ആഭ്യന്തര മന്ത്രി പറ്റിച്ചു, മന്ത്രി വന്നിട്ട് സമ്മേളനം തുടങ്ങൂവെന്ന് സംഘാടകരും വാശിപിടിച്ചതോടെ വിദ്യാര്‍ത്ഥികള്‍ വിശന്ന് തളര്‍ന്ന് കാത്തിരുന്നത് മണിക്കൂറുകളോളം. ഇന്നലെ ക്രൈസ്റ്റ് നഗര്‍ സ്കൂളിലാണ് സംഭവം നടന്നത്. എം.പി. അപ്പന് അവാര്‍ഡ്ദാന ചടങ്ങിന്എത്താമെന്ന് ഏറ്റിരുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്താത്തതിനെതുടര്‍ന്നാണ് കുട്ടികളുടെ ക്ലാസും ഉച്ചഭക്ഷണവും മുടങ്ങിയത്.
കേരള കലാസാഹിത്യ അക്കാദമിയാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. 11 ന് നിശ്ചയിച്ചിരുന്ന ചടങ്ങില്‍ 12 മണിയായിട്ടും മന്ത്രി എത്തിയില്ല. 12 മണി കഴിഞ്ഞതോടെ ഇനി മന്ത്രി വരാന്‍ സാധ്യതയില്ലെന്ന് സുരക്ഷാ ഉദേ്യാസ്ഥന് സംശയം പ്രകടിപ്പിച്ചു. എന്നാല്‍ കേരള കലാസാഹിത്യ അക്കാദമി ചെയര്മാന് പ്രജിന് ബാബു മന്ത്രി വന്നതിനുശേഷംമാത്രമേ അവാര്‍ഡ്ദാനം നടത്തുകയുള്ളൂവെന്ന് വാശിപിടിക്കുകയായിരുന്നു. പരിപാടിക്കായി രാവിലെ 10 മണിയോടു കൂടി കുട്ടികളെ ഓഡിറ്റോറിയത്തില്‍ എത്തിച്ചിരുന്നു. മണിക്കൂറുകള്‍ മന്ത്രിക്കായി കാത്തിരുന്ന കുട്ടികളുടെ ക്ലാസും ഉച്ചഭക്ഷണവും ഇതോടെ മുടങ്ങി.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നന്ദന്‍കോട് വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ഐസക്കിനോടും സ്കൂള്‍ അധികൃതരെയും മന്ത്രി എത്തില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചുവെങ്കിലും ചെവികൊണ്ടില്ല. 12.30നാണ് കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് സമയം അനുവദിച്ചിരുന്നത്. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ബിനോ പട്ടര്‍ക്കളം ഉച്ചഭക്ഷണം കഴിക്കുന്നതിന് കുട്ടികളെ അനുവദിക്കണമെന്ന് അക്കാദമി ഭാരവാഹികളോട് ആവശ്യപ്പെട്ടു. എന്നാല്‍ അക്കാദമി ചെയര്മാന് മന്ത്രി എത്തിയതിനുശേഷമേ അവാര്‍ഡ്ദാനം നടത്തുകയുള്ളൂ എന്നും കുട്ടികളെ പുറത്തു വിടേണ്ടെന്നും വാശിപിടിച്ചു. 1 മണിയോടുകൂടി വിശന്നുതളര്‍ന്ന കുട്ടികള്‍ ഉറക്കം ആരംഭിച്ചു. തുടര്‍ന്ന് സ്കൂള്‍ അധികൃതരും മറ്റും പ്രതിഷേധം രേഖപ്പെടുത്തിയതോടെ കുറച്ചു കുട്ടികളെ ഉച്ചഭക്ഷണത്തിനായി കൊണ്ടുപോയി. 1.30 ആയിട്ടും മന്ത്രിയെത്തില്ല. തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗായകന് ജി. വേണുഗോപാലിനെ കൊണ്ട് അവാര്‍ഡ്ദാനം നടത്തുകയായിരുന്നു. ഒരു ദിവസത്തെ ക്ലാസാണ് സംഘാടകരുടെ പിടിവാശിമൂലം കുട്ടികള്‍ക്ക് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: