കൊച്ചി:മലയാളിക്ക് പുണ്യം പിറക്കുന്ന ചിങ്ങം ഒന്നിന് ശബരീശ സന്നിധിയില്‍ താന്ത്രികാചാര്യ പദവി യുവാവിന്. ഇരുപത്തൊന്നുകാരനായ മഹേഷ് മോഹനരായിരിക്കും ഇനി ശബരിമല തന്ത്രി. ഇതൊരു ചരിത്രനിയോഗമാണ്.
ശബരിമലയുടെ താന്ത്രിക പദവി കൈവരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി മഹേഷ് മോഹനരായിരിക്കും. മദ്രാസ് സംസ്കൃത കോളേജിലെ ഒന്നാംവര്‍ഷ എം.എ വിദ്യാര്‍ത്ഥിയായ മഹേഷ് ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് താഴമണ്‍മഠത്തില്‍ നിന്നും സര്‍വ്വ അനുഗ്രഹങ്ങളും വാങ്ങി സന്നിധാനത്തെത്തി. ഇന്നലെ പൊന്നിന് ചിങ്ങപ്പുലരിയില്‍ ധര്‍മ്മശാസ്താവിനെ നമിച്ച് മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചു.
ഇനി ഒരുവര്‍ഷക്കാലം മഹേഷായിരിക്കും തന്ത്രി. ലോപം കൂടാതെ കര്‍മ്മം ചെയ്യാന്‍ പ്രാപ്തനാക്കണേയെന്ന പ്രാര്‍ത്ഥനയോടെയാണ് മഹേഷ് മലകയറിയത്. പിഴവുകളൊഴിവാക്കാനും ഒരു കൈത്താങ്ങിനുമായി തന്ത്രി പഠനത്തിലെ ഗുരുവും ആലുവ തന്ത്രവിദ്യാപീഠം പ്രസിഡന്റുമായ മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരിേയും കൂടെക്കൂട്ടിയിട്ടുണ്ട്. ശബരിമലയിലെ പ്രധാന പൂജകളെല്ലാം തന്ത്രിയാണ് ചെയ്യേണ്ടത്.
രണ്ടുവര്‍ഷം മുമ്പ് മുത്തച്ഛന് കണ്ഠര് മഹേശ്വരരുടെ കാലത്ത് കുറച്ചുദിവസം ശബരിമലയിലെ താന്ത്രിക ചുമതല മഹേഷ് നിര്‍വ്വഹിച്ചിട്ടുണ്ട്. തന്ത്രി കണ്ഠര് മഹേശ്വരര്‍ക്ക് അസുഖം ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ തന്ത്രിയുടെ പൂര്‍ണ്ണചുമതല ഔദ്യോഗികമായി ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്.
2003 ല്‍ ഉപനയനം കഴിഞ്ഞ മഹേഷ് മോഹനര് 2009 ല്‍ ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ 12 ദിനം ഭജനമിരുന്നാണ് പൂജാദികര്‍മ്മങ്ങള്‍ തുടങ്ങിയത്. ദേവപൂജ പഠിക്കണമെന്നും പിഴവുവരാതെ അതു ചെയ്യണമെന്നും ചെറുപ്പം മുതല്ക്കേ മഹേഷിന് നിര്‍ബന്ധബുദ്ധിയുണ്ട്. താന്ത്രികമായ ഓരോ ചടങ്ങുകള്‍ക്കുമുള്ള പ്രത്യേകത, പൂര്വ്വരീതികള്, ഓരോ ക്ഷേത്രത്തിനും പ്രതിഷ്ഠയ്ക്കുമുള്ള വൈവിദ്ധ്യങ്ങള്‍ എന്നിവയെല്ലാം കഴിയുംവിധം സ്വായത്തമാക്കണമെന്നാണ് മഹേഷിന്റെ ആഗ്രഹം. ഇതിനായി ആവുന്നത്ര ഗുരുനാഥന്മാരേയും ഗ്രന്ഥങ്ങളേയും ആശ്രയിച്ചുകൊണ്ടിരിക്കുന്നു.
ദശാബ്ദങ്ങള്‍ക്ക് മുമ്പ് ശബരിമലയിലെതന്നെ പടിപൂജയ്ക്ക് കലശം പൂജിച്ചിരുന്നത് കിഴക്കോട്ടഭിമുഖമായിരുന്നെന്നാണെന്ന് സൂചനയുണ്ട്. കണ്ഠര് ശങ്കരര് തന്ത്രിയായിരുന്ന കാലത്ത് പടിപൂജയുടെ ഒരു ഫോട്ടോയില്‍ ഇത് വ്യക്തമാകുന്നു. ഈ ഫോട്ടോ കണ്ടെത്തിയത് മഹേഷാണ്. ഇപ്പോള്‍ പടിഞ്ഞാട്ട് പടിക്കഭിമുഖമായിരുന്നാണ് കലശപൂജ.
മഹേഷ് മോഹനരുടെ പിതാവ് കണ്ഠരര് മോഹനര്‍ക്ക് 2006 ല്‍ ഒരു കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ വിലക്കിനെത്തുടര്‍ന്നാണ് മഹേഷിന് ശബരിമലയിലെ താന്ത്രിക ചുമതല ഏല്‍ക്കേണ്ടിവന്നത്. 2012 ല്‍ മോഹനര്ക്കെതിരായ കേസ് തീര്‍പ്പായി. കണ്ഠരര് മോഹനര് നിരപരാധിയാണെന്നും ആസൂത്രിത പദ്ധതിയിലൂടെ അദ്ദേഹത്തെ കുടുക്കുകയായിരുന്നെന്നും കോടതി കണ്ടെത്തി. അപ്പീല്‍ കോടതിയും ഇത് ശരിവെച്ചു. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നും നീക്കിയിട്ടില്ല.
മകന് ശബരിമല താന്ത്രിക ചുമതല ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അമ്മ ആശ മോഹനര് പറയുന്നു. എന്നാല്‍ പഠനം മുടങ്ങുമോ എന്ന ആശങ്കയുണ്ട്. ഒപ്പം തന്റെ ഭര്‍ത്താവിനേയും കുടുംബത്തേയും അതുവഴി ഹിന്ദുസമൂഹത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ ഒരുസംഘമാളുകള്‍ നടത്തിയ കുല്സിത ശ്രമമെന്ന് തെളിഞ്ഞിട്ടും ദേവസ്വംബോര്‍ഡ് കണ്ഠര്മോഹനര്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നും തുടരുന്നതില്‍ തനിക്കേറെ വേദനയുണ്ടെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: