ന്യൂദല്‍ഹി: അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ അനധികൃതമായി കടത്തിക്കൊണ്ടുവരുന്നത് കേരളം നേരിടുന്ന ഗൗരവമായ പ്രശ്നമാണെന്ന് സുപ്രീംകോടതി. സ്ഥാപനം നടത്തുന്നവരെ നോക്കിയല്ല നിയമം നടപ്പാക്കേണ്ടതെന്നും കോടതി പറഞ്ഞു. കുട്ടിക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
കുട്ടിക്കടത്ത് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സ്ഥാപനം നടത്തുന്നവരുടെ സ്വഭാവഗുണം നോക്കിയല്ല നിയമം നടപ്പാക്കേണ്ടത്. അനാഥാലയങ്ങള്‍ നടത്തുന്നവര്‍ സമൂഹത്തില്‍ മാന്യത ഉള്ളവരായിരിക്കാം. എന്നാല്‍ എല്ലാവര്ക്കും നിയമം ബാധകമാണ്. എല്ലാവരേയും ഒരുപോലെ മാത്രമേ കാണാന്‍ കഴിയൂ. സ്ഥാപന നടത്തിപ്പുകാര്‍ നല്ലതാണോ ചീത്തയാണോ എന്ന് നോക്കിയല്ല നിയമം നടപ്പാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി വിധിയില്‍ അപാകതയുണ്ടെന്നാരോപിച്ച് മുക്കം, വെട്ടത്തൂര്‍ മുസ്ലിം അനാഥാലയങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും അനാഥാലയങ്ങള്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജി തീര്‍പ്പാക്കുംവരെ സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, യുയു ലളിത് എന്നിവരടങ്ങിയ സാമൂഹ്യനീതി ബെഞ്ച് അംഗീകരിച്ചില്ല. ഹര്ജിയിന്മേല് നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനും സിബിഐക്കും സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഝാര്‍ഖണ്ഡ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത 579 കുട്ടികളെ രണ്ടുതവണയായി കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്നതാണ് കേസിനാസ്പദമായ സംഭവം. സംശയം തോന്നി റെയില്‍വേ പോലീസ് കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും ജില്ലാ അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. 2014 മെയ് 24, 25 തീയതികളിലായി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച കുട്ടികളെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: