എല്ലാം പഴയതാണ് നല്ലതെന്ന് പ്രായമായവര്‍ പറയും. ഇന്നത്തെ ചെറുപ്പം നാളെ പറയുന്നതും അങ്ങനെയാവും. പക്ഷേ ഇത് പ്രായമായവരുടെ ചെറുപ്പങ്ങളോടുള്ള വിരോധമോ അസൂയയോ അല്ല. എല്ലാക്കാലത്തും അങ്ങനെയായിരുന്നു. ഓണത്തെക്കുറിച്ചും പഴമക്കാര്‍ ഇങ്ങനെതന്നെയാണ് പറയുക; ഓണം പണ്ടായിരുന്നു കേമം.
ഓരോ കാലത്തും ഓരോന്നിനെക്കുറിച്ചുള്ള സങ്കല്പം മാറി വരാം. എന്നാല്‍ ഓണസങ്കല്പ്പങ്ങള്ക്ക് മാറ്റമില്ല. അവയുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കും വലിയ വ്യത്യാസമില്ല ഇന്നും. പക്ഷേ അതെങ്ങനെ ആഘോഷിക്കുന്നു എന്നതിലാണ് മാറ്റങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും തലങ്ങള്‍. ഇന്നത്തെ സൈബര്‍ യുഗത്തില്‍ ഓണാഘോഷങ്ങളും വല്ലാതെ മാറി. അപ്പോഴും ഒരുമയുടെയും സമൃദ്ധിയുടെയും ആഹ്ലാദത്തിന്റെയും പേരിലുള്ള മലയാളിയുടെ ദേശീയോത്സവം എന്ന നിലയില്‍ ഓണം കാലാതീതമാണ്.
ആഗോള മലയാളിയുടെ മനസൊരുമയാണ് ഓണം. എല്ലാ വ്യത്യാസങ്ങളും വലിപ്പ ചെറുപ്പങ്ങളും മറന്ന് മലയാളി ഒന്നാകുന്നത് ഈ കമ്പ്യൂട്ടര്‍ യുഗത്തിലും വലിയ നന്മയാണ്. മലയാളി ഒരുപക്ഷേ തനി കേരളീയനായി മാറുന്നത് ഓണം നാളില്‍ തന്നെ. വേഷത്തിലും ഭാഷയിലും ഭാവത്തിലും ഭക്ഷണത്തില്‍ പോലും മലയാളി അവനായി മാറുന്നു.
വലിയൊരു ത്യാഗത്തിന്റേയും സത്യസന്ധതയുടെയും വാക്കുപാലിക്കലിന്റെയും ഐതിഹ്യ പെരുമ നിറഞ്ഞ ഓണത്തിന്റെ പുരാവൃത്തങ്ങളില്‍ സമ്പല്സമൃദ്ധമായ ഒരു കാലത്തിന്റെ പൂവിളിയും ജനാധിപത്യത്തിന്റെ കാഹളവും നിറയുന്നുണ്ട്. ചിന്തയിലും പ്രവൃത്തിയിലും മറ്റെല്ലാ തലങ്ങളിലും തരത്തിലും പുതുലോകം പഴമയെ അട്ടിമറിക്കുമ്പോള്‍ ഓണമെന്ന പഴമയിലെ പുതുമയും കാമ്പും കാതലും ഇന്നും മലയാളി എന്നത്തെ പോലെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നു.
ഏത് ദരിദ്രനും പട്ടിണിയേയും കഷ്ടപ്പാടിനേയും അകറ്റി സ്വയം സമ്പന്നനാകാനുള്ള ഒരു പ്രചോദനമാണ് ഓണം. കെങ്കേമമായി ഓണം കൊണ്ടാടിയതിന് ശേഷമുള്ള നാളുകള്‍ ഒരു പക്ഷേ കടങ്ങളുടെയും ബാധ്യതകളുടെയും നീരാളിപ്പിടിത്തത്തില്‍ മലയാളിയെ അമര്ത്താമെങ്കിലും ഓണത്തിന് എല്ലാം മറന്ന് ആഹ്ലാദിക്കാനുള്ള കേരളീയന്റെ മനസിന് മുന്നില്‍ ഒരു ദിവസമെങ്കിലും ഇല്ല വല്ലായ്മകള്‍ വഴിതെറ്റി പോകുന്നു.
ഓണത്തിന്റെ തിക്കും തിരക്കും ജീവിതത്തില്‍ ഉണ്ടാകുന്ന സാര്‍ഥകമായ വേഗതയുടെ പര്യായമാണ്. നിത്യവും എന്തിനെന്നില്ലാതെ തിക്കിലും തിരക്കിലും പെടുന്ന നമുക്ക് ഓണമൊരുക്കാന്‍ വേണ്ടിയുള്ള ഉത്രാടപ്പാച്ചിലും മറ്റും നല്‍കുന്നത് വേഗതയുടെ ഉത്സവം കൂടിയാണ്. മരവിപ്പിന്റെ ഏകാന്തതയും നിരാശയുടെ നിശബ്ദതയും മറികടന്ന് ജീവിതത്തിലുണ്ടാകുന്ന ഇത്തരം ഉത്സാഹങ്ങള്‍ ഒരു പക്ഷേ ഓണത്തിന്റെ മാത്രം പ്രത്യേകതയാവാം.
ഓണ സങ്കല്പങ്ങള്ക്ക് എന്നും കുന്നും നിത്യയൗവനമാകുമ്പോഴും കാലാകാലങ്ങളില്‍ അതിന്റെ ആഘോഷങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നുണ്ട്. മിക്കവാറും ചെറുപ്പത്തിന്റെ കൈകളിലാണ് ഈ ആഘോഷത്തിമിര്‍പ്പ് കൂടുതല്‍. വ്യത്യസ്തമാകുന്നതിന്റെ പ്രതീകമായി കണ്ട് ഇഷ്ടപ്പെടുന്ന സിനിമകളുടെയും കാഴ്ചകളുടെയും പേരില്‍ പോലുമുള്ള വ്യക്തിപരമായ ഇഷ്ടങ്ങള്‍ ഈ ആഘോഷങ്ങളെയും ബാധിക്കുന്നുണ്ട്. അതുകൊണ്ടാവണം ഫയര്‍ ഫോഴ്സിന്റെ വാഹനങ്ങളിലും കൃഷിയിടങ്ങളിലെ ട്രാക്ടറുകളിലും മറ്റും മറ്റും അവര്‍ ഒന്നിച്ചും കൂട്ടായും യാത്ര ചെയ്തും ചെറുകുറുമ്പ് കാട്ടിയും തങ്ങളുടെ യൗവന തിമിര്‍പ്പ് തീര്‍ക്കുന്നത്.
ഒരു മഹത്തായ സങ്കല്പ്പത്തിന് ചുറ്റും ആഘോഷം കൊള്ളുമ്പോഴും അത് വകതിരിവിന്റെയും വിവേകത്തിന്റേയും അതിര്‍ത്തികളെ ലംഘിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: