കൊച്ചി: അഖിലേന്ത്യ എന്‍ട്രന്‍സ് ലിസ്റ്റില്‍ നിന്നുള്‍പ്പെടെ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള എം.ബി.ബി.എസ് പ്രവേശനം പാടില്ലെന്ന് ജസ്റ്റിസ് ജയിംസ് കമ്മറ്റി. നേരത്തെ ചില സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് 10% സീറ്റില്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇത്തരത്തില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള കുട്ടികളെ പ്രവേശിപ്പിക്കണമെങ്കില്‍ പ്രവേശന മേല്‍നോട്ട സമിതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ജയിംസ് കമ്മറ്റിയുടെ പുതിയ നിര്‍ദ്ദേശം.
മൂന്നു മെഡിക്കല്‍ കോളേജുകള്‍ക്കാണ് 10% സീറ്റില്‍ രാജ്യത്തെ ഏത്എന്ട്രന്സ് ലിസ്റ്റില്‍ നിന്നും കുട്ടികളെ എടുക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കിയത്. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട പി.കെ ദാസ്, ഡി.എം വയനാട്, മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജുകള്ക്കാണ്അനുമതി നല്‍കിയിരുന്നത്.സംസ്ഥാനത്തെ കുട്ടികള്‍ക്ക് അവസരം നിഷേധിക്കുന്നതിനും സീറ്റ് കച്ചവടത്തിനും ഇത് വഴിവയ്ക്കുമെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരും മെഡിക്കല്കോളേജുകളുമായുണ്ടാക്കിയ ധാരണയില്‍ ജെയിംസ് കമ്മറ്റി ഇടപെട്ടത്.
പ്രവേശനത്തിന് അനുമതി തേടി എത്തിയ കോളേജുകള്‍ക്ക് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള കുട്ടികളെ എടുക്കുന്നതിന് കമ്മറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 10% സീറ്റില്‍ അഖിലേന്ത്യാ മെഡിക്കല്‍ എന്ട്രന്സില് നിന്നുള്ള കുട്ടികളെ എടുക്കുന്നതിന് തടസ്സമില്ല.
എന്നാല്‍ മറ്റ് ലിസ്റ്റുകളില്‍ നിന്ന് പ്രവേശനം നടത്താന്‍ ജെയിംസ് കമ്മറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. പ്രവേശനത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഇവ റദ്ദാക്കുമെന്നും 3 മെഡിക്കല്‍കോളേജുകള്‍ക്കും കമ്മറ്റി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: