രാഷ്ട്രീയ നേതാക്കള്‍ക്ക് അഭിനയിച്ചേ പറ്റൂ എന്ന് ചില വിശ്വാസങ്ങളുണ്ട്. നേതാക്കളായ ശേഷം സിനിമയില്‍ അഭിനയിച്ചവരുണ്ട്. സിനിമയില്‍ അഭിനയിച്ച്നേതാക്കളായവരുമുണ്ട്. പക്ഷേ, ഒരു സംശയമുണ്ട്, നേതാക്കള്‍ക്ക് അഭിനയം കൂടിയേ തീരൂ എന്നുണ്ടോ.
വേണ്ടിവരും, വ്യക്തിജീവിതവും രഷ്ട്രീയ ജീവിതവും വെവ്വേറെയായാല്‍ ചിലര്‍ക്ക് അഭിനയിക്കേണ്ടി വരും. പിടിച്ചു നില്ക്കാന് അതേയുള്ളൂ വഴി. പ്രസംഗവും പ്രവൃത്തിയും തമ്മില്‍ അന്തരം കൂടുന്തോറും അഭിനയം വളരെ അത്യാവശ്യവുമാകും. പക്ഷേ ചിലരുണ്ട്, അവര്‍ ജന്മനാ നേതാക്കളാണ്. അവര്‍ മാതൃകകളാണ്. അതുകൊണ്ടുതന്നെ അവരെ അനുകരിയ്ക്കാനും അനുസരിയ്ക്കാനും അനുഗമിയ്ക്കാനും ആളുകള്‍ സ്വയം തയ്യാറാകും. അത്തരക്കാര്‍ക്ക് ആരേയും ആകര്‍ഷിക്കാന്‍ അഭിനയിക്കേണ്ടി വരുകയേ ഇല്ല.
തെരഞ്ഞെടുപ്പ് ആകുമ്പോഴാണ് പലര്‍ക്കും അഭിനയം മൂക്കുന്നത്. ചിലര്‍ ചിരിക്കാന്‍ തുടങ്ങും. അതുവരെയുണ്ടായിരുന്ന ക്രൂര ദ്രംഷ്ടകള്‍ അകത്തേയ്ക്ക് വലിയ്ക്കും. ചിരിയ്ക്കാന്‍ ശ്രമിക്കും. പക്ഷേ, ഡാവിഞ്ചി വരച്ച മൊണാലിസയുടെ ചിത്രം പോലെ, ചിരിയ്ക്കുകയാണോ കരയുകയാണോ എന്നു സംശയവും ജനിയ്ക്കാം പലര്‍ക്കും. ചിലര്‍ കൂടുതല്‍ ഭവ്യത കാണിയ്ക്കും. അവര്‍ വഴിയില്‍ കാണുമ്പോള്‍ പരിചയം ഭാവിയ്ക്കും. നിലത്തു നില്ക്കുന്ന കുട്ടികളെ എടുക്കും, കുശലം ചോദിയ്ക്കും, താലോലിക്കും. പക്ഷേ, അതിലെല്ലാം ഒരു കൃത്രിമത്വം കാണും, അത് കാണികള്‍ക്ക് ബോധിയ്ക്കും, അത് അരോചകമാകും. അഭിനേതാവിന്റെ കപടലക്ഷ്യം തെളിയും, പൊളിയും. എന്നാല്‍ ഒരാള്‍ക്ക് ജീവിതശീലം തന്നെ ജനകീയമാണെങ്കില് പൊതുജീവിതത്തില്‍ വേറിട്ടൊരു രീതി പഠിച്ച് അഭിനയിക്കേണ്ടി വരില്ല.
രാഷ്ട്രീയക്കാരുടെ അഭിനയ പാടവം കണ്ടെത്താനുള്ള അവസരമാണിപ്പോള്‍. വിവിധ നേതാക്കള്‍ നടത്തുന്ന രാഷ്ട്രീയ പ്രചാരണ യാത്രകള്‍ നോക്കിയാല്‍ മതി. ‘നിങ്ങളെന്തിനാ എന്റെ ബോഡി ലാംഗ്വേജ് നോക്കുന്നതെന്ന്’ ചോദിച്ച് മാധ്യമ പ്രവര്‍ത്തകരെ വിരട്ടിയ നേതാവ് ‘ഇതാ ഞാന്‍ ചിരിക്കുന്നത് നോക്കൂ’ എന്ന് ക്ഷണിച്ചാകര്ഷിക്കുന്നു. ഞാനിപ്പോഴും യുവനേതാവ് തന്നെയെന്ന് തെളിയിക്കാന്‍ പാഴ്ശ്രമം നടത്തി ജനരക്ഷകനായി മറ്റ്ചില നേതാക്കള്‍ അഭിനയിക്കുന്നു. വേറെയുമുണ്ട് അത്തരം യാത്രക്കാര്‍. സ്വയം ഉറങ്ങിക്കഴിയുന്നവര് ഉണര്‍ന്ന് ജാഥ നടത്തുന്നു. പേരില്‍ പോലും മത വര്‍ഗീയ അടയാളങ്ങള്‍ ഉള്ളവര്‍ മതേതരത്വവും മതസൗഹാര്‍ദ്ദവും അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിനിടയിലാണ് ജീവിതം വ്യക്തിപരം, സാമൂഹികം എന്ന് രണ്ടല്ല എന്ന് തെളിയിച്ചുകൊണ്ട് വിമോചന യാത്രക്കാരന് കുമ്മനം വേറിട്ട് നില്‍ക്കുന്നത്.
കുമ്മനം രാജശേഖരന് വിമോചനയാത്രയ്ക്ക് വേണ്ടി പ്രത്യേകം ചിരിയ്ക്കേണ്ടി വന്നിട്ടില്ല; ആ നിഷ്കളങ്കമായ ചിരി മുഖത്ത് എപ്പോഴുമുണ്ട്. പണ്ഡിതരേയും വന്ദ്യരേയും ബഹുമാനിയ്ക്കാന്‍ കായികാഭ്യാസം വേണ്ടിവന്നിട്ടില്ല; മാന്യരെ ബഹുമാനിയ്ക്കുന്നത് അദ്ദേഹത്തിന് ശീലമാണ്. ഗുരു ചേമഞ്ചേരിയെ കാണുമ്പോള്‍ നമിക്കുന്നത് അഭിനയമല്ല, ശീലം തന്നെയാണ്. എതിര് കക്ഷികളുടെ ആക്രമണത്തില്‍ മകന് നഷ്ടപ്പെട്ട രക്ഷിതാക്കളെ മാറോട് ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ അവിടെ ഫോട്ടോഗ്രാഫര്‍ ഉണ്ടോയെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കാറില്ല; അതിനു പ്രത്യേകം ഭാവാഭിനയം നടത്താറില്ല. അംഗപരിമിതരെയും അന്യശരണമില്ലാത്തവരെയും ആശ്വസിപ്പിക്കുമ്പോള്‍ അത് വിമോചനയാത്രയുടെ ഉപപരിപാടിമാത്രമല്ല കുമ്മനത്തിന്. അന്യശരണമില്ലാത്തവരെ സംരക്ഷിക്കുന്ന ഒട്ടേറെ ബാലസദനങ്ങളുടെ ചുമതല ഏറെനാള്‍ വഹിച്ച് അവരെ ശ്രുശ്രൂഷിച്ച അനുഭവ പരിചയം കുമ്മനത്തിനുണ്ട്! അതെ അതെല്ലാം അദ്ദേഹത്തിന് അത് ശീലമാണ്, അഭിനയമല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച, കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛഭാരത പദ്ധതിയുടെ ഭാഗമായി ശുചിത്വ കേരളം നടപ്പാക്കാന്‍ ബിജെപി തീരുമാനിച്ചു പ്രഖ്യാപിച്ചു. അതിന്റെ തുടക്കം കുറിച്ച് കോഴിക്കോട്ട് വടകരയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ ഓട വൃത്തിയാക്കുകയും മാലിന്യം നീക്കുകയും ചെയ്യുമ്പോള്‍ അത് ഫോട്ടോയ്ക്കുള്ള അവസരമാക്കി കണക്കിലെടുക്കുകയല്ല ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മുട്ടുവരെ നീളുന്ന റബ്ബര്‍ ഷൂവും കൈമുട്ടു മറയുന്ന ലാറ്റക്സ് ഗ്ലൗസും ഇട്ട് ചിലര്‍ നടത്തിയ ശുചീകരണാഭിനയമായിരുന്നില്ല കുമ്മനത്തിന്റേത്. ഇപ്പോഴും സ്വന്തം വസ്ത്രം സ്വയം കഴുകുന്ന, താമസിക്കുന്നിടത്തെ കുളിമുറിയും കക്കൂസും സ്വയം വൃത്തിയാക്കുന്ന നിത്യജീവിത ശൈലിക്കാരനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ കൃത്രിമമില്ലാത്ത പ്രവൃത്തിയാണ് ഈ നേതാവിന്റേതെന്ന് ഉറപ്പിച്ചു പറയാനാവും, ഉറക്കെ പറയാനാവും. അതുകൊണ്ടു തന്നെയാണ്, അനുയായികള്‍ ഇത്രയേറെ; അനുഭാവികള്‍ ഇത്രയേറെ; അനുചരന്മാര് ഇത്രയേറെ.
”ഈ വിമോചനന നേതാവ് അഭിനയിക്കുകയല്ല അനുഭവിപ്പിക്കുകയാണ്,” ഒരു മാധ്യമപ്രവര്ത്തകന് അഭിപ്രായപ്പെട്ടു. സ്വന്തം രാഷ്ട്രീയ വിശ്വാസത്തിന് ഒരുകുമ്മനംചായ്വ് ഉണ്ടായിവരുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം തുടര്‍ന്ന് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: