തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ പട്ടിണി സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ദുരിതബാധിതരുടെ കണക്കുകള്‍ സംബന്ധിച്ച ആശയക്കുഴപ്പമാണ് കാരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവവും തടസമായി. അടുത്തമാസം മൂന്നിനു വിണ്ടും ചര്‍ച്ച നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, മന്ത്രി കെ.പി. മോഹനന്, വി.ശിവന്‍കുട്ടി എംഎല്‍എ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്നു കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ യോഗം ചേരുന്നുണ്ട്. പ്രശ്നങ്ങള്‍ അവിടെ അവതരിപ്പിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. മന്ത്രി കെ.പി. മോഹനനും ര്‍ച്ചയില്‍ പങ്കെടുക്കും. എന്നാല്‍, ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നു സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഇടപെട്ടതിനെത്തുടര്‍ന്നാണു ചര്‍ച്ചയ്ക്കു മുഖ്യമന്ത്രി തയ്യാറായത്. സര്‍ക്കാര്‍ ധനസഹായത്തിന്റെ ഒരുഗഡു പോലും ലഭിക്കാത്തവരും സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മിഷന് 2010 ഡിസംബറില്‍ ശുപാര്‍ശ ചെയ്ത അടിയന്തര സഹായം എത്രയും പെട്ടെന്നു നല്‍കുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പിലാക്കുക, ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തളളി ബാങ്ക് ജപ്തിയില്‍ നിന്നു രക്ഷിക്കുക, പതിനൊന്നു പഞ്ചായത്തുകള്‍ക്കു പുറത്തു നിന്നുളള ദുരിതബാധിതരെയും പട്ടികയില്‍പ്പെടുത്തുക, ബഡ്സ് സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, വര്‍ഷത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി രോഗികളായവരെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പട്ടിണി സമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: