ഒളിമ്പിക്സ് സ്വപ്നം നെഞ്ചേറ്റിയാണ് തന്റെ ആദ്യ ദേശീയ സ്കൂള്‍ മീറ്റിനായി പുല്ലൂരാംപാറ സെന്റ് ജോര്‍ജ് എച്ച്എസിലെ ലിസ്ബത്ത് കരോലിന് ജോസഫ് കോഴിക്കോടേക്ക് വണ്ടി കയറിയത്. ആദ്യ മത്സരം കഴിഞ്ഞതോടെ തന്നെ ഒളിമ്പിക്സിലേക്കുള്ള തന്റെ ദൂരം കുറഞ്ഞുവരികയാണെന്ന് ഈ കൊച്ചു മിടുക്കി തെളിയിച്ചു.
കഴിഞ്ഞ ദിവസം ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ പൊന്നണിഞ്ഞ ലിസ്ബത്ത് ഇന്ന് രാവിലെ നടന്ന ഹൈജമ്പിലും സ്വര്‍ണ്ണം മാറോടു ചേര്‍ത്തു. 1.65 മീറ്റര്‍ ഉയരം ഉയര്‍ന്നുപൊങ്ങിയാണ് ലിസ്ബത്ത് തന്റെ ആദ്യ ദേശീയ മീറ്റിലെ രണ്ടാം സ്വര്‍ണ്ണം നെഞ്ചിലേറ്റിയത്. സംസ്ഥാന സ്കൂള്‍ മീറ്റിലെ റെക്കോര്‍ഡ് മറികടന്നാണ് ലിസ്ബത്ത് ഹൈജമ്പില്‍ പൊന്നണിഞ്ഞത്.
2013-ല്‍ ഡൈബി സെബാസ്റ്റ്യന്‍ സ്ഥാപിച്ച 1.64 മീറ്ററിന്റെ റെക്കോര്‍ഡാണ് ലിസ്ബത്തിന്റെ കുതിപ്പില്‍ മാഞ്ഞുപോയത്. 1.60 മീറ്ററായിരുന്നു സംസ്ഥാന സ്കൂള്‍ മീറ്റില്‍ സ്വര്‍ണ്ണം നേടാനായി ലിസ്ബത്ത് താണ്ടിയിരുന്നത്. നാളെ ട്രിപ്പിള്‍ജമ്പിലും പൊന്നണിഞ്ഞ് ട്രിപ്പിള്‍ സ്വര്‍ണ്ണം നേടി മീറ്റ് തന്റേതാക്കാനുള്ള ശ്രമത്തിലാണ് ലിസ്ബത്ത് കരോലിന്. കഴിഞ്ഞ ദിവസം 5.52 മീറ്റര്‍ ചാടിയായിരുന്നു ലിസ്ബത്ത് ലോങ്ജമ്പില്‍ പൊന്നണിഞ്ഞത്. 5.53മീറ്റര്‍ ചാടിയായിരുന്നു ഇതേ ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍ ലോങ്ജമ്പില്‍ ഈ കൊച്ചുമിടുക്കി താണ്ടിയത്.
സംസ്ഥാന മീറ്റില്‍ ഒരു സ്വര്‍ണ്ണം നേടാന്‍ തന്റെ നാലാമൂഴം വരെ കാത്തിരിക്കേണ്ടിവന്നെങ്കിലും ദേശീയ സ്കൂള്‍ മീറ്റില്‍ ആദ്യ അവസരത്തില്‍ തന്നെ രണ്ട് തവണ പൊന്നണിഞ്ഞതിന്റെ സന്തോഷം ലിസ്ബത്ത് മറച്ചുവച്ചില്ല. കഴിഞ്ഞ നവംബറില്‍ റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ലിസ്ബത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. ഹൈജമ്പില്‍ സ്വര്‍ണ്ണവും ലോങ്ജമ്പില്‍ വെങ്കലവുമായാണ് താരം റാഞ്ചിയില്‍ നിന്നു മടങ്ങിയത്. റാഞ്ചി മീറ്റില്‍ കേരളത്തിന് ആദ്യത്തെ സ്വര്‍ണം സമ്മാനിച്ചതും ലിസ്ബത്തായിരുന്നു.
കഴിഞ്ഞ സംസ്ഥാന മീറ്റില്‍ ട്രിപ്പിള്‍ ജംപില്‍ വെങ്കലം നേടിയ താരം 2013-ലെ മീറ്റില്‍ ഇതേയിനത്തില്‍ വെള്ളിയും കൈക്കലാക്കിയിരുന്നു. മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ ടോമി ചെറിയാന് ലിസ്ബത്തിന്റെ പരിശീലകന്. ദേശീയ തലത്തില്‍ കേരളത്തിനായി നേട്ടങ്ങള്‍ കൊയ്യാനുള്ള മിടുക്ക് ലിസ്ബത്തിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തേ കോഴിക്കോട് കൂടത്തായി എച്ച്എസ്എസിലെ പരിശീകനായിരുന്ന സിബിയാണ് ലിസ്ബത്തിലെ പ്രതിഭയെ കണ്ടെത്തിയത്. കൂടുതല്‍ മികച്ച പരിശീലനത്തിനായി ആറാം ക്ലാസില്‍ പഠിക്കവെ താരത്തോട് പുല്ലൂരാംപാറയിലേക്ക് മാറാന്‍ സിബി നിര്‍ദ്ദേശിക്കുകയായിരുന്നു.
കഴിഞ്ഞ നാലുവര്‍ഷമായി ടോമി ചെറിയാനു കീഴില്‍ പരിശീലനം നടത്തുന്ന ലിസ്ബത്ത് പുല്ലൂരാംപാറ കൊല്ലിത്താനം വീട്ടില്‍ സജി അബ്രഹാം-ലെന്‍സി സജി ദമ്പതികളുടെ മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: