2014 -ലെ ഏറ്റവും വലിയ സംഭവം മുപ്പതു വര്‍ഷത്തിനുള്ളില്‍ ഒറ്റക്കൊരു കക്ഷിക്ക് ഭൂരിപക്ഷം നല്കി ഭാരതീയ ജനത ജനാധിപത്യ സംവിധാനത്തില്‍ പക്വത നേടിയതായി തെളിയിച്ച ലോകസഭ തെരഞ്ഞെടുപ്പായിരുന്നു. 2015 നവംബര്‍ മാസം കേരളത്തില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പും ഏറെ കുറെ ഒരു ചരിത്രമായി മാറി.
ഇ വര്‍ഷം സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പിലും ഇരു മുന്നണികളെയും ഞെട്ടിച്ചുകൊണ്ട് ബിജെപി ശ്രേദ്ധയമായ വിജയം നേടുമെന്ന കാര്യത്തില്‍ സംശയമില്ല. ആ അങ്കലാപ്പിലാണ് മുന്നണികള്‍ ബിജെപിക്കെതിരെയും നരേന്ദ്രമോദിക്കെതിരെയും ഉയര്‍ത്തുന്ന അസഹിഷ്ണുതാവാദം.
ഒരു നഗരസഭയില്‍ മാത്രമേ ബിജെപിയ്ക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞുള്ളൂ എന്നതാണ് ഇവര്‍ പറയുന്ന ന്യായീകരണം, എന്നാല്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും മാറി മാറി ഭരിച്ച നഗരസഭയാണ് ബിജെപി ഒറ്റയ്ക്ക് ഇരുവരെയും മലര്‍ത്തിയടിച്ച് അധികാരത്തിലേറിയത്. ഇതിനു സമാനമാണ് തിരുവനന്തപുരം കോര്‍പ്പറേഷനും. കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്താക്കി ബിജെപി ഇവിടെ രണ്ടാം സ്ഥാനത്ത് എത്തി. ബിജെപിയും ഇടതുമുന്നണിയും തമ്മിലുള്ള സീറ്റ് വ്യത്യാസം കേവലം പത്തില്‍ താഴെയാണ്.
കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുമ്പോള്‍ ബിജെപി ക്ക് അനുകൂലമായ കാലാവസ്ഥയാണ് രൂപപ്പെട്ടുവരുന്നത്. നരേന്ദ്രമോദി ഗവണ്മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഈ നാട്ടിലെ പാവപ്പെട്ടവരെ ലക്ഷ്യം വെച്ച് നടപ്പിലാക്കിയ സാമൂഹിക സുരക്ഷാ പദ്ധതികള്‍, കര്‍ഷകരെയും പട്ടിണിക്കാരെയും സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍, അസംഘടിത മേഖലയിലെ നിരാലംബരായ ജനങ്ങള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തുമ്പോള്‍ തീര്‍ച്ചയായും ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാന്‍ കേരളത്തിലെ പൊതുസമൂഹം തയ്യാറാകും.
ഏറ്റവും പ്രധാനമായ കാര്യം ഓരോ ഭാരതീയനും ഭാരതത്തിനകത്തായാലും പുറത്തായാലും തലയുയര്‍ത്തി നില്ക്കാവുന്ന അന്തരീക്ഷം മോദി സര്‍ക്കാര്‍ സൃഷ്ടിച്ചു എന്നതാണ്. ജനങ്ങളുടെ ക്ഷേമം, ജനതയുടെയും രാഷ്ട്രത്തിന്റെയും സുരക്ഷ, രാഷ്ട്രത്തിന്റെയും വ്യക്തിയുടെയും അന്തസ് എന്നിവ ഇത്രമേല്‍ ഉയര്‍ന്ന കാലം ഉണ്ടായിട്ടില്ലെന്ന് തീര്‍ത്തു പറയാം.
ജനക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ ഷെല്ഫുകളില് പൊടിതട്ടിക്കിടക്കാതെ സര്‍ക്കാര്‍ കാര്യക്ഷമമാക്കുകയും ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു എന്നത് മറ്റൊരു നേട്ടമാണ്. ഇതിനകം ജനകീയ ആവേശമായി മാറിയ ജന്‍ ധന് യോജന, ബേട്ടി ബചാവോ ബേട്ടി പഠാവോ, സ്കില്‍ ഇന്ത്യ, സ്വച്ഛഭാരത് അഭിയാന്, നമാമി ഗംഗാ മിഷന്, അടല്‍ പെന്ഷന് യോജന, ചെറുകിട സംരംഭകര്‍ക്ക് ഈടില്ലാതെ വായ്പാ സംവിധാനമുള്ള മുദ്രാ ബാങ്ക്, മെയ്ക്ക് ഇന്‍ ഇന്ത്യാ, കിസാന്‍ ടിവി എന്നിവ ഇവയില്‍ ചിലതുമാത്രമാണ്.
ദേശീയ തലത്തില്‍ ഒരു വമ്പന്‍ കുതിച്ചുകയറ്റം നടത്തുമ്പോള്‍ അതനുസരിച്ച് കേരളസംസ്ഥാനവും ചുവടുവെയ്ക്കേണ്ടതാണ്. ദേശീയ പാത, ജലഗതാഗതം, തുറമുഖ വികസനം, റെയില്‍വേ തുടങ്ങിയ മേഖലകളില്‍ എത്ര കോടി രൂപയുടെ നിക്ഷേപത്തിനും തയ്യാറായി കേന്ദ്രം നില്‍ക്കുമ്പോഴും കേരളം അടിസ്ഥാന വികസനത്തിനായി സ്ഥലമേറ്റെടുത്തു നല്കുന്നതു പോലുള്ള പ്രാഥമിക കാര്യങ്ങളില്‍വരെ രാഷ്ട്രീയം കളിക്കുകയാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചര്ച്ചയാവുന്നതുപോലെ സംസ്ഥാനം നേരിടുന്ന വികസന മുരടിപ്പും പൊതു സമൂഹത്തിലെ അഴിമതിയും , ഒത്തുതീര്‍പ്പ് രാഷ്ട്രീയവും ചര്‍ച്ചയാവും.
ഇരുമുന്നണികളുടെയും ന്യൂനപക്ഷ പ്രീണനം ഭൂരിപക്ഷ വിഭാഗത്തെ ഇരുത്തി ചിന്തിപ്പിച്ചു തുടങ്ങിയിരിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ അവരുടെ വികാരം തീര്‍ച്ചയായും പ്രതിഫലിക്കും. എയ്ഡഡ് മാനേജ്മെന്റ് സ്കൂളുകള്‍, മെഡിക്കല്‍ എഞ്ചിനീയറിങ്, പാരാമെഡിക്കല്‍ മറ്റു പ്രഫഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷവും ന്യൂനപക്ഷം കൈവശപ്പെടുത്തിയിരിക്കുകയാണ്. ആരോഗ്യ, വ്യവസായ, ഐടി മേഖലകളില്‍ ഭൂരിപക്ഷ പുറം തള്ളപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ഭൂരഹിതരുടെയും പുതിയൊരു സമരമുന്നണി ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഉയര്‍ന്നു വരികയാണ്.
തീവ്രവാദ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം ഇരുമുന്നണികള്‍ക്കുമുണ്ട്. പിഡിപി, ജമാഅത്ത് ഇസ്ലാമി, എസ്ഡിപിഐ,തുടങ്ങിയ സംഘടനകളെ മുന്നണികള്‍ വഴിവിട്ടു സഹായിക്കുകയാണ്. ഇതിന്റെ തെളിവുകള്‍ എത്രവേണമെങ്കിലും നിരത്താന്‍ കഴിയും.
ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാനുള്ള യത്നത്തിലാണ് ബിജെപി. പതിറ്റാണ്ടുകളായി ജനങ്ങളുടെ മേല്‍ അടിച്ചേല്പിച്ച അടവുനയങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: