‘ഐഎസ്'(ഇസ്ലാമിക് സ്റ്റേറ്റ്) കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ട് അധിക കാലമൊന്നുമായില്ല. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തെ കാര്‍ന്ന് തിന്നുന്ന കാന്‍സറായി ഈ ഭീകരസംഘടന മാറി കഴിഞ്ഞു. ആദ്യം അല്‍ഖ്വയ്ദയായും പിന്നീട് ഇസ്ലമിക് സ്റ്റേറ്റ് ഓഫ് ഇറാഖായും അതിന് ശേഷം ഇസ്ലമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയായും സംഘടന രൂപാന്തരപ്പെട്ടു. അബൂബക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായി സ്വയം അവരോധിക്കപ്പെട്ടതിന് ശേഷമാണ് യാതൊരു വിധത്തിലുള്ള അതിരുകളുമില്ലാതെ ഇപ്പോഴത്തെ ഇസ്ലാമിക് സ്റ്റേറ്റായി പ്രഖ്യാപിക്കപ്പെട്ടത്.
സിറിയന്‍ ആഭ്യന്തര കലാപവും ഇറാഖ്, പാരീസ് ആക്രമണങ്ങളും ഐഎസ് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയപ്പോള്‍ നിരവധി മുസ്ലീം യുവാക്കള്‍ ഈ സംഘടനയിലേക്ക് ചേരുകയുണ്ടായി. ഭാരതത്തില്‍ നിന്നു പോലും ഐഎസ് ബന്ധങ്ങള്‍ ഉടലെടുത്തു. ആഗോളതലത്തില്‍ മുസ്ലീം അധിപത്യം ലക്ഷ്യമാക്കി നിരവധി നിരപരാധികളെ കൊന്നൊടുക്കുകയും ആക്രമണങ്ങള്‍ അഴിച്ചു വിടുകയുമാണ്. സമൂഹത്തെ സാക്ഷികളാക്കിയാണ് പല കൂട്ടകുരുതികളും അരാജകത്വങ്ങളും ഇവര്‍ നടത്താറ്. പിന്നീട് ഈ ക്രൂരതകള്‍ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചു അവര്‍ തങ്ങളുടെ പൈശാചിക ശക്തി വെളിവാക്കുന്നു.
അരാജകത്വത്തിന് പുറമെ സമ്പത്തിലൂടെയും
അരാജകത്വത്തിലൂടെ വളര്‍ന്ന സംഘടന ഇപ്പോള്‍ സമ്പത്തിലൂടെയും ശക്തി പ്രാപിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം സമ്പത്തുള്ള ഭീകരസംഘടനയാണ് ഇപ്പോള്‍ ഐഎസ് എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എണ്ണ വ്യാപാരത്തിലൂടെയടക്കം 50 കോടി ഡോളറാണ് ഇപ്പോള്‍ ഐഎസിന്റെ ഏകദേശ സമ്പത്ത്. ലോകത്താകമാനം 34 ഭീകരസംഘടനകള്‍ ഐഎസുമായി സഖ്യം ചേര്‍ന്നതായും ബാന്‍ കി മൂണ്‍ പറഞ്ഞു. ഇതാകട്ടെ കഴിഞ്ഞവര്‍ഷം ഡിസംബര്‍ പകുതി വരെയുള്ള കണക്കും. ഈ വര്‍ഷം ഐഎസുമായി സഖ്യം ചേരുന്ന സംഘടനകളുടെ എണ്ണം വര്‍ധിക്കുമെന്നും ബാന്‍ കി മൂണ്‍ മുന്നറിയിപ്പ് നല്കുന്നു.
ആഫ്രിക്ക, പശ്ചിമേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ഐഎസ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 18 മാസങ്ങള്‍ക്കിടെ ശക്തി പ്രാപിച്ചിട്ടുണ്ട്. ഐഎസുമായി ചേര്‍ന്നിട്ടുള്ള സംഘടനകളുടെ ആക്രമണം നേരിടാന്‍ ജാഗ്രത പാലിക്കാനും യുഎന്‍ സെക്രട്ടറി ജനറല്‍ അംഗരാജ്യങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഫിലിപ്പീന്‍സ്, ഉസ്ബക്കിസ്ഥാന്, പാക്കിസ്ഥാന്, ലിബിയ, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സംഘടനകളാണ് ഐഎസുമായി കൂട്ടുചേര്‍ന്നവരില്‍ പ്രധാനികളെന്നും ബാന്‍ കി മൂണ്‍ ചൂണ്ടിക്കാട്ടുന്നു.
എണ്ണവ്യാപാരത്തിന് പുറമേ അനധികൃത ആയുധ വ്യാപാരവും ഐഎസിന്റെ പ്രധാന സാമ്പത്തിക ശ്രോതസ്സാണ്. അമേരിക്ക, റഷ്യ, ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിര്‍മിച്ച ആധുനിക യുദ്ധോപകരണങ്ങളാണ് ഐഎസ് ഉപയോഗിക്കുന്നതെന്ന് നേരത്തെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പ്രതിപാദിച്ചിരുന്നു.
റഷ്യന്‍ നിര്‍മിത എകെ, യുഎസ് എം 16, ചൈനീസ് സിക്യു റൈഫിള്‍, യുഎസ് നിര്‍മിത ബുഷ്മാസ്റ്റര് എക്സ്15എ2എസ്, റഷ്യന്‍ എസ്കെഎസ്, എവിഡി സെമിഓട്ടോമാറ്റിക് റൈഫിള്‍, എം1എ1 യുദ്ധ ടാങ്കുകള്‍ അടക്കം അത്യാധുനിക ആയുധങ്ങള്‍ ഐഎസിന്റെ കൈവശമുണ്ട്.
പല ലോക രാജ്യങ്ങളും ഐഎസ് നിയന്ത്രണ മേഖലകളില്‍ നിന്നും അസംസ്കൃത എണ്ണ വാങ്ങുന്നുണ്ട്. എണ്ണയ്ക്കു പകരം ആയുധങ്ങള്‍ എന്ന രീതിയിലാണ് ഇടപാടുകള്‍ നടക്കുന്നത്. വിദേശ രാജ്യങ്ങളുമായി ഇറാഖ് നടത്തുന്ന അനധികൃത ആയുധ വ്യാപാരമാണ് ഐഎസിന് ആയുധങ്ങള്‍ ലഭിക്കാന്‍ മറ്റൊരു കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സദ്ദാം ഹുസൈനു ശേഷം നിലവില്‍ വന്ന ഇറാഖ് സര്‍ക്കാര്‍ ആയുധ വ്യാപാര രംഗത്ത് നടത്തിയ അഴിമതി ഐഎസിന് സഹായകമായി. എണ്ണയ്ക്കു പകരം ഇറാഖ് സ്വന്തമാക്കിയ ആയുധങ്ങളാണ് ഐഎസ് പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പലപ്പോഴായി 34 രാജ്യങ്ങളാണ് ഇറാഖിന് ആയുധങ്ങള്‍ നല്‍കിയത്. ഇതില്‍ കൂടുതലും യുഎസ്,നാറ്റോ എജന്റുമാരാണ് വിതരണം ചെയ്തത്. ഇവയെല്ലാം ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് കൈക്കലാക്കിയിട്ടുണ്ട്.
ഇറാഖിലെ ആയുധ സംഭരണ ശാലകളില്‍ ഐഎസ് നടത്തിയ ആക്രമണത്തിലൂടെയാണ് ആയുധങ്ങള്‍ സ്വന്തമാക്കിയത്. അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളില്‍ നിന്ന് ഇറാഖ് വാങ്ങിയ ആയുധങ്ങളാണ് കവര്‍ച്ച നടത്തിയത്. ഇറാഖിലേക്കുള്ള ആയുധ വ്യാപാരത്തിന് ശക്തമായ നിയന്ത്രണങ്ങള്‍ ഇല്ലാത്തതാണ് ഐഎസിന് ആയുധങ്ങള്‍ ലഭിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പ്രവാസി മലയാളികളെ വലവീശാന്‍ ശ്രമം
അറബ് രാജ്യങ്ങളില്‍ പണിയെടുക്കുന്ന പ്രവാസികളായ മലയാളികളേയും വലവീശി തങ്ങളുടെ തട്ടകങ്ങളിലേക്ക് കൊണ്ട് വരാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന ശ്രമം നടത്തുന്നുണ്ട്. പ്രധാനമായും സൗദി, ബഹ്റിന് തുടങ്ങിയ രാജ്യങ്ങളിലാണ് ഈ പ്രവണത. ഫോണ്‍ വഴിയുള്ള തെറ്റായ സന്ദേശങ്ങളിലൂടെ ആദ്യം പരിചയപ്പെടുകയാണ് ചെയ്യുന്നത്. ഇതിനായി ലോട്ടറി അടിച്ചതായോ മറ്റു സമ്മാനങ്ങള്‍ ലഭിച്ചതായി അറിയിച്ചു കൊണ്ടോ ആയിരിക്കും സന്ദേശം. പിന്നാലെ ഈ വിവരങ്ങള്‍ കൈമാറുന്നതിനായി ഇ-മെയില്‍ വിലാസം ആവശ്യമാണെന്ന് സന്ദേശം നല്‍കും. ഇത്തരത്തില്‍ താമസിക്കുന്ന സ്ഥലം, ജോലി സ്ഥലം എന്നിവയും ഇവര്‍ പ്രവാസികളില്‍ നിന്ന് തട്ടിയെടുക്കുന്നെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: