വാനരന്മാരുടെ സംഭാഷണവും നീക്കങ്ങളും ശ്രദ്ധിച്ചുകൊണ്ട് മഹേന്ദ്രപര്വതത്തിലെ ഗുഹയില്‍ ഇരുന്ന ഒരു വലിയ ഗൃധ്രം (കഴുകന്)മെല്ലെ സഞ്ചരിച്ച് അവിടെയെത്തി. അതിന് ചിറകുകളില്ലായിരുന്നു. ഭീമാകാരനും വൃദ്ധനുമായ സമ്പാതിയായിരുന്നു അത്. അവന് മെല്ലെ പറയാന്‍ തുടങ്ങി. ”ദൈവം എത്ര കരുണയുള്ളവനാണ്. ചിറകില്ലാത്ത ഞാന്‍ പട്ടിണികിടന്ന് മരിക്കാതിരിക്കാന്‍ ആവശ്യംപോലെ ഭക്ഷണം എത്തിച്ചിരിക്കുന്നു. ഇവര്‍ ചാകാന്‍ കിടക്കുകയാണ്. ചാകുന്ന ചാകുന്ന കുരങ്ങന്മാരെ തിന്നാം. കുറെ നാളത്തേക്കു കുശാല്‍.” വാനരന്മാര് ഇതുകേട്ടു. അവര്‍ തങ്ങളില്‍ തങ്ങളില്‍ പറയാന്‍ തുടങ്ങി. ” ഈ കഴുകന് നമ്മെയെല്ലാം കൊന്നുതിന്നും. നാം ഇറങ്ങിത്തിരിച്ചിട്ട് രാമന്റെ കാര്യത്തിന് ഒന്നും ചെയ്യാനും പറ്റിയില്ല. സുഗ്രീവന്റെ കാര്യവും നടന്നില്ല. ഇവന്റെ കൈകൊണ്ട് കൊല്ലപ്പെട്ട് യമലോകം പ്രാപിക്കാനാണു വഴി. ആ ജടായു എത്ര ധന്യനാണ്. ശ്രീരാമനുവേണ്ടി മരിച്ച് മോക്ഷം പ്രാപിച്ചു. ഭാഗ്യവാന്!”
വാനരന്മാരുടെ സംഭാഷണം കേട്ട് സമ്പാതി അത്ഭുതപ്പെട്ടു. താല്പര്യത്തോടെ ചോദിച്ചു. ”ഹേ കപിശ്രേഷ്ഠരേ, നിങ്ങളാരാണ്? ഭയപ്പെടാതെ അടുത്തുവരൂ. ജടായുവെന്നു പറയുന്നതുകേട്ടല്ലോ. എല്ലാം എന്നോടു പറയൂ.”
ഇതുകേട്ട് അംഗദന് സമ്പാതിയുടെ അടുത്തുചെന്ന് ശ്രീരാമനും ലക്ഷ്മണനും സീതയും ദണ്ഡകാരണ്യത്തില്‍ വസിച്ചിരുന്നതും ദുഷ്ടനായ രാവണന് രാമലക്ഷ്മണന്മാരെ അകറ്റി സീതയെ അപഹരിച്ചതും വിശദീകരിച്ചു പറഞ്ഞു. അവരുടെ സഹായിയായിരുന്ന ജടായു രാവണനെതടഞ്ഞ് യുദ്ധം ചെയ്തു. സീതയെ കൊണ്ടുപോയ രാവണന്റെ രഥം തകര്‍ത്തു. രാവണന് ചന്ദ്രഹാസം കൊണ്ട് ജടായുവിന്റെ ചിറകുകള് അരിഞ്ഞുവീഴ്ത്തിയിട്ട് വേറൊരു തേരില്‍ സീതയെ കൊണ്ടുപോയി. ജടായു ശ്രീരാമനോട് വിവരമെല്ലാം പറഞ്ഞ് ജീവന് വെടിഞ്ഞു. ശ്രീരാമന് അവന് മുക്തി നല്കി. അതിനുശേഷം രാമന് സുഗ്രീവനുമായി സഖ്യം ചെയ്തു. സീതയെ തിരയാന്‍ നാനാദിക്കിലേക്കും വാനരന്മാരെ വിട്ടു. നടന്നതെല്ലാം വിവരിച്ചുപറഞ്ഞു. സീതയെ കണ്ടുകിട്ടാതെ മടങ്ങിപ്പോകാന്‍ പറ്റാത്തതുകൊണ്ട് മരിക്കാന്‍ നിശ്ചയിച്ചതാണെന്നും അറിയിച്ചു.
സമ്പാതിയുടെ കണ്ണുകളില്‍നിന്നും അശ്രുക്കള്‍ ധാരധാരയായി ഒഴുകി. അവന് പറഞ്ഞു: ”കപീശ്വരന്മാരെ ജടായു എന്റെ അതിപ്രിയനായ സഹോദരനാണ്. വളരെക്കാലത്തിനുശേഷമാണ് ഞാനവനെക്കുറിച്ച് എന്തെങ്കിലും കേള്‍ക്കുന്നത്. എനിക്ക് അവനുവേണ്ടി ഉദകക്രിയ ചെയ്യണം. നിങ്ങള്‍ എന്നെ സമുദ്രതീരത്തേക്കു കൊണ്ടുപോകുക. നിങ്ങള്‍ക്കു ഞാന്‍ വാക്സഹായം ചെയ്തുതരാം.”
വാനരന്മാര് സമ്പാതിയെ എടുത്ത് സമുദ്രതീരത്തേക്കുകൊണ്ടുപോയി. അനുജനുവേണ്ടി ഉദകക്രിയ ചെയ്ത് മടങ്ങിവന്നശേഷം സമ്പാതി സീതാവൃത്താന്തം പറയുന്നു. ”ഉന്നതമായ ത്രികൂടാചലത്തിനു മുകളിലായി സമുദ്രമദ്ധ്യത്തില്‍ ലങ്കാനഗരം സ്ഥിതിചെയ്യുന്നു. അവിടെ രാവണന്റെ അശോകവനത്തില്‍ രാക്ഷസികളാല്‍ ചുറ്റപ്പെട്ട് സീത ഇരിക്കുന്നു. എനിക്കിവിടെയിരുന്നാല് കാണാം. നിങ്ങളിലാരെങ്കിലും നൂറുയോജന ദൂരം സമദ്രം ചാടി കടക്കണം. സീതാദേവിയെ കണ്ട് തിരിച്ചു വരണം. അപ്പോള്‍ ശ്രീരാമന് എന്റെ സഹോദരനെകൊന്ന ആ ദുഷ്ട രാവണനെ വധിക്കും.”
സമ്പാതി ഇതു പറഞ്ഞപ്പോള്‍ വാനരന്മാര് തമ്മില്‍ തമ്മില്‍ നോക്കി നൂറുയോജന സമുദ്രം നമ്മിലാരു ചാടിക്കടക്കും? പിന്നെ തിരിച്ചും വരണമല്ലോ എന്ന് പിറുപിറുക്കാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: