കേരളത്തിന്റെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ ഒരു ലേഖനം 28.01.2016 ലെ മംഗളം പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. അതിന്റെ തലക്കെട്ട് ‘രോഹിതിന്റെ ആത്മഹത്യ എല്ലാ സാമൂഹ്യ തിന്മകളുടേയും ചരമക്കുറിപ്പാകട്ടെ’ എന്നായിരുന്നു.
സാമൂഹ്യ തിന്മകള്‍ക്കെതിരെയുളള കേരള ഗാന്ധിയുടെ സുവിശേഷ പ്രസംഗം വായിച്ചപ്പോള്‍ സത്യത്തില്‍ പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. കാരണം ഇതേ ദിവസത്തെ പത്രത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളുടെ തലക്കെട്ട് കണ്ടാല്‍ ആര്‍ക്കാണ് ഈ പാവം കോണ്‍ഗ്രസ് നേതാവിനോട് പുച്ഛം തോന്നാത്തത്. കേരള സംസ്ഥാന മന്ത്രിസഭാംഗങ്ങളെക്കുറിച്ച് പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വിവിധ വാര്‍ത്തകളിലെ സാരാംശങ്ങള്‍ വായിക്കുക. …..മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിനും കോഴ നല്‍കിയെന്ന് സരിത എസ്. നായര്‍.
മുഖ്യമന്ത്രി നിര്‍ദേശിച്ചതു പ്രകാരം ദല്‍ഹിയിലെ സഹായി തോമസ് കുരുവിളയുടെ പക്കല്‍ 1.90 കോടി രൂപ നല്കി. മന്ത്രി ആര്യാടന് മുഹമ്മദിന് 40 ലക്ഷം രൂപയാണു നല്‍കിയതെന്നും സരിത. എസ്. നായര്‍ സോളാര്‍ കമ്മിഷനു മൊഴിനല്‍കി …… ജയിലില്‍ നിന്ന് ഇറങ്ങിയശേഷമുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസുകാരെ നോവിക്കാതെ നോക്കുകയും അവര്‍ ആവശ്യപ്പെട്ടപ്പോഴും അല്ലാത്തപ്പോഴുമെല്ലാം അവരെ സംരക്ഷിക്കുന്ന നിലപാടെടുക്കുകയും ചെയ്തു. അതേ കോണ്‍ഗ്രസുകാര്‍ തെരുവുവേശ്യയെപ്പോലെയാണ് തന്നെ കണ്ടത്. ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും പറയാന്‍ കഴിയില്ലെന്നു തോന്നിയതിനാലാണ് എല്ലാം വിശദീകരിക്കുന്നതെന്നും സരിത പറഞ്ഞു…… ടീം സോളാറിന്റെ പേരില്‍ താന്‍ നേരിട്ടും ഇടപെട്ടും മുഖ്യമന്ത്രിക്കു 1.90 കോടി നല്കി. ബിജു രാധാകൃഷ്ണന് നല്കിയതും കൂടി ചേര്‍ത്താല്‍ അഞ്ചരക്കോടി രൂപയാണ് മൊത്തത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയത്……….മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണിലേക്ക് രാവിലെ ആറു മുതല്‍ ഏഴു വരെ നേരിട്ട് വിളിക്കാനുള്ള അവസരവും തനിക്കുണ്ടായിരുന്നുവെന്ന് സരിത പറഞ്ഞു. കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ടീം സോളാറിനെതിരേ ടി.സി. മാത്യു എന്നയാള്‍ പരാതിയുമായി സമീപിച്ച കാര്യം ഒപ്പമുണ്ടായിരുന്ന പോലീസുകാരന്റെ ഫോണ്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയാണ് വിളിച്ചറിയിച്ചതെന്നും സരിത മാധ്യമങ്ങളോടു പറഞ്ഞു………
ബാര്‍ കോഴക്കേസില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മന്ത്രി വി.എസ്. ശിവകുമാറിനും പങ്കുണ്ടെന്ന വെളിപ്പെടുത്തലുകളുമായി ബിജു രമേശ്…… ബാര്‍ കോഴയില്‍ പങ്കാളിത്തമുളള കോണ്‍ഗ്രസിലെ നാലാമത്തെ മന്ത്രി രമേശ് ചെന്നിത്തലയാണെന്നും കേസ് അട്ടിമറിക്കുന്നതിന് പിന്നിലും ചെന്നിത്തലയാണെന്നും ബിജു ആരോപിച്ചു……. മന്ത്രി വി. എസ്. ശിവകുമാറിന് ഇരുപത്തഞ്ച് ലക്ഷം നല്‍കിയെന്നും ബിജുരമേശ് വെളിപ്പെടുത്തി. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് വാങ്ങുന്നത് എന്ന് പറഞ്ഞാണ് കെ. ബാബു ഓരോ തവണയും പണം വാങ്ങിയതെന്നും മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്തതാണോ എന്ന് അറിയില്ലെന്നും ബിജു രമേശ് വ്യക്തമാക്കി……. സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന് മുഹമ്മദിനും എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണമെന്ന്…….
അമ്പതിലേറെ വര്‍ഷക്കാലം ഭാരത ഭരണസാരഥ്യം നടത്തിയിട്ടും വനവാസികളും മറ്റ് ദളിത് പിന്നാക്ക ജനവിഭാഗങ്ങളും പരമദരിദ്രരായി അഭയാര്‍ത്ഥികളെപ്പോലെ പാര്ശ്വവല്കരിക്കപ്പെട്ടും പീഡനങ്ങള്‍ ഏറ്റുവാങ്ങിയും അവഗണനയില്‍ ചവിട്ടിയരക്കപ്പെട്ട് കഴിയുന്നെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കോണ്‍ഗ്രസ് പാര്‍ട്ടിക്കു മാത്രമാണ്. രമേശ് ചെന്നിത്തല തന്നെ ഇക്കാര്യം തുറന്നു പറയുന്നു, ”ദളിതരും, ആദിവാസികളും നമ്മുടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പാര്ശ്വവല്ക്കരണത്തിന് വിധേയമാകുന്നുണ്ടെന്നത് ഒരു ദുഃഖ സത്യമാണ്.
സ്വാതന്ത്യം നേടി അറുപത്തിയൊന്‍പത് വര്‍ഷം പിന്നിട്ടിട്ടും ഇതിന് കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല.” 60 ലേറെ വര്‍ഷം നീണ്ട കോണ്‍ഗ്രസിന്റെ സംസ്ഥാനകേന്ദ്ര ഭരണം കൊണ്ട് ദളിതരുടെ ദുരവസ്ഥക്ക് മാറ്റം വരാത്തതില്‍ കോണ്‍ഗ്രസാണ് ഉത്തരവാടികള്. അവരുടെ ഭരണപരാജയവും കൊളളയടിയും സവര്ണ്ണമനോഭവാവങ്ങളും മൂലം ദളിതര്‍ ഇന്നും അവഗണനയിലായതിന് മോദിയെ തെറിവിളിച്ചിട്ട് കാര്യമില്ല. അത് മറച്ചുവെയ്ക്കാന്‍ ഇത്തരം വര്ഗ്ഗീയസ്പര്ദ്ധയും വിദേഷവും ജനങ്ങളില്‍ സൃഷ്ടിക്കുന്നത് രാജ്യത്തിന്റെ ഭാവികൂടുതല് ഇരുണ്ടതാക്കാന്‍ മാത്രമേ സഹായിക്കൂ. രണ്ട് വര്‍ഷത്തെ മോദി ഭരണം കൊണ്ട് എല്ലാം മാറ്റിമറിക്കണമെന്ന് പറയാന്‍ കോണ്‍ഗ്രസിന് എന്ത് അവകാശമാണുളളത്? കാമ്പസുകളില്‍ ദളിത് പീഡനങ്ങള്‍ നടക്കുന്നുവെന്ന് കോണ്ഗ്രസ്ഇടത്മാധ്യമ മറ്റ് രാജ്യദ്രോഹശക്തികളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നുവെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇക്കൂട്ടര്ക്കുതന്നെയാണ്.
കേരളത്തില്‍ ഇപ്പോഴും ആദിവാസികള്‍ തലചായ്ക്കാന്‍ സര്‍ക്കാര്‍ സ്ഥലങ്ങളില്‍ കുടിലുകള്‍കെട്ടി ഇന്നും സമരം ചെയ്യുന്ന വേളയില്‍ കേരളത്തിലെ ലക്ഷക്കണക്കിന് ഏക്കര്‍ വനഭൂമികള്‍ സംഘടിത ക്രൈസ്തവ സഭകള്‍ക്കും അനുയായികള്‍ക്കും പതിച്ചു നല്‍കിയത് ആരാണ്…? കാടിന്റെ മക്കളായ വനവാസികള്‍ക്ക് എന്തുകൊണ്ടാണ് ഇപ്പോഴും ഇവിടെ ഭൂമിക്കു മേലുളള അവകാശത്തിനായി നിലവിളിക്കേണ്ടി വരുന്നത്? ആദിവാസി ഊരുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പോലും നിത്യേന പീഡനങ്ങള്‍ക്കിരയാകുകയും, അച്ഛനില്ലാത്ത മക്കളെ പ്രസവിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്…..? ഇവിടങ്ങളില്‍ വ്യാപകമായ രീതിയില്‍ നവജാത ശിശുക്കള്‍ പോഷകാഹാരക്കുറവു മൂലം കൊല്ലപ്പെടുന്നതെന്തു കൊണ്ടാണ്….? ഇവിടെ മാറി മാറി ഭരിച്ച് കട്ടുമുടിച്ച ഇടത്വലത് മുന്നണികള്‍ ഈ ദളിതവഗണനകള്ക്കും ചവിട്ടിമെതിക്കലിനും ഉത്തരം പറയുകതന്നെ വേണം….. ഇപ്പറഞ്ഞ സംഭവങ്ങള്‍ക്കെല്ലാം തന്നെ ഉത്തരവാദികള്‍ ബിജെപിയും നരേന്ദ്രമോദിയും സവര്ണ്ണരുമാണെന്ന് പറഞ്ഞ് തടിതപ്പാന്‍ തക്കവണ്ണമുളള തൊലിക്കട്ടിയും സത്യസന്ധതയില്ലായ്മയും ഇടത് വലത് നേതക്കള്ക്കുണ്ടെന്ന് ഇന്ന് ജനങ്ങള്‍ക്കെല്ലാം അറിവുളളതാണ്.
ഭാരതത്തിലെ അഖണ്ഡതക്കും പുരോഗതിക്കും ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ പ്രസ്ഥാനങ്ങളേയും അതിന്റെ നേതാക്കളേയും അണികളേയും ഇത്തരം കുപ്രചരണങ്ങള്ക്കൊണ്ട് നിഷ്ക്രിയരാക്കാമെന്ന് കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ കഴിയുന്നവരാണ്.
ഒരു സംസ്ഥാനത്തിലെ ആഭ്യന്തരമന്ത്രി പദം അലങ്കരിക്കുന്ന വ്യക്തി രാജ്യദ്രോഹികള്‍ക്കുവേണ്ടി മുദ്രാവാക്യം വിളിക്കുകയും കുപ്രചാരണങ്ങള്‍ നടത്തുകയും ചെയ്ത ഒരു വ്യക്തിയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് കാണുമ്പോള്‍ ഈ സംസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് സഹതാപം തോന്നുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ് മന്ത്രിമാരുടേയും നേതാക്കളുഠടയും താപനിലയമായിരുന്ന സരിത.എസ്.നായര്‍ നിത്യേന നടത്തുന്ന വെളിപ്പെടുത്തലുകള്‍ മതി കോണ്‍ഗ്രസുകാരുടെ ‘സാമൂഹ്യതിന്മകള്ക്കെതിരെയുളള’ പ്രതിബദ്ധതയുടെ ആഴം മനസ്സിലാക്കാന്‍.
ബാര്‍ കോഴക്കേസില്‍ സ്വയം ആരോപണ വിധേയനായ വ്യക്തിയുടെ ഈ ഗീര്‍വാണപ്രസംഗം ആരാണ് വിലവയ്ക്കുന്നത്? ഹൈദരാബാദില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുല മുംബൈയില്‍ നടന്ന ബോംബ് സ്ഫോടന പരമ്പരകളിലൂടെ നൂറുകണക്കിന് നിരപരാധികളുടെ മരണത്തിനും പരിക്കുകള്‍ക്കും ഉത്തരവാദിയായ യാക്കൂബ് മേമനെ സുപ്രീം കോടതി ഉത്തരവുപ്രകാരവും മുന്‍ കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് പ്രണാബ് മുഖര്‍ജി ദയാഹര്‍ജി തളളിക്കളഞ്ഞതിനേയും തുടര്‍ന്ന് തൂക്കിക്കൊന്നതിനെതിരെ കോളേജ് ക്യാമ്പസില്‍ പ്രകടനം നടത്തുകയും, ഓരോ വീട്ടിലും ഓരോ യാക്കൂബ് മേമന്മാരെ സൃഷ്ടിക്കുമെന്ന് പ്രസംഗിക്കുകയും ചെയ്ത വ്യക്തിയായിരുന്നു.
ശത്രുരാജ്യമായ പാകിസ്ഥാന്റെ കയ്യില്‍ നിന്ന് പണവും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പരിശീലനവും ആര്‍ജ്ജിച്ചാണ് യാക്കൂബ് മേമനും സംഘവും ഭാരതത്തില്‍ കൂട്ടക്കൊല നടത്തിയത്. ഇപ്പോഴും ഈ കൂട്ടക്കുരുതി കേസിലെ പ്രധാനപ്രതികളായ ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുളളവര്‍ പാകിസ്ഥാനില്‍ സുരക്ഷിതരായി കഴിയുകയാണ്. ഈ ദേശദ്രോഹികള്ക്കുവേണ്ടി ഇവിടെ സിന്ദാബാദ് വിളിക്കുകയും പ്രകടനങ്ങള്‍ നടത്തുകയും തങ്ങള്‍ യാക്കൂബ് മേമന്മാരും ദാവൂദ് ഇബ്രാഹിമുമാരായും മാറുമെന്ന് ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവര്‍ ദേശദ്രോഹികളും ജനദ്രോഹികളുമല്ലെങ്കില് മറ്റാരാണ്……? ഇസ്ലാമിക തീവ്രാദികളില് നിന്ന് പണവും പെണ്ണും ആയുധങ്ങളും കൈപ്പറ്റി രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി വ്യക്തികളും സംഘടനകളും ഇവിടെ എല്ലാ മതങ്ങളിലും ജാതിയിലും രാഷ്ട്രീയപാര്‍ട്ടികളിലും മാധ്യമങ്ങളിലും സാമൂഹിക സാംസ്കാരിക കലാ സാഹിത്യ രംഗങ്ങളിലെല്ലാമുണ്ട്. ഇവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യേണ്ടതിനു പകരം സ്വാര്‍ത്ഥമായ തുച്ഛ നേട്ടങ്ങള്‍ക്കുവേണ്ടി അന്ധമായ ബിജെപി മോദി ആര്‍എസ്എസ് വിരോധത്തിന്റെ പേരില്‍ ദേശദ്രോഹികളെ വെള്ളപൂശി മഹത്വവല്‍കരിക്കാനും പിന്തുണക്കാനും ശ്രമിക്കുന്നവര്‍ കടുത്ത ജനദ്രോഹമാണ് ചെയ്യുന്നത്.
ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തി ഇത്തരത്തിലുളള നിരുത്തരവാദപരമായ പ്രചാരണങ്ങള്‍ നടത്തുന്നത് ആശാവഹമല്ല. മുംബൈ സ്ഫോടന കേസിലെ കൊടുംകുറ്റവാളികളായ ദാവൂദ് ഇബ്രാഹിമും ടൈഗര്‍ മേമനും യാക്കൂബ് മേമനും രാജ്യദ്രോഹികളല്ലെന്നും, അവരെ പിന്തുണക്കുന്നവര്‍ ദേശസ്നേഹികളും മതേതരത്വത്തിന്റെ വക്താക്കളും ‘നാളത്തെ ഇന്ത്യയുടെ പതാകവാഹകരും’….!!! സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രിയുടെ വാക്കുകളനുസരിച്ച് ചിന്തിച്ചാല്‍ ദേശദ്രോഹികള്‍ക്ക് കുടപിടിച്ച രോഹിതുള്പ്പെടെയുളളവര് ദേശസ്നേഹികളും, ”ബ്രാഹ്മണിക്കല്‍ ഹിന്ദുത്വയുടെ” ഇരകളും; യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ വിധിച്ച ജഡ്ജിമാരും, ഇന്ത്യന്‍ പ്രസിഡന്റും, പബ്ലിക് പ്രോസിക്യൂട്ടര്‍മാരും, അന്വേഷണ ഉദ്യോഗസ്ഥരും, സ്ഫോടനത്തില്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്ത നിരപരാധികളായ ആയിരങ്ങളുമെല്ലാം ദേശദ്രോഹികളുമാണ്….!!!! ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ പതിറ്റാണ്ടുകളായി നടക്കുന്ന ദേശവിരുദ്ധ ഇസ്ലാമികനക്സലൈറ്റ്ഇടത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആന്ധ്രയില്‍ നിന്നുളള ബിജെപി എംപിയും കേന്ദ്ര മന്ത്രിയുമായ ബന്ദാരു ദത്താത്രേയ ആവശ്യപ്പെട്ടതില്‍ എന്ത് തെറ്റാണുളളത്? ചെന്നിത്തല ഗാന്ധിയും കപട ഗാന്ധിയനായ രാഹുല്‍ ഗാന്ധിയും രോഹിതിനും കൂട്ടര്‍ക്കുമെതിരെ ദളിത് പീഡനം നടന്നുവെന്ന് ആക്രോശിച്ച് കളളക്കണീരൊഴുക്കുമ്പോള് യഥാര്‍ത്ഥവസ്തുതകള്‍ മറച്ചുവെച്ച് വര്‍ഗ്ഗീയവിദ്വേഷം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.
കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ വസ്തുതകള്‍ വളച്ചൊടിക്കപ്പെടുകയാണെന്ന് പ്രസ്താവിക്കുകയുണ്ടായി. അവര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വാര്‍ത്താ സമ്മേളനത്തില്‍ ഇപ്രകാരം പറയുന്നു, ”സര്‍വ്വകലാശാലയില്‍ നടന്നത് ദലിതരും ദലിത് വിരുദ്ധരും തമ്മിലുള്ള പ്രശ്നമല്ല. ആ നിലയില്‍ ഈ പ്രശ്നത്തെ സമീപിക്കരുത്. രോഹിതിനും സുഹൃത്തുക്കള്‍ക്കുമെതിരായ നടപടി സര്‍വ്വകലാശാല അംഗീകരിച്ചതാണ്. രോഹിത്തിന് എതിരെ പരാതി നല്കിയ വിദ്യാര്‍ത്ഥി ഒബിസി വിഭാഗത്തില്‍പ്പെടുന്നയാളാണ്. രോഹിതിന് എതിരായ പരാതി അന്വേഷിച്ച അന്വേഷണ കമ്മീഷന് തലവനും, ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന നിലപാടെടുത്ത ഹോസ്റ്റല്‍ വാര്‍ഡനും ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ്.
അച്ചടക്കസമിതിക്കെതിരെയുള്ള രോഹിതിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അതിന് ശേഷം ദയ തോന്നിയാണ് സര്‍വ്വകലാശാല രോഹിതിന് ക്ലാസില്‍ കയറാന്‍ അനുമതി കൊടുത്തത്. അച്ചടക്ക സമിതിയിലെ അംഗങ്ങളെ നിയമിച്ചത് കഴിഞ്ഞ യുപിഎ സര്‍ക്കാരാണ്. സര്‍വ്വകലാശാലയിലെ പ്രശ്നത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 2014 ല്‍ കോണ്‍ഗ്രസ് എംപി ഹനുമന്ത റാവു തനിക്ക് കത്തയച്ചിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്തും സര്‍വ്വകലാശാലയില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാലിപ്പോള്‍ വികാരങ്ങള്‍ ആളിക്കത്തിച്ച് സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണ്. അത്മഹത്യാ കുറിപ്പില്‍ സംഘടനകള്‍ക്കെതിരെയോ വ്യക്തികള്‍ക്കെതിരെയോ യാതൊരു ആക്ഷേപമില്ല.”
”സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട പൂര്‍ണമായും ദളിത് വിരുദ്ധമാണ് എന്നു മനസിലാക്കാന്‍ അധികം ബൗദ്ധികവ്യായാമം ചെയ്യേണ്ടതില്ല.
ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്രത്തില്‍ ദളിതന്റെ ആദിവാസികളുടെയും സ്ഥാനം എന്നും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വയുടെ കാല്ച്ചുവട്ടില് തന്നെയായിരിക്കും. അവിടെ രോഹിതനെപ്പോലുള്ളവരുടെ ജനനം പോലും, ആ ചെറുപ്പക്കാരന് തന്റെ ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിച്ച പോലെ മാരകമായ ആകസ്മികതയായിരിക്കും,” എന്നെഴുതുകയും ഗാന്ധിജിയേയും അംബേദ്കറിനെയും ഉദ്ധരിക്കുകയും ചെയ്യുന്ന ചെന്നിത്തലയും കോണ്‍ഗ്രസ് പാര്‍ട്ടിയും ഭാരതത്തിന് ചെയ്ത മഹത്തായ സേവനങ്ങളുടെ വലിപ്പം അറിയാന്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെയും ബന്ധുക്കളുടേയും നേതാക്കളുടേയും സ്വദേശത്തും വിദേശത്തുമുളള വസ്തുവകകളുടെ ആകെത്തുക എടുത്താല്‍ മതിയാകും. ഇതോടൊപ്പം ഇന്ത്യയിലെ ദരിദ്ര ജനകോടികളുടെ (ദളിതരും മറ്റ് പിന്നോക്കാരും എല്ലാമുള്‍പ്പെടുന്ന) സാമ്പത്തികസാമൂഹിക അവസ്ഥയും പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ കപട ദളിത സ്നേഹത്തിന്റെ ആഴം തിരിച്ചറിയാന്‍ സാധിക്കും. മഹാത്മാ ഗാന്ധിയെ ഒരു പ്രദര്‍ശനവസ്തുവും പ്രചരണായുധവുമാക്കുകയും, അദ്ദേഹത്തിന്റെ എല്ലാ ആദര്‍ശങ്ങളേയും കാറ്റില്‍ പറത്തുകയും ചെയ്തവരാണ് വര്‍ത്തമാനകാല അഭിനവ കോണ്‍ഗ്രസുകാര്‍.
ചെന്നിത്തല പറയുന്നതുപോലെ ”ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്രത്തില്‍ ദളിതന്റെ ആദിവാസികളുടെയും സ്ഥാനം എന്നും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വയുടെ കാല്ച്ചുവട്ടില് തന്നെയായിരിക്കും” എന്നു പറഞ്ഞത് വളരെ ശരിയാണ്. ഈ ‘ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ’ എന്ന പദപ്രയോഗം ഏറ്റവും യോജിക്കുക പിന്നോക്കവിഭാഗക്കാരനായ നരേന്ദ്ര മോദിക്കല്ല, മറിച്ച് കാശ്മീരി ബ്രാഹ്മണനായ ഭാരതത്തിലെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനും പിന്ഗാമികള്ക്കുമാണ്. അതിനാലാണ് ഇന്നും ചെന്നിത്തല പറയുന്നതുപോലെ ദളിതര്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ഇക്കാലമത്രയും അധോഗതിയിലായത്. മഹാത്മ ഗാന്ധിയുടെ രാമരാജ്യ സങ്കല്പവും ഹിന്ദ് സ്വരാജുമെല്ലാം ഈ പറഞ്ഞ ‘ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ’യുടെ വരമൊഴികളാണോ? അംബേദ്കറോടുളള കോണ്‍ഗ്രസിന്റെ സമീപനമെന്തായിരുന്നുവെന്നും, അതിനോടുളള അംബേദ്കറുടെ പ്രതികരണമെങ്ങനെയെല്ലാമായിരുന്നുവെന്നും ചെന്നിത്തല ഗാന്ധി സ്വയം പഠിക്കണം. കോണ്‍ഗ്രസിനെ വെറുത്ത അംബേദ്കര്‍ക്ക് ഹിന്ദുത്വ പ്രസ്ഥാനങ്ങളുമായി അഭേദ്യമായ ആത്മബന്ധമാണുണ്ടായിരുന്നത്. വിദേശ ഫണ്ടുകള്‍ കൈപ്പറ്റി അംബേദ്കറുടെ മറവില്‍ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്ഗ്ഗീയവിദേഷവും സംഘര്‍ഷങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കുന്ന കപടദളിതസ്നേഹികളേയും തിരിച്ചറിയേണ്ടതുണ്ട്. ദളിതന്റെ പേരില്‍ സ്വസമൂഹത്തിന് വിനാശകരമായ രീതിയില്‍ അക്രമാസക്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ദളിതനാമധാരികളേയും ഒറ്റപ്പെടുത്തണം.
ബിജെപിയുടെ ഭരണത്തിന് കീഴില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും ഉന്നതിയുണ്ടായതിനാലാണ് ഒരുകാലത്ത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകളായിരുന്ന പിന്നോക്കവിഭാഗങ്ങള്‍ ഇന്ന് ബിജെപിയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. അതിനെ തുരങ്കം വയ്ക്കാനായി എല്ലാ രാഷ്ട്രവിരുദ്ധശക്തികളുടെയും പിന്തുണയോടെ എത്രമാത്രം കുപ്രചരണങ്ങളും വര്ഗ്ഗീയവിദേഷങ്ങളും സ്പര്‍ദ്ധയും അസഹിഷ്ണുതയും അഴിച്ചുവിട്ടാലും അത് വിലപ്പോവുകയില്ലതന്നെ.
ഹിന്ദുസമൂഹത്തെ തമ്മിലടിപ്പിക്കാനും, ഹിന്ദുമുസ്ലിം, ഹിന്ദുക്രിസ്ത്യന്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുമുളള സൃഗാലതന്ത്രങ്ങള്‍ തിരിച്ചറിയാനും, അതിനെ ജാതിമതപ്രാദേശിക വ്യത്യാസങ്ങളില്ലാതെ ഒറ്റക്കെട്ടായി നേരിട്ട് പരാജയപ്പെടുത്താനും ഭാരതീയ ജനത ബൗദ്ധികമായി ഉണര്ന്നുകഴിഞ്ഞുവെന്ന വസ്തുത ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്. അല്ലെങ്കില്‍ ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും ബീഹാറിലും മറ്റും സംഭവിച്ചതുപോലെ കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളുടെ വെറും വാലായി കേരളത്തിലും ചുരുങ്ങുന്നത് കാണാന്‍ രമേശ് ചെന്നിത്തലക്കും കൂട്ടര്‍ക്കും ഭാഗ്യം ലഭിക്കും. അതിന്റെ ലക്ഷണങ്ങളാണ് ദിനംപ്രതി കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ നിത്യേന കോടതികളിലും മാധ്യമങ്ങളിലും മറ്റും വരുന്ന ദുഷിച്ച വാര്‍ത്തകള്‍. ബിജെപിയെ എതിര്‍ക്കാനായി അതിരുവിട്ടതും അപകടകരവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും ദേശവിരുദ്ധവും ജനദ്രോഹപരവുമായ രാഷ്ട്രീയക്കളികള്‍ നടത്തുന്ന കോണ്‍ഗ്രസ് ഭാവിയില്‍ വന്‍വില നല്‍കേണ്ടി വരുമെന്നതില്‍ സംശയമില്ല. ക്ഷുദ്രമായ രാഷ്ട്രീയലാഭത്തിനുവേണ്ടി ദുഷ്പ്രചരണങ്ങള്‍ നടത്തി ജനങ്ങളില്‍ അവശേഷിക്കുന്ന നന്മയും പരസ്പരവിശ്വാസവും സ്നേഹവും സാഹേദര്യവും ഐക്യവും തകര്‍ക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: