കോണ്‍ഗ്രസിന് ബദല്‍ കമ്യൂണിസ്റ്റെന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി ഇല്ലാതാകുന്നു. മൂന്നു പതിറ്റാണ്ടോളം കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഒറ്റയ്ക്ക് ഭരിച്ച പശ്ചിമബംഗാളില്‍ ഇന്ന് രണ്ട് കൂട്ടരും ഒന്നിക്കുന്നു. ഒറ്റയ്ക്ക് ഭരിയ്ക്കുക എന്നതു മാത്രമല്ല മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഇരു പാര്‍ട്ടികളും അവിടം ഭരിച്ചത്. ഭരണത്തിന്റെ ഗുണം കൊണ്ടായിരിക്കാം രണ്ടു പേരെയും ജനങ്ങള്‍ ചവിട്ടിപുറത്താക്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ എന്ന നിലയില്‍ തീപ്പൊരി നേതാവായി മാറിയ മമതാ ബാനര്‍ജി സിപിഎമ്മിന്റെ ദുര്‍ഭരണത്തിനെതിരെ ആഞ്ഞടിച്ചതിലൂടെ ഒരു ജനകീയത കൈവരിക്കുകയും അതിലൂടെ കോണ്‍ഗ്രസില്‍ നിന്നും മാറി തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് അധികാരത്തിലേറുകയും ചെയ്തു. ഈ തൃണമൂലുമായി വിവിധ തെരഞ്ഞെടുപ്പുകളില്‍ സന്ധി ചെയ്യുവാന്‍ കോണ്‍ഗ്രസിന് യാതൊരു മടിയും ഉണ്ടായില്ല. കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് തൃണമൂലിലേക്കും ബിജെപിയിലേയ്ക്കും ഒഴുക്ക് തുടങ്ങിയതോടെയാണ് രണ്ടു കൂട്ടരു നില്‍ക്കകളി ഇല്ലെന്ന് മനസിലാക്കിയത്. പ്രകാശ് കാരാട്ട് സിപിഎം അഖിലേന്ത്യ സെക്രട്ടറിയായിരുന്നപ്പോള്‍ തന്നെ ഇത്തരമൊരു നീക്കം ഉണ്ടായിരുന്നെങ്കിലും അത് പാര്‍ട്ടിയെ ആപത്തിലേക്ക് എത്തിക്കുമെന്ന ചിന്താഗതി ഉണ്ടായതിനെ തുടര്‍ന്ന് അതിനെ തടയിടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പില്‍ സീതാറാം യെച്ചൂരി പാര്‍ട്ടി സെക്രട്ടറിയായതോടെ നയങ്ങളിലും മാറ്റം വരുത്താന്‍ തുടങ്ങി.
ബംഗാള്‍ ഘടകത്തിന്റെ ശക്തമായ പിന്തുണയോടെയാണ് യെച്ചൂരി സെക്രട്ടറിയായത്. അതിനാല്‍ തന്നെ തങ്ങളുടെ വരുതിയില്‍ യെച്ചൂരിയെ കൊണ്ടുവരാന്‍ സ്വാഭാവികമായും തങ്ങള്‍ക്ക് കഴിയുമെന്ന ചിന്തയാണ് ഇത്തരമൊരു നയം മാറ്റത്തിന് പിന്നില്‍. ഇക്കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ എത്തിയ പ്രകാശ് കാരാട്ട് ബംഗാളില്‍ കോണ്‍ഗ്രസുമായി യാതൊരു വിധത്തിലുമുള്ള സഖ്യവും ഉണ്ടാവില്ലെന്ന് അസന്നിഗ്ദമായ ഭാഷയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബംഗാള്‍ ഘടകത്തിന്റെ നിലപാട് വ്യത്യസ്തമായിരുന്നു. കേരളത്തിലും ബംഗാളിലും ഒരേ സമയത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നതാണ്സിപിഎമ്മിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.
കേരളത്തില്‍ സിപിഎമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസാണ്. ആ കോണ്‍ഗ്രസുമായി ബംഗാളില്‍ സഖ്യം ഉണ്ടാക്കുകയെന്നത് ഇവിടെ ചിന്തിക്കാന്‍ പോലും കഴിയില്ല. കേരളത്തില്‍ ഇടതുമുന്നണി അധികാരത്തിലേറിയേക്കുമെന്ന സാഹചര്യത്തിന് തടയിടുന്നതാണ് ബംഗാള്‍ ഘടകത്തിന്റെ നീക്കം. കേരളം ഇതിനെ ശക്തിയുക്തം എതിര്‍ക്കുക തന്നെ ചെയ്യും. ഇരു കൂട്ടര്‍ക്കും ഒരുപോലെ ഭീഷണിയാവുന്നത് ബംഗാളിലും കേരളത്തിലും ബിജെപിയുടെ വളര്‍ച്ചയാണ്. കേരളത്തില്‍ ബിജെപിക്ക് ഒരു എംഎല്‍എപോലും ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി പറയുന്നത്.
ബിജെപിയുടെ വളര്‍ച്ചയെ സിപിഎമ്മും കുറച്ചു കാണുന്നില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലക്ഷ്യമിട്ട അത്ര വിജയം നേടാന്‍ കഴിഞ്ഞില്ലെന്നാണ് സിപിഎം കണക്കുകള്‍ കാട്ടി പറയുന്നത്. അതേ സമയം സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഇരു മുന്നണികള്‍ക്കെതിരെയും ഒറ്റയ്ക്ക് നിന്ന് പോരാടി ബിജെപി നേടിയ വിജയം ചെറുതൊന്നും അല്ലെന്നതും അവരെ ആശങ്കാകുലരാക്കിയിട്ടുണ്ട്. ബംഗാളിലും കേരളത്തിലും ബിജെപിയുടെ വളര്‍ച്ചയെ തടയിടുക എന്നതുതന്നെയാണ് രണ്ടു പാര്‍ട്ടികളുടെയും ലക്ഷ്യം.
ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിക്കുന്നത് കേരളത്തില്‍ ബിജെപി പ്രചാരണ വിഷയം ആക്കുകയും അതിലൂടെ നേട്ടം നേടിയെടുക്കുകയും ചെയ്യുമ്പോള്‍ ക്ഷീണം ഉണ്ടാകുന്നത് സിപിഎമ്മിനാണ്. ഇക്കാര്യം അവര്‍ക്ക് വ്യക്തമായി അറിയുകയും ചെയ്യാം. അതിനാലാണ് കോണ്‍ഗ്രസുമായി സന്ധി ചേരാനുള്ള ബംഗാള്‍-സിപിഎം നീക്കത്തെ കേരള ഘടകം എതിര്‍ക്കുന്നത്. കടലിനും കടലാടിക്കും ഇടയില്‍ പെട്ട അവസ്ഥയിലാണ് രണ്ട് പാര്‍ട്ടികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: