മേക്ക് ഇന്‍ ഇന്ത്യ വാരത്തില്‍ രാജ്യത്തിന് ലഭിച്ചത് 15.2 ലക്ഷം കോടിയുടെ നിക്ഷേപം കൂടാതെ ഒന്നരലക്ഷം കോടിയുടെ നിക്ഷേപത്തിനുള്ള അന്വേഷണവും ഉണ്ടായി. വിവിധ മേഖലകളിലായി നടത്തിയ മേക്ക് ഇന്‍ ഇന്ത്യ കാമ്പയിന് വന്‍ വിജയമായി മാറിയതാണ് ഇക്കാര്യത്തിലൂടെ വ്യക്തമാകുന്നത്.
ഭാരതം നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്. ഇക്കഴിഞ്ഞ 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുംബൈയില്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. നവീനാശയങ്ങള്‍ കൊണ്ടുവരാന്‍ പ്രചോദിപ്പിക്കുകയും അവരെ സഹായിക്കുക എന്നതുമാണ് ഇത്തരം ഉച്ചകോടിയിലൂടെ മോദി ലക്ഷ്യമിടുന്നത്. രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ആഭ്യന്തര ഉദ്്പാദനം 16-17 ശതമാനമായി ഉയര്‍ത്തുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശം. ആതിഥേയരായ മഹാരാഷ്ട്രയില്‍ നിന്നുമാത്രം എട്ടുലക്ഷം കോടിയുടെ നിക്ഷേപമാണ് ഉണ്ടായത്.
ഇത് മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി മാതൃകയാണ് മൊത്തം പ്രതിബദ്ധതയുടെ 30 ശതമാനവും വിദേശത്തു നിന്നുമാണ് ലഭിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടക, ബിജെഡി ഭരിക്കുന്ന ഒഡീഷ, ഒഴികെ എന്‍ഡിഎ ഭരിക്കാത്ത സംസ്ഥാനങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. രാജ്യതാല്പര്യത്തിന് അതുവഴി സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത് എത്രത്തോളം ഗുണകരമാകുമെന്ന് ചിന്തിക്കേണ്ടതുണ്ട്. 2500 ഓളം അന്താരാഷ്ട്ര കമ്പനികളും 8000 ത്തോളം ഇന്ത്യന്‍ കമ്പനികളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു.
സ്വീഡന്, ഫിന്‍ലാന്റ്, പോളണ്ട് എന്നി രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും മറ്റു രാജ്യങ്ങളിലെ വിദേശമന്ത്രിമാരുമാണ് പരിപാടിയില്‍ പങ്കെടുത്തത്. അതായത് 68 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങളും 72 രാജ്യത്തെ ബിസിനസ് സംഘങ്ങളുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയത് എന്നതുതന്നെ ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.മൊത്തം 50 സെമിനാറുകളാണ് നടന്നത്. ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ താല്പര്യങ്ങളും സാഹചര്യങ്ങളുമാണ് ഉള്ളത്.
കേരളത്തില്‍ വ്യവസായിക രംഗത്തേക്കാള്‍ ടൂറിസത്തിനാണ് സാധ്യതയെന്ന് ചടങ്ങില്‍ പങ്കെടുത്ത ഡിഐപിപി സെക്രട്ടറി അമിതാഭ് കാന്ത് പറഞ്ഞു. പ്രകൃതി വിഭവങ്ങളെ നശിപ്പിച്ചുകൊണ്ടുള്ള വ്യവസായങ്ങള്‍ രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലകളെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഗുജറാത്തോ, മഹാരാഷ്ട്രയോ ആകാന്‍ കഴിയില്ല. മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളില്‍ സംസ്ഥാന കേന്ദ്രീകൃതമായി പരിപാടി നടത്തുവാനും പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: