സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്തുണ്ടായ സമഗ്രമായ പരിഷ്കരണങ്ങള്‍ക്കെതിരെ എന്നും കൊലവിളി ഉയര്‍ത്തിയ പാരമ്പര്യമാണ് ഇടതുപക്ഷങ്ങളുടേത്. തങ്ങള്‍ക്ക് അനഭിമതമായ എന്തിനെയും എതിര്‍ക്കുക എന്നതായിരുന്നു അവരുടെ നയം. ഇതിന് ഉദാഹരണങ്ങള്‍ ഏറെയാണ്. എന്നാല്‍ അധികാരത്തിലെത്തിയാല്‍ അവയെല്ലാം പേര് മാറ്റി നടപ്പിലാക്കുവാന്‍ യാതൊരു മടിയും കാണിച്ചിട്ടില്ലെന്നതാണ് ചരിത്രം.
1982ലെ യുഡിഎഫ് സര്‍ക്കാറില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം ജേക്കബ് കൊണ്ടു വന്ന പ്രീഡിഗ്രി ബോര്‍ഡ് എന്ന നൂതന ആശയത്തെ കൊല്ലും കൊലയുമായി എതിര്‍ക്കുവാന്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ സിപിഎം സമരരംഗത്ത് ഇറക്കി. പ്രീഡിഗ്രി കോളേജുകളില്‍ നിന്നും മാറ്റുവാനുള്ള പദ്ധതിയായിരുന്നു ഇത്. എന്നാല്‍ എസ്എഫ്ഐ എന്ന സംഘടനയുടെ വളര്‍ച്ചയ്ക്ക് തടയിടുമെന്ന് മനസിലാക്കിയ അവര്‍ നടത്തിയ സമരാഭാസത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കേരളത്തിനുണ്ടാക്കിയത്. തകര്‍ക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കണക്കില്ല. പരീക്ഷാപേപ്പറുകള്‍ ചുട്ടെരിക്കപ്പെട്ടു. മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. പരീക്ഷാഫലം പോലും പുറത്തുവരാത്ത അവസ്ഥ സംജാതമായി. എന്നിട്ടോ 87ല്‍ അധികാരത്തിലെത്തിയ നായനാര്‍ സര്‍ക്കാര്‍ അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ചന്ദ്രശേഖരനെ കൊണ്ട് പ്രീഡിഗ്രി ബോര്‍ഡ് നടപ്പാക്കുന്നത് തത്ക്കാലം നിര്‍ത്തിവയ്പ്പിച്ചു. തീര്‍ന്നില്ല, രൂപവും ഭാവവും മാറിയ 1996ലെ നായനാര്‍ സര്‍ക്കാര്‍ പ്ലസ് ടു എന്ന പേരില്‍ പ്രീഡിഗ്രി ബോര്‍ഡിനെ പുനര്‍നാമകരണം ചെയ്ത് അവതരിപ്പിച്ചു.
കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലറായിരുന്ന ഡോ.ജെ.ബി വിളനിലത്തിനെതിരെ എസ്എഫ്ഐ നടത്തിയ അക്രമാസക്ത സമരം കേരള ജനത, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ ഒരിക്കലും മറക്കില്ല. തലസ്ഥാന നഗരം മാത്രമല്ല പല ജില്ലകളും മിക്ക ദിവസങ്ങളും സമരത്തിന്റെ പേരില്‍ രക്തപങ്കിലമായി മാറി. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരനാണെങ്കില്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന മട്ടില്‍ പോലീസിനെ കൊണ്ട് എസ്എഫ്ഐക്കാരെ നേരിടുകയാണുണ്ടായത്. വിളനിലത്തിന്റെ ഡിഗ്രികളില്‍ ഒന്ന് വ്യാജമാണെന്ന ആരോപണമായിരുന്നു അദ്ദേഹത്തിനെതിരെ സമരം തുടങ്ങാനുള്ള കാരണം. മാത്രമല്ല, ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ ഗര്‍ജിക്കുന്ന സിംഹമായിരുന്ന എം.വി രാഘവനെ കരുണാകരന് മത്സരിപ്പിച്ച് ജയിപ്പിക്കുകയും സഹകരണ വകുപ്പ് കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കുകയും കൂടി ചെയ്തതിന്റെ അമര്‍ഷവും അതിന് പിന്നിലുണ്ടായിരുന്നു. ഇത് രണ്ടും ചേര്‍ന്നാണ് സമരത്തെ കൊഴുപ്പിച്ചത്. എന്നാല്‍ സമരം മാസങ്ങള്‍ നീണ്ടതോടെ എങ്ങനെയെങ്കിലും അവസാനിപ്പിച്ചേ തീരൂ എന്ന നിലയിലെത്തി. അവസാനം വിളനിലം വിളിച്ച ചര്‍ച്ചയില്‍ നേതാക്കള്‍ എത്തുകയും സമരം നിരുപാധികം പിന്‍വലിക്കേണ്ട അവസ്ഥയിലാവുകയും ചെയ്തു. യാതൊരു കുഴപ്പവും ഇല്ലാതെ വിളനിലം കാലാവധി പൂര്‍ത്തിയാക്കിയെങ്കില്‍, എസ്എഫ്ഐ നടത്തിയ സമരത്തിന്റെ പേരില്‍ ഭാവി തകര്‍ന്നത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടേതാണ്. ഇതിന്റെ മറ്റൊരു രീതി തന്നെയായിരുന്നു സ്വാശ്രയ കോളേജ് സമരവും.
ആദ്യം എതിര്‍ക്കുക പിന്നെ നടപ്പാക്കുക തുടര്‍ന്ന് ന്യായീകരിക്കുക ഇതാണ് ഏത് കാര്യത്തിലും ഇടതുപക്ഷത്തിന്റെ കേരള നിലപാട്. 1991ലെ കരുണാകരന് സര്‍ക്കാര്‍ എടുത്ത സുപ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുക എന്നത്. എന്നാല്‍ ഇതിന്റെ പേരിലും കൊല്ലും കൊലയുമായി എസ്എഫ്ഐ രംഗത്തിറങ്ങി. സമരത്തിന്റെ പേരില്‍ മന്ത്രിമാരെ വഴിയില്‍ തടയുന്നത് വിനോദമായി മാറി. കേരളമെങ്ങും കൊലക്കളമായി മാറി. ഇതിനിടെയാണ് 1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ കുപ്രസിദ്ധമായ പോലീസ് വെടിവയ്പ് നടന്നത്. തങ്ങളുടെ ശക്തികേന്ദ്രത്തില്‍, തങ്ങളുടെ ശത്രു എം.വി രാഘവന് ഒരു സ്വാശ്രയ സഹകരണ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എത്തുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ സാധ്യമായിരുന്നില്ല. അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും അതിനെ നേരിടാന്‍ അവര്‍ തയാറായി. ഒരു കാലത്ത് ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ രാഘവനാകട്ടെ അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. മുള്ളിനെ മുള്ളു കൊണ്ട് എടുക്കാമെന്ന് നേതൃത്വത്തെ പഠിപ്പിച്ച രാഘവനാവട്ടെ അതിനെ നേരിടാന്‍ തന്നെ തീരുമാനിച്ചു. സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയ രാഘവനെ അണികളെ കൊണ്ട് തടയുവാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസിനെ കൊണ്ട് നേരിടുവാന്‍ രാഘവനും കരുണാകരനും. ഫലമോ സിപിഎമ്മിന് ലഭിച്ചത് അഞ്ച് രക്തസാക്ഷികള്‍. ഇതില്പരം സാഫല്യം വേറെയുണ്ടോ? തുടര്‍ന്ന് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ യാതൊരു മടിയും കൂടാതെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ തുടങ്ങുവാന്‍ അനുമതി നല്കുകയാണുണ്ടായത്. ഇതിന്റെ പേരില്‍ ഉണ്ടാക്കിയ കോടികള്‍ വേറെ. ഏറ്റവും വലിയ സ്വാശ്രയ സ്ഥാപനമായ പരിയാരം മെഡിക്കല്‍ കോളേജ് രാഘവനില്‍ നിന്നും പിടിച്ചെടുക്കാന്‍ സിപിഎം നടത്തിയ സമരമൊന്നും ആര്‍ക്കും മനസിലാക്കാന്‍ കഴിയില്ല. സിപിഎമ്മിന്റെ ഇന്നത്തെ പ്രമുഖ നേതാക്കളുടെ മക്കളെല്ലാം പഠിച്ചതും ഇപ്പോള്‍ പഠിക്കുന്നതും എവിടെയാണെന്ന് നോക്കിയാലറിയാം അവരുടെ സമരത്തിന്റെ വൈരുദ്ധ്യം. പതിവുപോലെ ഇക്കഴിഞ്ഞ നവംബറിലും ഡിവൈഎഫ്ഐക്കാര്‍ കൂത്തുപറമ്പ് രക്തസാക്ഷിദിനം ആചരിച്ചു. പക്ഷേ മുദ്രാവാക്യം ഉയര്‍ന്നതോ മോദി സര്‍ക്കാരിനെതിരെ.
ചുരുക്കത്തില്‍ സമരം നടത്തി വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കുകയും പിന്നീട് അധികാരത്തിലെത്തി യാതൊരു ഉളിപ്പും ഇല്ലാതെ അതേ നയങ്ങള്‍ നടപ്പിലാക്കുക എന്ന ശൈലിയാണ് സിപിഎമ്മിന്റേത്. ട്രാക്ടര്‍ വിരുദ്ധ സമരത്തില്‍ നിന്നും തുടങ്ങിയതാണിത്. ട്രാക്ടര്‍ രംഗത്ത് എത്തിയാല്‍ കര്‍ഷക തൊഴിലാളികളുടെ പണി കുറയുമെന്നായിരുന്നു വാദം. ഇതേ നയമായിരുന്നു കമ്പ്യൂട്ടറില്‍ വന്നപ്പോഴും സ്വീകരിച്ചത്. 1956ല്‍ മലമ്പുഴ അണക്കെട്ട് ഉദ്ഘാടനത്തിനെതിരെ സിപിഎം നടത്തിയ സമരവും കേരള ജനതയ്ക്ക് മറക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: