ഒന്നര സഹസ്രാബ്ദത്തോളം നീണ്ട കുരിശുയുദ്ധങ്ങളുടെ ഇരുണ്ട യുഗത്തിനു ശേഷം നവോഥാനത്തിന്റെ ശംഖൊലി മുഴങ്ങാൻ തുടങ്ങിയ യൂറോപ്പിലാണ് ഐസക് ന്യൂട്ടൻ എന്ന മഹാമേരു സമാനനായ മനുഷ്യൻ ജനിക്കുന്നത്. ദ്രവ്യം (matter ), പിണ്ഡം (Mass ), ഊർജ്ജം (Energy ) എന്നീ ഘടകങ്ങളെ കൃത്യമായ ചലനനിയമങ്ങളിലൂടയും ഗണിത സൂത്രങ്ങളിലൂടയും ബന്ധിപ്പിച്ച് ദൃശ്യപ്രപഞ്ചത്തിനു ഒരു നിർവചനം തന്നെ അദ്ദേഹം തീർത്തു. ന്യൂട്ടൻ കുറിച്ചിട്ട രീതിമാർഗ്ഗങ്ങളിലൂടയാണ് പിന്നീട് ശാസ്ത്ര ചിന്തകൾ ചലിച്ചത് അന്നുമിന്നും. ക്ലാസ്സിക്കൽ ഫിസിക്സ് എന്ന ശാസ്ത്ര ശാഖ തന്നെ അന്നാണ് രൂപം കൊണ്ടത്
പക്ഷേ പ്രകാശമെന്ന പ്രതിഭാസം ന്യൂട്ടനും അപ്രാപ്യമായി തന്നെ അവശേഷിച്ചു. റിഫ്ലക്ഷൻ, റിഫ്രാക്ഷൻ എന്ന രണ്ട് പ്രകാശ ഗുണങ്ങൾ മാത്രമേ അദ്ദേഹത്തിനും വിശദീകരിക്കാൻ സാധിച്ചുള്ളൂ. ക്ലാസ്സിക്കൽ ഫിസിക്സിന്റെ നിയമാവലികളിലൂടെ സഞ്ചരിച്ച ക്രിസ്ത്യൻ ഹൈജൻസും, ക്ലാർക്ക് മാക്സവെല്ലും കുറെയൊക്കെ മുന്നേറിയെങ്കിലും പ്രകാശം പിടികൊടുത്തില്ല. ക്ലാസിക്കൽ ഫിസിക്സിന്റെ സൂത്രവാക്യങ്ങൾക്കപ്പുറത്തും മഹാസത്യങ്ങൾ ഉണ്ടാകാമെന്ന ചിന്ത ശാസ്ത്രലോകത്തെ ഇടനാഴികളിൽ പതുക്കെപ്പതുക്കെ ചർച്ചാ വിഷയമായി.
ഈ അവസരത്തിലാണ് ഫ്രാൻസിൽ മാക്സ് പ്ലാങ്ക് ക്വാണ്ടം തിയറിയുമായി രംഗപ്രവേശം ചെയ്യുന്നത്. പ്രകാശം ഒരേ സമയം കണവും തരംഗവുമാണ്. തരാതരം പോലെ അവൻ രണ്ടു സ്വഭാവവും കാണിക്കുമെന്നൊക്കെ പറഞ്ഞപ്പോൾ ആദ്യം അന്തം വിട്ടത് മാക്സ് പ്ലാങ്ക് തന്നെയാണ്. നൂറ്റാണ്ടുകളിലൂടെ വളർന്ന് പന്തലിച്ച് നിൽക്കുന്ന ക്ലാസ്സിക്കൽ ഫിസിക്സിന്റെ കടക്കലെ കോടാലിയാണ് തന്റെ ഈ സിദ്ധാന്തം എന്ന് തിരിച്ചറിഞ്ഞ മാക്സ് പ്ലാങ്ക് അതിന് പ്രചാരം കൊടുത്തില്ല. ഐസക് ന്യൂട്ടൻ ആൾദൈവമായി നിറഞ്ഞു നിൽക്കുന്ന ശാസ്ത്രലോകത്തെ ശാസ്ത്രമൗലികവാദികൾ അന്ന് അത്രയേറെ ശക്തരായിരുന്നു (അവരുടെ മറ്റൊരു രൂപമാണ് ഇന്ന് നമ്മുടെയിടയിൽ കാണുന്ന യുക്തിവാദികൾ. ഇരുന്നാലും നിന്നാലും തിരിഞ്ഞാലും ശാസ്ത്രം ശാസ്ത്രം എന്ന് പറഞ്ഞ് നിലവിളിക്കാനല്ലാതെ യഥാർഥ ശാസ്ത്രീയ ചിന്തയുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും ഇക്കൂട്ടർക്കില്ല).
പക്ഷേ, സത്യങ്ങൾ എത്രകാലം മൂടിവെക്കാനാകും. നൂറ്റാണ്ടുകൾ കൂടുമ്പോൾ ഉണ്ടാകുന്ന അവതാരപ്പിറവികൾ വരുന്നത് പുതുയുഗത്തിന്റെ മാർഗ്ഗദീപങ്ങളുമായാണ്. ആൽബർട്ട് ഐൻസ്റ്റീൻ എന്ന ജർമ്മൻ ജൂതന്റെ വരവും അങ്ങനെ തന്നയായിരുന്നു. ഉന്മാദത്തോളം പോന്ന വിഷാദഭാവവും താറുമാറായ കുടുംബ ജീവിതവും തുടർച്ചയായ പ്രവാസജീവിതവും ആ യുവാവിനെ കൂടുതൽ അന്തർമുഖനാക്കി. പക്ഷെ ആ മനസ്സ് സഞ്ചരിച്ചുകൊണ്ടിരുന്നത് പ്രപഞ്ച സങ്കീർണതകളിലെ മഹാരഹസ്യങ്ങളിലൂടയാണ് എന്ന് ആരും മനസ്സിലാക്കിയില്ല.
മാക്സ് പ്ലാങ്ക് മടിച്ച് നിന്ന ക്വാണ്ടം തിയറി ഉപയോഗിച്ച് പ്രകാശത്തിന്റെ ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഐൻസ്റ്റീൻ വിശദീകരിക്കുകയും 1905 ൽ സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി പുറത്ത് വിടുകയും ചെയ്തതോടെ ന്യൂട്ടൻ എന്ന വടവൃക്ഷം ആടിയുലഞ്ഞു. ഐൻസ്റ്റീൻ തുറന്നു വിട്ട ഭൂതം ക്ലാസ്സിക്കൽ ഫിസിക്സിന്റെ നിയമങ്ങളെയെല്ലാം കടപുഴക്കി ആഞ്ഞടിച്ചു.
തിയറി ഓഫ് റിലേറ്റിവിറ്റി
ഐൻസ്റ്റീൻ പറയുന്ന പ്രകാരം ഒരു നിയമവും സ്ഥിരമല്ല. ആപേക്ഷികമാണ്. സമാന്തരമായി സഞ്ചരിക്കുന്ന രണ്ട് ട്രെയിനുകളിലെ യാത്രക്കാർക്ക് പരസ്പരം തോന്നുന്നത് നിശ്ചലാവസ്ഥയാണ്. എന്നാൽ പുറത്ത് നിൽക്കുന്ന ആൾക്ക് അവർ ചലിക്കുകയുമാണ്. ഇവിടെ സത്യം ആപേക്ഷികമാണ്. ഇത് പോലെ തന്നയാണ് എല്ലാം. ഭൂമി എന്ന ഫ്രെയിം ഓഫ് റഫറൻസിൽ മാത്രമേ നമ്മുടെ ചലന നിയമങ്ങൾ ബാധകമാകൂ. ഇവിടെ ദിവസവും നാം ഒരു ഉദയവും അസ്തമയവും കാണുമ്പോൾ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ യാത്രികർ 27 ഉദയാസ്തമയങ്ങൾ കാണുന്നു. അപ്പോൾ എന്താണ് സമയം എന്താണ് ചലനം.
വളരെ ലളിതമായി ഐൻസ്റ്റീൻ റിലേറ്റിവിറ്റി പറഞ്ഞു കൊടുത്തതിങ്ങനയാണ്. നിങ്ങൾ ഒരു അറുബോറൻ ക്ലാസ്സിലിരിക്കുകയാണ് എന്ന് കരുതുക. ഒരു മണിക്കൂർ ഒരു യുഗം പോലെയാവും അനുഭവപ്പെടുക. അതെ നിങ്ങൾ കാമുകിയുമായി പ്രണയസല്ലാപത്തിലാണ് എന്ന് കരുതുക. ഒരു മണിക്കൂറിനു ഒരു നിമിഷത്തിന്റെ ദൈർഘ്യം പോലുമുണ്ടാവില്ല.
പരീക്ഷണ നിരീക്ഷണങ്ങളുടെ സാമ്പ്രദായിക രീതികളിൽ നിന്നും ,ശാസ്ത്രീയ ചിന്തയെ തത്വശാസ്ത്രപരമായ ബോധാതലങ്ങളിലെക്ക് കൈപിടിച്ച് നടത്തി എന്നതാണ് ഐൻസ്റ്റീൻ നടത്തിയ എറ്റവും വലിയ വിപ്ലവം. ഇവിടെ നിരീക്ഷണ വസ്തുവോടൊപ്പം നിരീക്ഷകനും ഒരു ഭാഗമാണ്. ഒന്നുകൂടി നീട്ടിപ്പറഞ്ഞാൽ ദൈവവും മനുഷ്യനും ഒന്നാകുന്ന അദ്വൈതം. തത്വമസി.
ആർക്കറിയാം പ്രപഞ്ചത്തിന്റെ മണിച്ചെപ്പിൽ എന്തൊക്കെ മഹാവിസ്മായങ്ങളാവും ഇനി നമ്മെ കാത്തിരിക്കുന്നത് എന്ന് …അല്ലേ …
പ്രതികരിക്കാൻ ഇവിടെ എഴുതുക: