നമ്മുടെ സ്വന്തം പി.സുശീല അംഗീകാരത്തിന്റെ ലോക നെറുകയില്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങളാലപിച്ച് സുശീല എത്തിനില്‍ക്കുന്നത് ലോകാംഗീകാരത്തിന്റെ ഗിന്നസില്‍. പതിനേഴായിരത്തി അറുനൂറ്റി തൊണ്ണൂറ്റി അഞ്ച് പാട്ടുകളുമായാണ് ഈ അനുഗ്രഹീത ഗായിക ഗിന്നസ് ബുക്കിലേക്കു പാടിയെത്തിയത്.
ഭാരതത്തിനു മുഴുവന്‍ അഭിമാനമായ ഈ അംഗീകാരം അവരുടെ പാട്ടുകേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന മലയാളിക്കു പ്രത്യേകിച്ചും നെഞ്ചേറ്റാവുന്ന ഹര്ഷമാണ്. ഒരു പെണ്ണിന്റെ കഥയില്‍ സുശീല പാടിയ പൂന്തേനരുവി പൊന്മുടിപ്പുഴയുടെ അനുജത്തി…എന്ന പാട്ടുകേള്‍ക്കുമ്പോള്‍ പൂന്തേനരുവി മനസിലേക്കു ഒഴുകിയെത്തും.
പാട്ടിന്റെ പട്ടുവഴിയില് ദേവഗായികയെപ്പോലെ വേറിട്ട ആലാപന സഞ്ചാരമായിരുന്നു എന്നും പി.സുശീലയ്ക്ക്. ആ സ്വരരാഗ സുധയില്‍ ആറാടി ജീവിതത്തിന്റെ വിവിധ വികാരങ്ങള്‍ ഏറ്റുവാങ്ങിയവരാണു നമ്മള്. കാലങ്ങളനവധി നമ്മുടേതുള്‍പ്പെടെ അവരുടെ സ്വരഗംഗാപ്രവാഹത്തിലൂടെ ഒഴുകിപ്പോയി.അതുകൊണ്ട് ഈ അംഗീകാരം ഓരോ ഭാരതീയനുംകൂടിയുള്ളതാണ്. അവരുടെ അനുപമമായ ശബ്ദമാധുരിയാണ് പ്രസിദ്ധം.ഹൃദയത്തില്‍ സരസ്വതി കുടിയിരിക്കുപോലെയാണത്.
ദക്ഷിണേന്ത്യയിലെ ലതാ മങ്കേഷ്ക്കര്‍ എന്ന ഓമനപ്പേരില്‍ സുശീല അറിയപ്പെടുന്നതും അതുകൊണ്ടാണ്. സ്നേഹാദരങ്ങള്കൊണ്ട്് സുശീലാമ്മയെന്നു വിളിക്കുന്ന ലക്ഷക്കണക്കിനുപേര്‍ ്അവരുടെ പാട്ടിന്റെ ലഹരിയില്‍ ഭ്രാന്തു പിടിക്കുന്നവരാണ്.
ആകാശവാണിയിലൂടെ രംഗത്തെത്തി പിന്നണി ഗായികയായിത്തുടങ്ങി പടിപടിയായുള്ള വളര്‍ച്ചയിലൂടെ 60ല്‍ പ്രശസ്തിയുടെ പടര്ച്ചയിലെത്തി. പിന്നീട് ഒഴുകിപ്പരന്നൊരു സംഗീത സമുദ്രമാവുകയായിരുന്നു സുശീല.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഒറിയ, ബംഗാളി, സംസ്കൃതം എന്നിങ്ങനെ ഒട്ടുമിക്ക ഭാരതീയ ഭാഷകളിലും പാടി ഭാരതീയ ഗായികയായി മാറുകയായിരുന്നു. അങ്ങനെ ആയിരക്കണക്കിനു പാട്ടുകള്‍. നൂറു ഭക്തി ഗാനങ്ങളുള്‍പ്പെടെ 916 ഗാനങ്ങള്‍ മലയാളത്തില്‍ പാടിയിട്ടുണ്ട്. ഈ ആന്ധ്രാസ്വദേശിയുടെ മലയാള ഗാനങ്ങള്‍ തങ്ങളുടെ സ്വന്തം ഭാഷയുടെ തനതമൃതായിരുന്നു മലയാളിക്ക്.
കെ.വി മഹാദേവന്, എം.എസ് വിശ്വനാഥന് തുടങ്ങിയവരുടെ സംവിധാനത്തിലാണ് ആദ്യകാലത്ത് സുശീല പാടിയത്. എസ്.പി ബാലസുബ്രഹ്മണ്യത്തോടൊപ്പമാണ് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. ഒരുമിച്ചു പാടിയത് 1336ഗാനങ്ങള്‍. ഗിന്നസിന്റെ കണക്കിലുള്ളതിനേക്കാള്‍ സുശീല പാടിയിട്ടുണ്ട്. പക്ഷേ അതില്‍ പലതും രേഖപ്പെടുത്തിയിട്ടില്ല. രേഖപ്പെടുത്തിയതാണ് ഗിന്നസിലെ കണക്ക്. പെട്ടന്നൊരുനാള്‍ നേടിയതല്ല, നെടുനാളത്തെ ആത്മസമര്‍പ്പണത്തിന്റെ ത്യാഗമാണ് നാം ഇന്നാരാധിക്കുന്ന സുശീലാമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: