ഇടതുമുന്നണി 124 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫിനെ കടത്തിവെട്ടിയെങ്കിലും തുടക്കത്തിലുള്ള ആത്മവിശ്വാസം ഇപ്പോഴില്ല. 124 പേരില്‍ 44 പേര് സിറ്റിംഗ് എംഎല്‍എ മാരാണ്. തൊടുപുഴ, കോതമംഗലം മണ്ഡലങ്ങളില്‍ സിപിഎമ്മും എന്‍സിപിയും ജനതാദളും അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല.
പതിവില്‍ നിന്ന് വ്യത്യസ്തമായി സിപിഎമ്മില്‍ മിക്ക ജില്ലകളിലും മര്‍മ്മരങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് ഇത് രൂക്ഷമായത്. പ്രത്യേകിച്ച് തൃശൂരിലും എറണാകുളത്തും, പാലക്കാട്ടും. ഇതിനുമുമ്പ് ഒരിക്കലുമുണ്ടാകാത്ത രീതിയില്‍ ഫ്ളക്സ് ബോര്‍ഡുകളും ചുമരെഴുത്തുവരെ പല മണ്ഡലങ്ങളിലും ഉയര്‍ന്നിരുന്നു. മാത്രമല്ല തൃപ്പുണിത്തറ, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ഒറ്റപ്പാലം, തൃത്താല മണ്ഡലങ്ങളില്‍ രണ്ടിലേറെ ആളുകളെ നിശ്ചയിക്കുകയും പല വട്ടം മാറ്റുകയും ചെയ്തു. ഇവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ പിബിയും സിസിയും ഡിസിയും എസിയും എത്രതവണ കൂടിയെന്നത് കണക്കില്ല.
ഒരു കാലത്ത് ഇതൊന്നും പാര്‍ട്ടിയില്‍ ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു. മുകളില്‍ നിന്ന് പറയുന്നത് താഴെ അനുസരിക്കുകയെന്ന അച്ചിട്ട സംവിധാനമാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. അതായത് തിരുവായ്ക്ക് എതിര്‍വായില്ല. പറയുന്നത് അനുസരിക്കുക, കേള്‍ക്കുക, തിരിച്ച് ഇങ്ങോട്ട് പറയരുത് എന്നതായിരുന്നു അവസ്ഥ. എന്നാല്‍ കാലം മാറി കഥമാറി. പറയുന്നത് മുഴുവന്‍ അനുസരിക്കാന്‍ അണികള്‍ തയ്യാറല്ല. നിശ്ചയിച്ച സ്ഥാനാര്‍ത്ഥികള്‍ ആരും മോശക്കാരായിരുന്നില്ല. പക്ഷേ അവര്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ സ്വമേധയാ പിന്മാറുകയായിരുന്നു.
കെപിഎസി ലളിതയെ പോലുള്ള പ്രമുഖ വ്യക്തികളെ സ്ഥാനാര്‍ത്ഥികളാക്കുകയും പിന്നീട് മാറ്റേണ്ടിവരുകയും ചെയ്യുകയെന്നത് സിപിഎം സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. മുന്‍ എംഎല്‍എയും എറണാകുളത്തെ പ്രമുഖ നേതാവുമായ ദിനേശ് മണിയുടെ കാര്യവും വ്യത്യസ്തമല്ല. തൃപ്പുണിത്തുറയിലും തൃത്താലയിലും മൂന്നുതവണയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. അതു തന്നെ ഒറ്റപ്പാലത്തും ആവര്‍ത്തിച്ചു. ഇരിങ്ങാലക്കുടയും വടക്കാഞ്ചേരിയിലും ഒട്ടും മോശമായില്ല. ബേപ്പുരില്‍ എളമരം കരീമിനെ ഒഴിവാക്കിയപ്പോള്‍ അണികള്‍ നിശ്ചയിച്ചയാളെ സ്ഥാനാര്‍ത്ഥിയാക്കേണ്ടി വന്നു. കണ്ണൂരില്‍ പോലും ഇത്തരമൊരു സ്ഥിതി സംജാതമായിയെന്നത് പാര്‍ട്ടിയെ ഉറക്കെ ചിന്തിപ്പിക്കുന്നു. ഇപ്പോഴും രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാത്തത് ഇതിന്റെ ഭാഗമാണ്.
സിപിഐയിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ പ്രാവശ്യം അവര്‍ 27 സീറ്റുകളില്‍ മത്സരിച്ചിരുന്നു. ഇത്തവണ രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ഉള്ള സീറ്റുകളില്‍ പോലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ മാരത്തോണ്‍ ചര്‍ച്ചകളാണ് നടന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിനെ ചൊല്ലിയുണ്ടായ വിവാദത്തോടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തുടക്കത്തില്‍ നിന്നും ഒഴിവാക്കിയ മുന്‍ മന്ത്രി സി ദിവാകരനെ അവസാന നിമിഷം പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിവന്നു.
തൃശൂരില്‍ സാമൂഹ്യ-സാംസ്കാരിക രംഗത്തെ ഒരു പ്രമുഖനെ സ്ഥാനാര്‍ത്ഥിയാക്കുവാന്‍ അവസാനനിമിഷംവരെ ശ്രമിച്ചെങ്കിലും വി.ആര് സുനില്‍കുമാറിനെ തന്നെ അവസാനം ആശ്രയിക്കേണ്ടിവന്നു. എതെങ്കിലും തരത്തില്‍ തൃശൂര്‍ മണ്ഡലം പിടിച്ചെടുക്കുകയെന്നതാണ് ഇതിന്റെ പിന്നില്‍. മണ്ണാര്‍ക്കാട്ടും നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കേണ്ടിവന്നു. ഇടതുമുന്നണിയോട് സഹകരിക്കുന്ന പല പാര്‍ട്ടികള്‍ക്കും കറിവേപ്പിലയുടെ അവസ്ഥയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: