തിരുവനന്തപുരം: കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ച തിരുവനന്തപുരത്തു നിന്നു ദില്ലിയിലേക്ക് മാറ്റിയത് ഇന്ദിരാഭവനിലെ സംഘര്‍ഷം ഒഴിവാക്കാന്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്തും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്തും ഇന്ദിരാഭവനില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ഇത്തവണ ഒഴിവാക്കണമെന്ന കെപിസിസി പ്രസിഡന്റിന്റെ ഉറച്ച നിലപാടാണ് സീറ്റ് നിര്ണ്ണയചര്ച്ച ദില്ലിയിലേക്ക് മാറ്റാന്‍ കാരണം. രമേശ് ചെന്നിത്തലയും സൂധീരന്റെ നിലപാടിനോട് അനുകൂലിക്കുകയായിരുന്നു. ക്യാബിനറ്റ് പോലും ഒഴിവാക്കി ദില്ലിയില്‍ ഒരാഴ്ച നേതാക്കള്‍ തങ്ങി സീറ്റ് ചര്‍ച്ച നടത്തുന്നത് ഇത് ആദ്യമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് സീറ്റ് നിര്‍ണ്ണയ ചര്‍ച്ചയ്ക്ക് പ്രധാന വേദിയായത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനായിരുന്നു. തര്‍ക്ക സീറ്റുകള്‍ ഒഴികെയുള്ളവ ഹൈക്കമാന്റിന്റെ അനുമതിയോടെ കെപിസിസി ആസ്ഥാനത്തായിരുന്നു പ്രഖ്യാപനം. സീറ്റ് നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്റ് പലവട്ടം ഇന്ദിരാഭവനില്‍ വന്നുപോകാറുണ്ട്. എന്നാല്‍ ഇക്കുറി ചര്‍ച്ചകള്‍ക്കായി ഹൈക്കാന്റ് ഇന്ദിരാഭവനില്‍ എത്തിയിരുന്നില്ല. പകരം യുഡിഎഫ് ചര്‍ച്ചകളാണ് കെപിസിസി ആസ്ഥാനത്ത് നടത്തിയത്.
കഴിഞ്ഞ പാര്‍ലമെന്റെ-തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സീറ്റ് നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കൊടുവില്‍ കെപിസിസി ആസ്ഥാനത്ത് പലവട്ടം മാര്‍ച്ചും നേതാക്കളുടെ കോലം കത്തിക്കലും സംഘര്‍ഷവും നടന്നിരുന്നു. പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. യൂത്ത് കോണ്‍ഗ്രസ്സുകാരുടെയും മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെയും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള മാര്‍ച്ചിനു വരെ കെപിസിസി ആസ്ഥാനം വേദിയായി.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത് ഏറെ രൂക്ഷമാവുകയും ചെയ്തു. കെപിസിസി മന്ദിരത്തിനു പുറത്ത് നടന്ന സംഘര്‍ഷം ഓഫീസിന് അകത്ത് കൈയാങ്കളിയിലും അടിപിടിയിലുമാണ് കലാശിച്ചത്
സീറ്റ് ചര്‍ച്ച തിരുവനന്തപുരത്തായിരുന്നെങ്കില്‍ നിരവധി സംഘര്‍ഷങ്ങള്‍ ഇതിനകം നടക്കുമായിരുന്നു. സംഘര്‍ഷമുണ്ടായാല്‍ പോലീസിന് ഇടപെടേണ്ടിവരും. അത് ലാത്തിചാര്‍ജ്ജില്‍ കലാശിച്ചാല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ പ്രവര്‍ത്തകര്‍ തിരിയും. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പ്രതിപക്ഷപാര്‍ട്ടികളും മാധ്യമങ്ങളും ഇത് ചര്‍ച്ചയാക്കും.
ചര്‍ച്ച ദില്ലിയിലായതോടെ ഇത്തരം സംഭവങ്ങള്‍ നടക്കാനിടയില്ല. നേതാക്കള്‍ മാത്രമെ ദില്ലിയിലൂള്ളൂ.
ലക്ഷങ്ങള്‍ ചെലവഴിച്ചാണ് സീറ്റ് ചര്‍ച്ച ദില്ലിയില്‍ നടക്കുന്നത്. കേരള ഹൗസിലെ മുറികളെല്ലാം കോണ്‍ഗ്രസ് സീറ്റ് മോഹികള്‍ കൈയടക്കിയിരിക്കുകയാണ്. നേതാക്കളുടെ കൂടെ ഏതാനും അണികളും ദില്ലിയിലെത്തിയിരുന്നെങ്കിലും സീറ്റ് ചര്‍ച്ച അനന്തമായി നീളുന്നതിനാല്‍ നേതാക്കള്‍ ഒഴികെയുള്ളവര്‍ തിരികെ നാട്ടിലേക്ക് വണ്ടികയറി. അവര്‍ നാട്ടില്‍ പോസ്റ്റര്‍ യുദ്ധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: