വനവാസികള്‍ ഇപ്പോഴും നില്‍ക്കുകയാണ്
വിപ്ലവകരമായ തീരുമാനമെന്നാണ് നില്‍പ്പ് സമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ.ജാനു പ്രതികരിച്ചത്. 162 ദിവസം അധികാര വര്‍ഗ്ഗത്തിന്റെ കണ്മുന്നില് അവകാശങ്ങള്‍ക്ക് വേണ്ടി നട്ടെല്ലുയര്‍ത്തി നിന്ന മണ്ണിന്റെ മക്കള്‍ സര്‍ക്കാരിന്റെ വാക്കുകള്‍ വിശ്വസിച്ച് സമരപ്പന്തലില്‍ ആനന്ദനൃത്തം ചവിട്ടി. പതിറ്റാണ്ടുകളായി കേരളത്തിലെ മുന്നണി ഭരണം തുടരുന്ന വനവാസി വഞ്ചനയുടെ അവസാനിക്കാത്ത ഉദാഹരണങ്ങളിലൊന്നാണ് സര്‍ക്കാര്‍ മധുരത്തില്‍ പൊതിഞ്ഞ് നല്‍കിയതെന്ന് തിരിച്ചറിയാന്‍ സി.കെ.ജാനുവിനും കൂട്ടര്‍ക്കും ദിവസങ്ങള്‍ വേണ്ടി വന്നു. അടിസ്ഥാന വിഭാഗത്തിന്റെ അവകാശത്തെ തോക്കുപയോഗിച്ച് ചോരയില്‍ മുക്കിയാണ് മുത്തങ്ങയില്‍ എ.കെ.ആന്റണി സര്‍ക്കാര്‍ അടിച്ചമര്ത്തിയതെങ്കില് ഉമ്മന്‍ ചാണ്ടി ധൃതരാഷ്ട്രാലിംഗനത്തിലൂടെ തകര്‍ത്തുകളയുകയായിരുന്നു.
പതിഞ്ഞു തുടങ്ങിയ നില്‍പ്പ് സമരം സി.കെ.ജാനുവെന്ന വനവാസി നേതാവിന്റെ നേതൃത്വത്തില്‍ പിന്നീട് കത്തിപ്പടരുന്നതാണ് കേരളം കണ്ടത്. സെക്രട്ടേറിയറ്റില്‍ തങ്ങളുടെ അധികാരക്കസേരകള്‍ക്ക് മുന്നിലായിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും സമരക്കാരെ കണ്ടതായിപ്പോലും ഭാവിച്ചിരുന്നില്ല. എന്നാല്‍ പൊതുസമൂഹത്തിന്റെ മുഴുവന്‍ പിന്തുണയോടെയും സമരം കരുത്താര്‍ജ്ജിച്ചപ്പോള്‍ സര്‍ക്കാരിന് നില്‍ക്കക്കള്ളിയില്ലാതായി. ഒത്തുതീര്‍പ്പല്ലാതെ വഴിയില്ലെന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടിലതയാണ് നില്‍പ്പ് സമരത്തെ ഭരണകൂടത്തിന്റെ മറ്റൊരു വനവാസി വഞ്ചനയുടെ ഉദാഹരണമാക്കിയത്. എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് 2014 ഡിസംബര്‍ 17ന് സമരത്തിന് സര്‍ക്കാര്‍ തിരശ്ശീല വീഴ്ത്തി. ഒരു വര്‍ഷം പിന്നിട്ടും വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് നില്‍പ്പ് സമരം പുനരാരംഭിക്കാനിരിക്കുകയായിരുന്നു ഗോത്രമഹാസഭ. ഈ സാഹചര്യത്തിലാണ് സമരത്തിന് നേതൃത്വം നല്കിയ സി.കെ.ജാനു തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുടെ ഭാഗമാകുന്നത്.
സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് ഇങ്ങനെ:
1. കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയും അനുമതി നല്കിയ 7693 ഹെക്ടര്‍ വനഭൂമി വനവാസികള്‍ക്ക് പതിച്ചു നല്‍കും.
2. പെസ നിയമം നടപ്പിലാക്കും.
3. മുത്തങ്ങയില്‍ കുടിയിറക്കപ്പെട്ട 447 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതവും രണ്ടര ലക്ഷം രൂപയും നല്‍കും.
4. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ജയിലിലായ കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും.
5. ആറളം ഫാമിലെ പ്രശ്നങ്ങള്‍ പരിഹരിക്കും.
6. ആദിവാസി പുനരധിവാസ മിഷന് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും.
7. അട്ടപ്പാടി ഊരുകളില്‍ പരമ്പരാഗത കൃഷിക്കുള്ള പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും.
8. പ്രോജക്ട് ഫാമുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് കൈവശരേഖ നല്‍കും.
നിലവിലെ അവസ്ഥ
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. 2001ലെ കുടില്‍ കെട്ടി സമരത്തെ തുടര്‍ന്ന് അനുവദിക്കപ്പെട്ട വനഭൂമിയാണ് ഇന്നും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ സര്‍ക്കാര്‍ വഞ്ചിക്കുന്നത്. പലയിടങ്ങളിലും ഭൂമി അന്യാധീനപ്പെടുകയും വനവാസികളല്ലാത്തവര് കയ്യടക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂമി വനവാസികള്‍ക്ക് നല്‍കുമെന്ന നില്‍പ്പ് സമരത്തിലെ ഉറപ്പും പാഴാകുന്നത്.
മുത്തങ്ങയില്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതവും രണ്ടര ലക്ഷം രൂപയും നല്‍കുമെന്ന വാഗ്ദാനവും പ്രഖ്യാപനത്തിലൊതുങ്ങി. 447 കുടുംബങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ അറുന്നൂറിലേറെ വരുമെന്ന് ഗോത്രമഹാസഭ പറയുന്നു. ഇതില്‍ മുന്‍ഗണനാക്രമത്തില്‍ 225 പേരെ തെരഞ്ഞെടുത്ത് പട്ടയമേള നടത്തിയെങ്കിലും 12ഓളം പേര്‍ക്ക് മാത്രമാണ് പട്ടയം ലഭിച്ചത്. ഭരണം അവസാനിക്കുമ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ ഒരുറപ്പും പറയാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ജയിലിലായ കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. 33 കുട്ടികളുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ മനുഷ്യാവകാശ കമ്മീഷന്റെ കണക്ക് 161 കുട്ടികളാണ്. കൃത്യമായ വിവരശേഖരണം പോലും ഇക്കാര്യത്തില്‍ നടത്തിയിട്ടില്ല. വനാവകാശ നിയമം പൂര്‍ണമായും നടപ്പിലാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ അവഗണിച്ചു. ആറളം ഫാമിലെ പ്രശ്നങ്ങളില്‍ പ്രത്യേകിച്ച് ഒരിടപെടലും സമരത്തിന് ശേഷം സര്‍ക്കാര്‍ നടത്തിയിട്ടില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല.
പ്രോജക്ട് ഫാമുകളില്‍ താമസിക്കുന്ന അറുനൂറോളം കുടുംബങ്ങള്ക്കാണ കൈവശരേഖ ലഭിക്കാനുള്ളത്. ആദിവാസി പുനരധിവാസ മിഷന് പ്രവര്‍ത്തനങ്ങളും അട്ടപ്പാടി ഊരുകളിലെ പരമ്പരാഗത കൃഷിക്കുള്ള പദ്ധതികളും ശക്തിപ്പെടുത്തുമെന്ന ഉറപ്പും വെള്ളത്തില്‍ വരച്ച വരയായി. പെസ നിയമം നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: