തിരുവനന്തപുരം: അതിര്‍ത്തികടന്ന് കേരളത്തിലേക്ക് പ്രതിവര്‍ഷം ഒഴുകുന്നത് ടണ്‍കണക്കിന് സ്ഫോടകവസ്തു. പൂട്ടിപ്പോയ തീപ്പെട്ടി കമ്പനികളുടെ മറവിലാണ് സ്ഫോടക വസ്തു കടത്തുന്നത്.
കേരള-തമിഴ്നാട് അതിര്‍ത്തിയിലൂടെയാണ് സ്ഫോടക വസ്തു കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിലെ തീപ്പെട്ടി കമ്പനികളില്‍ ഭൂരിഭാഗവും പൂട്ടിയിട്ട് വര്‍ഷങ്ങളായെങ്കിലും ലൈസന്‍സ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
കാറുകളിലാണ് ചെക്ക്പോസ്റ്റ് വഴി വെടിമരുന്നെത്തിക്കുന്നത്. ഇവിടങ്ങളില്‍ ‘വേണ്ടവിധം’ ഉദ്യോഗസ്ഥരെ കണ്ടാല്‍ കാറിലെന്നല്ല ലോറികളില്പ്പോലും ഇവ കടത്താമെന്ന് പടക്കനിര്‍മാണ തൊഴിലാളികള്‍ പറയുന്നു. പലപ്പോഴും അഞ്ചോ ആറോ തൊഴിലാളികളോടൊപ്പമാകും കാറുകളില്‍ തമിഴ്നാട്ടിലെത്തുക. ചാക്കുകളില്‍ നിറച്ച വെടിമരുന്ന് സാമഗ്രികള്‍ കാറിനുള്ളില്‍ വച്ചശേഷം യാത്രതുടരും. ചെക്ക്പോസ്റ്റ് എത്തുന്നതിന് മുമ്പ് കാര്‍ നിര്‍ത്തും. ചാക്കുമായി തൊഴിലാളികള്‍ കാട്ടു പാതയിലൂടെ ചെക്ക്പോസ്റ്റിന് ഇപ്പുറം എത്തിക്കും. മാസത്തില്‍ രണ്ട് മൂന്ന് തവണ ഇത്തരത്തില്‍ വെടിമരുന്നെത്തിക്കും. ഇതാണ് കടത്തല്‍ രീതി. ആദ്യകാലത്ത് രാത്രിയില്‍ മാത്രം കടത്തിയിരുന്നത് ഇപ്പോള്‍ പകലും നടത്തുന്നു. അഥവാ പിടികൂടിയാല്‍ തീപ്പെട്ടി കമ്പനിയുടെ ലൈസന്‍സ് ഉപയോഗിച്ച് രക്ഷപ്പെടും.
ലൈസന്‍സുകള്‍ പുതുക്കി നല്കുമ്പോള് കളക്ടര്‍മാര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാത്തതാണ് ഇതിന് പ്രധാനകാരണം. 2008 വരെ എക്സ്പ്ലോസീവ് ഉന്നതാധികാരികളാണ് അനുമതി പത്രം നല്‍കിയിരുന്നത്. ഈ അധികാരം കളക്ടര്‍മാരില്‍ എത്തിയതോടെ ആര്‍ക്കും ലൈസന്‍സ് ലഭ്യമാകും എന്ന അവസ്ഥയായി.
ലൈസന്‍സിനായി ഒരാള്‍ അപേക്ഷിച്ചാല്‍ അതിനു വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കണം. അപേക്ഷകന് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പോലീസ് സാക്ഷ്യപ്പെടുത്തണം. അഗ്നിശമന സുരക്ഷാ സംവിധാനങ്ങള്‍ അഗ്നിശമന സേന പരിശോധിച്ച് ഉറപ്പ് വരുത്തണം. മാത്രമല്ല കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ ഉണ്ടാകണം. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കേണ്ട വില്ലേജ് അധികാരികളും സുരക്ഷാ സംവിധാനം പരിശോധിക്കേണ്ട അഗ്നിശമനസേനയും പോലീസും ഇത്തരം ലൈസന്‍സികള്‍ക്ക് ഒത്താശ ചെയ്യുന്നതോടെ കേരളത്തില്‍ വെടിമരുന്നിന്റെ വന്‍ശേഖരം എത്തുന്നു.
ടണ്‍കണക്കിന് സ്ഫോടക വസ്തുവാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് കരാറുകാരനായ ഉമേഷ് തന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെ തുറസ്സായ സ്ഥലത്ത് വാതിലുകള്പോലുമില്ലാത്ത കെട്ടിടത്തിലാണ് വെടിമരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം ഇവിടെ നിന്നുമാത്രം പിടികൂടിയത് പത്ത് ടണ്ണോളം വെടിമരുന്നും സ്ഫോടക വസ്തുവുമാണ്. 15 കിലോ മാത്രം സൂക്ഷിക്കാന്‍ ലൈസന്‍സ് ഉള്ള ഗോഡൗണില്‍ നിന്നാണ് ആയിരം കിലോ പിടിച്ചത്. നിരോധനം ഭയന്ന് പുറ്റിങ്ങല്‍ ക്ഷേത്രത്തിന് സമീപത്തെ മറ്റൊരു ക്ഷേത്രത്തില്‍ ഉമേഷിന്റെ ഉടമസ്ഥതയില്‍ വന്‍ പടക്കശേഖരം സൂക്ഷിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. അങ്ങനെയെങ്കില്‍ മാസങ്ങളോളമായി ചെമ്പൂര് കട്ടിയാടുള്ള ഗോഡൗണില്‍ വന്‍ വെടിമരുന്ന് ശേഖരം ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍.
തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പടക്ക നിര്‍മാണ ശാലകളിലും ക്വാറികളിലും ഉള്‍പ്പെടെ പരിശോധന നടത്തി സ്ഫോടക വസ്തുവിന്റെ അളവ് നിശ്ചയിക്കണമെന്നാണ് നിയമം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരുമാസത്തോളമായിട്ടും തിരുവനന്തപുരം ജില്ലയില്‍ ഇത്തരം പരിശോധനകള്‍ നടന്നിട്ടില്ല എന്നാണ് ഗോഡൗണില്‍ നിന്ന് പിടികൂടിയ സ്ഫോടക വസ്തു വ്യക്തമാക്കുന്നത്. ഇത്രയധികം സ്ഫോടകവസ്തു സൂക്ഷിച്ചിട്ടും പോലീസിന്റെയോ സ്പെഷ്യല്‍ ബ്രാഞ്ചിന്റെയോ ശ്രദ്ധയില്‍പെട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്.
സുരേന്ദ്രന്റെ പേരിലുണ്ടായിരുന്ന മഹാദേവ ഫയര്‍വര്‍ക്സിന്റെ ലൈസന്‍സ് മകന് ഉമേഷിന്റ പേരിലേക്ക് മാറ്റിയത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ബോംബ് കേസില്‍ പ്രതിയും ബോംബ് പൊട്ടി കൈക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഉമേഷിന്റെ പേരില്‍ ലൈസന്‍സ് നല്‍കിയത് ഉദ്യോഗസ്ഥരുടെ അനാസ്ഥയും അഴിമതിയും വ്യക്തമാക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കഴക്കൂട്ടം കാട്ടായിക്കോണത്ത് ബിജെപി പ്രകടനത്തെ സിപിഎം ആക്രമിച്ച് നിരവധിപേരെ ഗുരുതരമായി പരിക്കേല്‍പ്പിച്ചിട്ടും പോലീസ് ഉമേഷിന്റെ ഗോഡൗണോ സ്ഥാപനമോ പരിശോധിച്ചില്ല എന്നാണ് പിടികൂടിയ വെടിമരുന്നിന്റെ അളവ് വ്യക്തമാക്കുന്നത്.
ഇത്തരത്തില്‍ കളക്ടര്‍മാരുടെ അനാസ്ഥയില്‍ കേരളത്തില്‍ സൂക്ഷിച്ചിരിക്കുന്നത് ടണ്‍കണക്കിന് വെടിമരുന്നാണ്. യഥാസമയം പരിശോധനയോ കൃത്യമായ നടപടിക്രമങ്ങളോ ഇല്ലാത്തതിനാല്‍ വെടിമരുന്നുകള്‍ എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നതിലും ദുരൂഹതയുണ്ട്. ജില്ലയിലെ ബീമാപള്ളിയില്‍ നിന്നുള്‍പ്പെടെ വന്‍സ്ഫോടക വസ്തു കണ്ടെത്തിയതിന് പിന്നിലും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തം.
അപകട ദിവസം തിരുവനന്തപുരം കളക്ടര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് നൂറ് കിലോയിലധികം സ്ഫോടക വസ്തു സൂക്ഷിച്ചിരിക്കുന്നവരെ കുറിച്ച് ജനങ്ങള്‍ പോലീസില്‍ അറിയിക്കണമെന്നാണ്. ജില്ലയിലുള്ള ഭൂരിഭാഗം ലൈസന്‍സികള്‍ക്കും 15 കിലോ സൂക്ഷിക്കുവാന്‍ മാത്രമാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത് എന്ന സാമാന്യ വിവരം പോലും കളക്ടര്ക്കില്ല എന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: