ദുരന്തങ്ങള്‍ പലവിധമാണുണ്ടാകുന്നത്. പ്രകൃതി ദുരന്തവും മനുഷ്യനിര്‍മിതവും. പെരുമണ്ണിലും സുനാമിയിലും മറ്റും ഉണ്ടായത് ആദ്യയിനത്തില്പ്പെടും. എന്നാല്‍ കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം രണ്ടാമത്തെ വിഭാഗത്തില്‍പ്പെടും.
നൂറിലധികം പേര് മരിച്ചുവെന്നുമാത്രമല്ല 400 ഓളം പേര് ചികിത്സയിലുമാണ്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. അംഗവൈകല്യം സംഭവിച്ചവര്‍ വേറെ. ഇനിയുള്ള ജീവിതകാലംമുഴുവന്‍ നരകയാതന അനുഭവിച്ച് തള്ളിനീക്കേണ്ടവര്. അവരുടെ കാര്യമാണ് കഷ്ടം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരവും മറ്റും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എത്രമാത്രം അവരുടെ ജീവിതത്തില്‍ ഉപയോഗപ്രദമാകുമെന്നതുവേറെ.
തെരഞ്ഞെടുപ്പിന്റെ ചിട്ടവട്ടങ്ങള്‍ ഇവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് തടസമായികൂടാ. കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കാമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വിദഗ്ധ ഡോക്ടര്‍മാരേയും കൊണ്ട് കേരളത്തില്‍ പാഞ്ഞെത്തിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. എല്ലാ പ്രോട്ടോക്കോളും മാറ്റിവെച്ചാണ് അദ്ദേഹം എത്തിയതും മണിക്കൂറുകള്‍ കേരളത്തില്‍ ചെലവഴിച്ച് സംഭവസ്ഥലവും പരിക്കേറ്റ് കിടക്കുന്നവരേയും സന്ദര്‍ശിച്ചത്. ഈ സംഭവത്തെ ഒരു അന്വേഷണം കൊണ്ട് അവസാനിപ്പിക്കരുത്. റിപ്പോര്‍ട്ടുകള്‍ മാസങ്ങള്‍ക്കുള്ളില്‍ പുറത്തുവരും. തുടര്‍ന്നത് കോള്‍ഡ് സ്റ്റോറേജുകളില്‍ ഇരിക്കുകയും ചെയ്യും.
മനുഷ്യ ജീവന് അപഹരിക്കപ്പെടുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് സര്‍ക്കാര്‍ എത്രമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്നുള്ളത് അന്വേഷിക്കാന്‍ മറ്റൊരു റിപ്പോര്‍ട്ടുകൂടി വേണ്ടിവരും. റിട്ട.ജഡ്ജിയല്ല ഹൈക്കോടതി ജഡ്ജിയോ, അതിലുപരിയുള്ളവരോ അന്വേഷിക്കുന്ന റിപ്പോര്‍ട്ടുകളുടെ ഗതിയും ഇതുതന്നെ. മനുഷ്യന്റെ അനാസ്ഥകൊണ്ടുണ്ടാകുന്ന അപകടങ്ങളില്‍ ജനങ്ങളുടെ രോഷം തടയിടുവാന്‍ ഒരു ശ്രമം മാത്രമായത്.
എത്ര ശ്രദ്ധേയമായതും വിലയേറിയതുമായ നിര്‍ദ്ദേശങ്ങള്‍ നല്കിയാലും അതു ഒന്നും തന്നെ ഇന്നും പാലിക്കപ്പെട്ടിട്ടില്ല. പുക്കിപറമ്പില് ഉണ്ടായ ബസപകടത്തില്‍ 40 ലധികം പേര് വെന്തുമരിച്ചപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് കാണിച്ച നിയമവും നിയന്ത്രണവും അച്ചടക്കവും എത്രകാലം നീണ്ടുനിന്നെന്ന് നമുക്കറിയാം. അതിന്റെ റിപ്പോര്‍ട്ട് എവിടെയെന്ന് ഇന്നും ആര്‍ക്കുമറിയില്ല. ഇതേ സ്ഥിതി തന്നെയായിരിക്കാം പുറ്റിങ്ങലിലും സംഭവിക്കുന്നത്.
കേരളം ഇന്നേവരെ ദര്‍ശിക്കാത്ത ഒരു ഐക്യം ഇവിടെയുണ്ടായി എന്നുള്ളതും എടുത്തുപറയേണ്ടതുണ്ട്. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും കൈമെയ് മറന്ന് ഒന്നിച്ചുനിന്നു. ഉത്സവങ്ങള്‍ക്ക് കരിവേണമോ, കരിമരുന്ന് വേണമോ, വേണ്ടയോ എന്നുള്ള ചര്‍ച്ചകള്‍ നടക്കട്ടെ. സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച ധനസഹായം എത്രയും വേഗം നല്കുവാനുള്ള നടപടിയാണ് ഇനിയുണ്ടാകേണ്ടത്. ഇതിന് എന്ത് നൂലാമാലകളുണ്ടെങ്കിലും അതെല്ലാം മാറ്റാന്‍ കഴിയുന്ന ഇച്ഛാശക്തിയുള്ള ഭരണാധികാരികള്‍ നമുക്ക് ഉണ്ട്.
അതുപോലെ തന്നെ മനുഷ്യസ്നേഹത്തിന്റെ, സഹായത്തിന്റെ ഉറവ ഇനിയും വറ്റിയിട്ടില്ലയെന്നതിന് തെളിവാണ് മണിക്കൂറുകള്‍ക്കുള്ളില്‍ വന്നധനസഹായം. പല ക്ഷേത്രങ്ങളും ഇത്തവണ വെടിക്കെട്ട് മാറ്റിവെച്ച് അതിനുവരുന്ന ചെലവ് ഇവിടേക്ക് നല്കുവാന് തീരുമാനിച്ചതും സ്വാഗതാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: