കോട്ടയം: പാരിസ്ഥിതിക പ്രശ്നങ്ങള്‍ മൂലം നടപ്പിലാക്കാന്‍ സാധിക്കാത്ത അതിരപ്പള്ളി പദ്ധതി സമവായത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി.
കോട്ടയം ജില്ല സമ്പൂര്‍ണ്ണ വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലവൈദ്യുതിയാണ് ഏറ്റവും ലാഭകരം. മറ്റ് മാര്‍ഗ്ഗങ്ങളില്‍ ഉണ്ടാക്കുന്ന വൈദ്യുതിക്ക് വലിയ ചിലവാകുമെന്നും മന്ത്രി പറഞ്ഞു. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 29ന് കോഴിക്കോട്ട് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വന്‍കിട പദ്ധതികള്‍ക്ക് കേരളത്തില്‍ ഇനി സാധ്യത ഇല്ല. കായകുളം താപവൈദ്യുത നിലയത്തില്‍ നിന്നും വൈദ്യുതി ഉണ്ടാകുമ്പോള്‍ യൂണിറ്റിന് 12 രൂപയാകും. ഡീസല്‍ വൈദ്യുതിക്കും വിലകൂടും. സോളാര്‍ വൈദ്യുതിക്കും കാറ്റില്‍ നിന്നുളള വൈദ്യുതിക്കും ചിലവേറും. പൂര്‍ത്തിയാകാനുളള ചെറിയ പദ്ധതികള്‍ പുനരാരംഭിക്കണം. പുതിയ പദ്ധതികള്‍ തുടങ്ങണം. കേരളം ഇപ്പോള്‍തന്നെ വൈദ്യുതി ക്ഷാമത്തിലാണ്.
ഡാമുകള്‍ പൂര്‍ണ്ണമായും നിറഞ്ഞാല്തന്നെ ആവശ്യമുളളതിന്റെ 30 ശതമാനം മാത്രമേ വൈദ്യുതി ഉല്പാദിപ്പിക്കുന്നുള്ളൂ. ബാക്കി 70 ശതമാനം പുറത്തു നിന്നു വാങ്ങുകയാണ് ചെയ്യുന്നത്. 4.40 പൈസ നിരക്കിലാണ് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. ഇടമലക്കുടിയില്‍ പോലും വൈദ്യുതി എത്തിച്ചിട്ടുണ്ട്. കേസിലും വ്യവഹാരങ്ങളിലും പെട്ടുപോയ ഏതാനും ചില സ്ഥലങ്ങള്‍ ഒഴിച്ചാല്‍ പൂര്‍ണ്ണമായും വൈദ്യുതി എത്തിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്കിയ കേന്ദ്ര നിലപാടുകളെ മന്ത്രി അഭിനന്ദിച്ചു.
ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുക എന്നുള്ള പ്രധാനമന്ത്രിയുടെ ദീന് ദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജനയുടെ ഭാഗമായിട്ടാണ് പരിപാടി നടത്തിവരുന്നത്. രാജ്യത്ത് 36000 കോടി രൂപയാണ് ഇതിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്്. എല്ലാ ഗ്രാമങ്ങളിലെയും സ്കൂളുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, വീടുകള്‍ എന്നീസ്ഥലങ്ങളിലെല്ലാം വൈദ്യുതി എത്തിക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
തൊഴില്‍ മേഖലയുടെ വികസനം,വിദ്യാഭ്യാസ മേഖലയുടെ വികസനം എന്നിവയ്ക്ക് പദ്ധതി കൂടുതല്‍ ഊന്നല്‍ നല്കുന്നു. ആരോഗ്യം, ,ബാങ്കിംഗ് മേഖലകളുടെ വികസനം, വൈദ്യുത ലഭ്യതയിലൂടെ കുടില്‍ വ്യവസായങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും പുതിയ തൊഴില്‍ മേഖലകള്‍ പരിപോഷിപ്പിക്കുക, സാങ്കേതിക വിദ്യയുടെ വികസനം, വൈദ്യുതി ലഭ്യതയിലൂടെ സാമൂഹിക സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
75,600 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഈ പദ്ധതിയാണ് കേരളം സംസ്ഥാനത്തിന്റെതായി പ്രഖ്യാപിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കോട്ടയം ജില്ലയിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണരവും ഇതിലുള്‍പ്പെട്ടതാണ്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി, ജോയി എബ്രഹാം എം.പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലില്‍, കോട്ടയം നഗരസഭാ അദ്ധ്യക്ഷ പി.ആര് സോന, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എസ്. ഗോപകുമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: