മയക്കുമരുന്നടിച്ചു നടക്കുന്ന തെമ്മാടികള്‍ക്കു നടുറോഡില്‍ കുത്തിക്കൊല്ലാന്‍ വേണ്ടിയാണോ മാതാപിതാക്കള്‍ മക്കളെ വളര്‍ത്തുന്നത്. കഴിഞ്ഞാഴ്ച കൊച്ചിയിലെ പുല്ലേപ്പടിയില്‍ റിസ്റ്റി എന്ന പത്തു വയസുകാരനെ മൃഗീയമായാണ് മയക്കുമരുന്നിനടിമയായ അയല്‍വാസി കുത്തിക്കൊന്നത്. പതിനേഴു കുത്തായിരുന്നു. നെഞ്ചുപിടച്ചോടി വന്ന അമ്മയാണ് പിടയ്ക്കുന്ന മകന്റെ കഴുത്തില്‍ നിന്നും കത്തിവലിച്ചൂരിയത്. അതു കണ്ടവര്‍ക്കും വാര്‍ത്ത വായിച്ചവര്‍ക്കും കരള്പിടയുന്നതായിരുന്നു. ഇതു സംഭവിച്ചത് ബീഹാറിലോ ഉത്തര്‍പ്രദേശിലോ അല്ല. ഭാരതത്തിലെ തന്നെ ഏറ്റവും പരിഷ്കൃത ജനതയുള്ള ‘വിശാല വികസന കൊച്ചി‘യിലാണ്. ഇവിടെ ആര്‍ക്കും എവിടെ വച്ചും എന്തുംചെയ്യാം. ബലാത്സംഘം ചെയ്യാം. പിടിച്ചു പറിക്കാം. അപമാനിക്കാം. ക്രിമിനലുകള്‍ക്കു എല്ലാ സ്വാതന്ത്ര്യവുമുണ്ട്. സമാധാനത്തോടുകൂടി മനുഷ്യനു ജീവിക്കാന്‍മാത്രം കേരളത്തിലിന്നു സ്വാതന്ത്ര്യമില്ല.
ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ മിക്കവാറും മയക്കുമരുന്നു മാഫിയകളാണ് ഭരണം നിയന്ത്രിക്കുന്നത്. പ്രത്യേകിച്ചു മെക്സിക്കോ.ഹോളിവുഡ് സിനിമകളെപ്പോലെയാണ് അവിടെ മയക്കുമരുന്നു സംഘങ്ങളുടെ പരസ്പ്പര പോരാട്ടം.കൊല്ലപ്പെടുന്നത് ആയിരങ്ങളാണ്. സര്‍ക്കാരിനു ഭരിക്കണമെങ്കില്‍ ചിലപ്പോള്‍ ഇവരുടെ ദയാദാക്ഷിണ്യം വേണ്ടിവരുന്നു.
മയക്കുമരുന്നുമാഫിയ തുടങ്ങിയ ക്രിമിനല്‍ സംഘങ്ങളുടെ പിന്തുണയോടെയാണോ കേരളത്തിലും ഭരണം നടക്കുന്നത് എന്ന് കരുതണോ. അല്ലെന്നു കരുതാന്‍ ന്യായം കാണുന്നില്ല.
നിത്യവും മയക്കു മരുന്നു ക്രിമിനലുകളുടെ നേതൃത്വത്തില്‍ കൊലപാതകവും അക്രമവും തട്ടിക്കൊണ്ടുപോകലും നടക്കുകയാണ്. എതിര്‍ക്കുന്നവരെ ആക്രമിക്കുന്നു, കൊല്ലുന്നു. വന്‍കിട രാഷ്ട്രീയക്കാരും പോലീസിലെ ക്രിമിനലുകളുമാണ് മയക്കുമരുന്നു മാഫിയയെ പിന്തുണയ്ക്കുന്നതെന്നുതന്നയാണ് ജനങ്ങളുടെ വിശ്വാസം. ജനത്തിന്റെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ അത് പിടിച്ചു പറിക്കുന്ന അവസ്ഥ. ഇവിടത്തെ ക്രിമിനല്‍ വളര്‍ച്ചയ്ക്കു പോലീസിന്റെ അപകടകരമായ അലസതയും ജാബവാന്റെ കാലത്തെ കാലഹരണപ്പെട്ട നിയമവുമാണെന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്.
പോലീസില്‍ വളരെ നല്ലവരുണ്ടാകാം. പക്ഷേ അത്തരക്കാര്‍ ഒതുക്കപ്പെടുകയാണ്. പോലീസിന്റെ ജനവിരുദ്ധ സ്വഭാവം വ്യക്തമാക്കുന്ന എത്രയോ സംഭവങ്ങളാണ് ഇവിടെ നിത്യവും അരങ്ങേറുന്നത്. ഇങ്ങനെയൊരു ജനവിരുദ്ധസേനയെ എന്തിനിവിടെ തീറ്റിപ്പോറ്റണം. ഇവിടത്തെ പോലീസ് എപ്പോഴും പ്രതിയുടെ ഭാഗത്താണെന്നു ജനം സംശയിക്കുന്നു. അല്ലെങ്കില്‍ അങ്ങനെ ആകാന്‍ പോലീസ് നിര്‍ബന്ധിതരാകുന്നു. റിസ്റ്റി കൊല്ലപ്പെട്ടപ്പോഴും ഒരുപോലീസ് ഉദ്യോഗസ്ഥന് പ്രഖ്യാപിച്ചത് പ്രതി മാനസിക വിഭ്രാന്തിയുള്ളയാളാണെന്നാണ്. ഇങ്ങനെ പരസ്യപ്രഖ്യാപനം നടത്താന്‍ ഇയാള്ക്കാര് അധികാരം നല്കി. മാനസിക വിഭ്രാന്തിയുള്ളയാള്ക്ക് ആരേയും കതുത്തിക്കൊല്ലാമെന്നാണോ. അനേകം ആളുകള്‍ ആ സമയം റോഡിലുണ്ടായിട്ടും ഈ മാനസികരോഗി എന്തേ റിസ്റ്റിയെമാത്രം തെരഞ്ഞുപിടിച്ചു കുത്തിക്കൊന്നു. അതിനര്‍ഥം സ്വബോധത്താടെ തന്നെയാണ് കൊലപാതകം ചെയ്തതെന്നാണ്. പ്രതിയെ രക്ഷിക്കാന്‍വേണ്ടി പോലീസിന്റെ ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പോലീസുദ്യോഗസ്ഥന്റെ പരസ്യപ്രസ്താവന എന്നുവേണം കരുതാന്‍. പോലീസ് സേനയ്ക്കും നാടിനും അപമാനമായ കുറെ പോലീസ് ക്രിമിനലുകള്‍ ഇവിടെയുണ്ട്. അവരെപിടിച്ച് അകത്താക്കിയാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്കു കുറെയെങ്കിലും അയവുണ്ടാകും.
കഴിഞ്ഞിടെ അനേകം മയക്കുമരുന്നു റെയ്ഡ് കൊച്ചിയിലുണ്ടായി. നിത്യവും മയക്കുമരുന്നുവേട്ട നടക്കുന്നുണ്ട്. നട്ടെല്ലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് നേതൃത്വത്തിലുള്ളതുകൊണ്ടാണിത്. എന്നിട്ടും നടക്കാന്‍ പാടില്ലാത്തതു പലതും ഇവിടെ നടക്കുന്നു. പോലീസ് ഇനിയും ഉണരേണ്ടിയിരിക്കുന്നു,ഒപ്പം ജനങ്ങളും. കുറ്റവാളികളെക്കുറിച്ചു രഹസ്യവിവരം നല്കിയാല് ആ പേരുകള്‍പോലും കുറ്റവാളികള്‍ക്കു ചോര്‍ത്തിക്കൊടുക്കുന്ന പോലീസ് കുറ്റവാളികളെ എന്തുചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: