കേരളം ഇന്ന് പല കാര്യങ്ങളിലും വളരെയേറെ വളർന്നു. മാത്രമല്ല ഡിജിറ്റൽ സംസ്ഥാനമായി മാറുന്നതിനുള്ള തീവ്ര ശ്രമത്തിലുമാണ്. ആധുനിക സാങ്കേതിക രംഗത്ത് വൻ കുതിച്ചു ചാട്ടം ഉണ്ടാക്കിയെടുക്കുമ്പോൾ ആരോഗ്യരംഗത്ത് കേരളം ഏറ്റവും പി ന്നിലേക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ചുറ്റും ദർശിക്കാനാകുക.
മെഡിക്കൽ കൗൺസിലും മനുഷ്യാവകാശ കമ്മീഷനും ഡോക്ടർമാരോട് മരുന്ന് കുറിപ്പടികൾ ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ വ്യക്തമായി എഴുതണമെന്നു നിർദേശവും ഉത്തരവും പുറപ്പെടുവിച്ചിട്ടും യാതൊരു കുലുക്കവുമില്ല. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന വാശിയിലാണ് കേരളത്തിലെ ഡോക്ടർമാർ.
ഔഷധ വിപണിയിൽ മരുന്നുകളും മരുന്ന് കമ്പനികളും വളരെയേറെ വർദ്ധിച്ചു. പ്രതിമാസം രണ്ടായിരത്തിലധികം മരുന്നുകൾ വിവിധ പേരുകളിലും ചേരുവകകളിലുമായി കേരള വിപണിയിൽ എത്തുന്നു എന്നാണു കണക്കുകൾ പറയുന്നത്. ഈയൊരവസ്ഥയിൽ അക്ഷരം ഒന്ന് മാറിയാൽ മരുന്ന് തന്നെ മാറുന്നതിനും രോഗിയുടെ ജീവൻ നഷ്ടപ്പെടുകയോ ആയുഷ്ക്കാലം കിടപ്പിലാകുകയോ മരുന്ന് മാറിയതിന്റെ പേരിലോ അളവ് തെറ്റി കഴിച്ചതിന്റെ പേരിലോ മറ്റു രോഗങ്ങൾ കൂടി വന്നു ചേരാനും മരുന്നുകൾ മാറി മാറി കഴിക്കാനും ഇടവന്നേക്കാം .
വാഹനാപകടത്തിൽപ്പെട്ടോ വെള്ളത്തിൽ വീണോ ആത്മഹത്യയിലൂടെയോ അകാലത്തിൽ മരണപ്പെടുന്നവരുടെ കണക്കുകൾ അധികാരികളുടെ പക്കൽ ലഭിച്ചേക്കാം. എന്നാൽ മരുന്ന് മാറി തെറ്റായ അളവിൽ കഴിക്കാൻ നിർദേശിച്ചു എന്നതിന്റെ പേരിൽ ഉണ്ടാകുന്ന അകാല മരണം എത്രയെണ്ണം ശരിയായി പുറത്ത് വരുന്നു. അധികവും കേൾക്കുക അണുബാധ മൂലം മരണപ്പെട്ടു എന്നായിരിക്കും. ഡോക്ടർമാർ രക്ഷപ്പെടാൻ ഉപയോഗിക്കുന്ന ഒരു പദപ്രയോഗം. അണുബാധ ഉണ്ടായത് എന്ത് കാരണത്താലാണ് എന്ന് വിശദീകരിക്കാൻ ഇവര്‍ താല്പര്യം കാണിക്കാറില്ല. ആരും അത് ചോദിക്കാറില്ല എന്നത് മറ്റൊരു സത്യം.
വികസിത രാജ്യമായ അമേരിക്കയിൽ പോലും അനുദിനം എഴുതിവിടുന്ന മരുന്ന് കുറിപ്പടികളിൽ തെറ്റുകൾ സംഭവിക്കാറുണ്ടെന്ന് ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ ആയി സേവനം ചെയ്യുന്നവർ പങ്കുവെക്കുന്നു. ഇത് കണ്ടെത്താനും മനസ്സിലാക്കാനും ആവശ്യമായ തിരുത്തലുകൾ നടത്താനും അവരെ സഹായിക്കുന്ന പ്രധാന ഘടകമാണ് ഇലക്ട്രോണിക് പ്രെസ്ക്രിപ്ഷൻ അഥവാ ഇ – പ്രെസ്ക്രിപ്ഷൻ. നമ്മുടെ നാട്ടിൽ ഇനിയും ഇത് നടപ്പിലായിട്ടില്ല.
ആരെങ്കിലും ഒരാൾ അസുഖവുമായി ഡോക്ടറെ കാണാൻ ആശുപത്രിയിലോ ക്ലിനിക്കിലോ ചെന്നാൽ അവിടെ രോഗിയുടെ പേരെഴുതി ഒരു കടലാസ് കൈയ്യിൽ കൊടുത്തു വിടുന്നു. രോഗിയെ പരിശോധിച്ച ഡോക്ടർ ഇതിൽ മരുന്ന് കുറിച്ച് നല്കുന്നു. രോഗി ഇതുമായി പോയി മരുന്ന് വാങ്ങുന്നു കഴിക്കുന്നു. അസുഖം കുറവില്ലെങ്കിൽ വീണ്ടും ഇതേ ഡോക്ടറെയോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഡോക്ടറെയോ പോയി കാണുന്നു. പലപ്പോഴും നേരത്തെ കഴിച്ച മരുന്നിന്റെ വിവരം അടങ്ങിയ കടലാസ് ഡോക്ടറെ കാണിച്ചു എന്നും വരില്ല. ഇവിടെ നേരത്തെ എഴുതി നല്കിയ മരുന്ന് എന്താണെന്ന് ഡോക്ടർക്കും ഓർമയുണ്ടാവില്ല. ഈയൊരവസ്ഥയിൽ നേരത്തെ കഴിച്ച മരുന്നുമായി ബന്ധമില്ലാത്ത മരുന്നാണ് വീണ്ടും എഴുതി നല്ക്കാൻ ഇടയാകുന്നതെങ്കിൽ ചിലപ്പോൾ അത് വിപരീത ഫലം ഉണ്ടാക്കും. ഇത് കണ്ടെത്താൻ പരിഹരിക്കാൻ കഴിയുന്ന രേഖകൾ ഒന്നും ഇന്നത്തെ അവസ്ഥയിൽ രോഗിയുടെ പക്കല്‍ ഉണ്ടാകുകയുമില്ല. ഇവിടെയാണ് വിദേശ, വികസിത രാജ്യങ്ങളിൽ വളരെ നേരത്തെ നടപ്പിലാക്കിയ (നമ്മുടെ നാട്ടില ചില സ്വകാര്യ ആശുപത്രികളിലും ആരംഭിച്ചിട്ടുണ്ട് എന്നറിയുന്നു. ) ഇ – പ്രെസ്ക്രിപ്ഷന്റെ പ്രാധാന്യം .
ഇ – പ്രെസ്ക്രിപ്ഷൻ നടപ്പിൽ വരുകയാണെങ്കിൽ രോഗി ഡോക്ടറെ കാണാൻ വരുമ്പോൾ അദ്ദേഹത്തിന്റെ വിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നു. ഒരു കോഡ് നമ്പർ / സീരിയൽ നമ്പർ രോഗിക്ക് നല്കുന്നു. രോഗി ഡോക്ടറുമായി രോഗവിവരങ്ങൾ പങ്കുവെക്കുമ്പോൾ ഡോക്ടർ അതും കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നു. തുടർന്ന് ആവശ്യമായ ചികിത്സയും മരുന്നും എന്താണ് നിർദേശിച്ചത് എന്നും ഇതിൽ രേഖപ്പെടുത്തുന്നു. തുടർന്ന് ഇത് ഫാർമസിയിലെ കമ്പ്യൂട്ടറിലേക്ക് അയക്കുന്നു. അവിടെ പരിചയസമ്പന്നനായ ഫാർമസിസ്റ്റ് ഇത് പരിശോധിച്ചു മരുന്നും ആവശ്യമായ നിർദേശങ്ങളും നല്കുന്നു. ഡോക്ടർ എഴുതി നല്കിയ മരുന്നുകളുടെ അളവിലോ രാസ പദാർത്തങ്ങളിലോ കഴിക്കേണ്ട സമയ ക്രമത്തിലോ എന്തെങ്കിലും അപകതയുണ്ടെങ്കിൽ കണ്ടെത്തുകയും ഡോക്ടറുമായി സംസാരിച്ച് അത് തിരുത്തുകയും ചെയ്യുന്നു. തന്മൂലം രോഗിക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സയും മരുന്നും ലഭിക്കാൻ ഇത് സഹായകമാകുന്നു.
ഇ – പ്രെസ്ക്രിപ്ഷൻ നടപ്പിലാക്കിയാൽ മരുന്ന് കുറിപ്പടികൾ 5 വർഷം വരെ സൂക്ഷിച്ചു വയ്ക്കണം എന്ന ഫാർമസി കൗൺസിൽ നിർദേശം നടപ്പിലാക്കാനും എളുപ്പമാണ്. ഇപ്രകാരം കുറിപ്പടികൾ സൂക്ഷിക്കപ്പെടുന്നത് ഉപഭോക്താവിന് ഗുണകരമാണ്. കാരണം ചികിത്സയുടെ ഭാഗമായി എന്തെങ്കിലും മരുന്ന് കഴിച്ചു കുറച്ചു നാൾ കഴിഞ്ഞു ഏതെങ്കിലും തരത്തിലുള്ള അലര്‍ജിയോ മറ്റെന്തെങ്കിലും പ്രയാസങ്ങളോ ഉണ്ടായാൽ അതിനു കാരണമായ മരുന്ന് എന്താണെന്നും അത് എഴുതിയ ഡോക്ടർ ആരാണെന്നും ആ മരുന്ന് ഉത്പാദിപ്പിച്ച കമ്പനി ഏതാണെന്നും കണ്ടെത്താനും നഷ്ടപരിഹാരം അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കാനും ഉപഭോക്താവിന് സാധിക്കുന്നു. ഇപ്രകാരം ഒരു സംവിധാനം നിലവിൽ വന്നാൽ മരുന്ന് കമ്പനികളുടെ കമീഷൻ വാങ്ങി മരുന്ന് എഴുതുന്ന പ്രവണത ഡോക്ടര്‍മാര്‍ക്ക് നിറുത്തേണ്ടതായി വരും. എഴുതി നല്കിയ മരുന്ന് കഴിച്ചിട്ട് ഗുണമില്ല എന്ന് തോന്നിയാൽ രോഗിയ്ക്ക് ചോദ്യം ചെയ്യാൻ കഴിയും. അനാവശ്യമായ പരിശോധനകൾ ഇല്ലാതാകും. മരുന്ന് കമ്പനികളും ഗുണനിലവാരമുള്ള മരുന്നു കൾ വിപണിയിൽ എത്തിക്കാൻ നിർബന്ധിതരായി തീരും.
കേരളത്തിൽ ഇത് നടപ്പിലാക്കാൻ വളരെ എളുപ്പമാണ്. കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ എന്നിവ ന്യായമായ വിലയിൽ ലഭ്യം. ഇന്റർനെറ്റ് ലഭ്യത എല്ലായിടത്തും സുലഭം. ഉയർന്ന സാക്ഷരത നിലവാരവും കമ്പ്യൂട്ടർ പരിജ്ഞാനവും ഡിജിറ്റൽ രംഗത്തെ മെച്ചപ്പെട്ട സേവനങ്ങൾ, കാര്യക്ഷമത, ഭൂമി ശാസ്ത്രപരമായി വിസ്തൃതി കുറഞ്ഞ ഒരു സംസ്ഥാനം, എല്ലായിടത്തും എത്തിപ്പെടാൻ വളരെ എളുപ്പം. സംസ്ഥാനം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സജീവമായ ആരോഗ്യ സേവനകേന്ദ്രങ്ങൾ ഇവ തമ്മിൽ ബന്ധിപ്പിക്കാനും കാര്യങ്ങൾ ഭംഗിയായി ഒരു ചങ്ങലയിൽ എന്നവണ്ണം നടത്താനും വളരെ എളുപ്പം. മാത്രമല്ല കൂടുതൽ കാര്യക്ഷമയും ഉത്തരവാദിത്വവും ഈ രംഗത്ത് സംജാതമാകുകയും ചെയ്യും.
ഇതെങ്ങനെ നടപ്പിലാക്കാം
1. ഇപ്പോൾ മിക്കവാറും എല്ലാവർക്കും തന്നെ ആധാർ നമ്പറുണ്ട്. ഞാൻ നേരത്തെ സൂചിപ്പിച്ച പ്രത്യേക കോഡ് നമ്പറായി ആധാർ ഉപയോഗിച്ചാൽ നാം എവിടെയാണെങ്കിലും അത്യാവശ്യ സമയങ്ങളിൽ വൈദ്യസഹായം ലഭിക്കാൻ ഏറ്റവും ഉചിതമായ രീതിയിൽ ലഭിക്കാൻ ഈ നമ്പർ സഹായകമാകും. കാരണം ഡോക്ടർക്ക് ഇതിൽ നിന്നും നമ്മുടെ നേരത്തെയുള്ള ചികിത്സാരേഖകൾ നോക്കി ആവശ്യമായ ചികിത്സ നിർണ്ണയിക്കാൻ എളുപ്പം കഴിയും.
2. ഇപ്രകാരം ഒരു സംവിധാനം നിലവിൽ വന്നാൽ രോഗിക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതോടൊപ്പം തന്നെ ഇത് ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കുന്നതുകൊണ്ട് മരുന്ന് എടുക്കാൻ മറന്നുപോയാലും രാജ്യത്തു എവിടെനിന്നും അടുത്തുള്ള ഫാർമസിയിൽ നിന്നും പതിവായി കഴിച്ചു കൊണ്ടിരിക്കുന്ന മരുന്ന് തന്നെ വാങ്ങാൻ കഴിയും. ഫർമസിസ്റ്റിനും ഇത് ഏറെ സഹായകമാകും. കാരണം ഇപ്പോൾ പലരും വന്നു പച്ചഗുളിക, മഞ്ഞ വട്ടത്തിലുള്ള ഗുളിക എന്നിങ്ങനെ വിശേഷണങ്ങളോടെയാണ് മരുന്നു ചോദിക്കുക. ഇത് പലപ്പോഴും മരുന്ന് മാറാനും കാരണമാകും.
3. അനാവശ്യമായ ചികിത്സകളും പരിശോധനകളും വളരെയേറെ കുറയ്ക്കാൻ ഇത് സഹായിക്കും. ഇപ്പോൾ ഓരോ ഡോക്ടറെ കാണുമ്പോഴും നിരവധി പരിശോധനകൾ നടത്താൻ ആവശ്യപ്പെടുന്നു. ഈ സംവിധാനം നിലവിൽ വന്നാൽ വലിയൊരളവിൽ ഇതിനു പരിഹാരം ഉണ്ടാകും. രോഗിയ്ക്ക് സാമ്പത്തിക നേട്ടവും.
4. ഡോക്ടർക്കും ഫാർമസിസ്റ്റിനും മരുന്നുകൾ സംബന്ധമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടെത്താനും ഉടനടി പരിഹരിക്കാനും കഴിയും. ഉദാഹരണത്തിന് അമിത അളവിലോ ആവശ്യമില്ലാത്ത ചേരുവകളുമായോ മരുന്ന് കുറിച്ച് നല്കാൻ ഇടയാകുക, ചില മരുന്നുകൾ ഒന്നിച്ചു കഴിക്കുമ്പോൾ ഉണ്ടാകാനിടയുള്ള പാർശ്വ ഫലങ്ങൾ കണ്ടെത്തി മാറ്റം വരുത്തുക. മരുന്നുകൾ കഴിക്കുന്നതിനു നിര്‍ദേശിച്ച സമയക്രമത്തിൽ ഉണ്ടാകുന്ന പാളിച്ചകൾ പരിഹരിക്കുക തുടങ്ങി പലതും.
5. കുട്ടികൾ, വൃദ്ധന്മാർ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗികൾ വൃക്ക സംബന്ധമായ രോഗമുള്ളവർ തുടങ്ങി സവിശേഷ ശ്രദ്ധ ആവശ്യമുള്ളവർക്ക് നല്കുന്ന ചികിത്സയിലോ മരുന്ന് അളവിലോ എന്തെങ്കിലും ഏറ്റകുറച്ചിലോ വ്യത്യാസമോ ഉണ്ടെങ്കിൽ കണ്ടെത്തി പരിഹരിക്കാൻ കഴിയുന്നു.
6. ലാബോറട്ടറി പരിശോധനകളുടെയും മറ്റും രേഖകൾ ഇതിന്റെ കൂടെ സൂക്ഷിക്കാൻ കഴിയുന്നത് മൂലം ചികിസ കൂടുതൽ സുതാര്യമാകുന്നു.
7. ആവശ്യമുള്ള രോഗികൾക്ക് ഇവയെല്ലാം കോപ്പി ചെയ്തു കൊടുക്കാനും സാധിക്കും.
8. മരുന്നുമായും ചികിസയുമായും ബന്ധപ്പെട്ട ചിലവുകളും ഇതുമായി ബന്ധിപ്പിക്കാൻ കഴിയും. ഇത് രോഗിക്ക് സംശയ നിവാരണത്തിനും കൂടുതൽ കരുതലോടെ ചികിത്സയെ സമീപിക്കാനും കഴിയും ഒപ്പം രോഗിക്ക് ആവശ്യമായ കൗൻസിലിങ്ങും ആശ്വാസവും നല്കാൻ ഫാർമസിസ്റ്റിനു കഴിയുകയും അത് രോഗിയുടെ ആത്മവീര്യം കൂട്ടാൻ സഹായകമാകുകയും ചെയ്യും. ആയതിനാൽ കേരളത്തിൽ അടിയന്തിരമായി ഇത് നടപ്പിലാക്കാൻ ആരോഗ്യ വകുപ്പ് താൽപര്യമെടുക്കണം.
ഇ ഹെൽത്ത് കേരള പ്രൊജക്റ്റ് എന്ന പേരിൽ കേവലം രോഗിയ്ക്ക് ഓൺലൈൻ ആയി പേര് രാജിസ്റ്റര്‍ ചെയ്യാവുന്ന സംവിധാനം മാത്രമാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കുന്നു. ഇത് കൊണ്ട് സാധാരണക്കാരന് എന്ത് പ്രയോജനം. അതിനും അക്ഷയകേന്ദ്രത്തെ സമീപിക്കേണ്ട അവസ്ഥയല്ലേ അവർക്കുണ്ടാകുക. ജനോപകരപ്രദമായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ നടപ്പിലാകാൻ സര്‍ക്കാരിന് കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: