അനുദിനം ചൂടുകൂടി വരികയാണ്. മഴയെക്കുറിച്ച് ആലോചിക്കുമ്പോള്‍ പോലും എന്തൊരു കുളിരാണ്. നമ്മള് ചെയ്തുകൂട്ടിയ പാപത്തിന്റെ ഭാരം അങ്ങനെ ഗഡുക്കളായി പ്രകൃതി തിരിച്ചു തരികയാണ്. തല്ക്കാലം എസി വഴി രക്ഷപ്പെടാമെന്ന് കരുതുന്നുണ്ടാവും. പക്ഷേ, എത്ര പേര്‍ക്ക്. നേരെ ചൊവ്വെ കഞ്ഞിവെള്ളം കുടിക്കാന്‍ പാങ്ങില്ലാത്തവന് എസി എന്നു പറയുകയല്ലാതെ വല്ല രക്ഷയുമുണ്ടോ? പറഞ്ഞുവന്നത് ചൂടിനെക്കുറിച്ചാണല്ലോ.
ഈ ചൂട് തന്നെ രണ്ടുവിധമുണ്ട്. ഒന്ന് എക്കാലത്തെയും വേനല്‍ചൂട്. മറ്റത് അയ്യഞ്ചുവര്‍ഷം കൂടുമ്പോള്‍ വരുന്ന തെരഞ്ഞെടുപ്പ് ചൂട്. ഇത്തവണ രണ്ടുചൂടും കൈകോര്‍ത്ത് വറചട്ടിയിലിട്ട് നമ്മെ പൊരിച്ചെടുക്കുകയാണ്. ഈ പ്രക്രിയ ഇങ്ങനെ തുടരുമ്പോള്‍ ചിലര്‍ക്ക് പല തരത്തിലുള്ള അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുന്നു; ചിലര്‍ സിദ്ധികൂടുന്നു.
ഏതായാലും ചൂട് നമ്മുടെ മനോനിലയെ വല്ലാതെ മാറ്റിമറിക്കും എന്നതില്‍ തര്‍ക്കമില്ല. അതിന് ഏറ്റവും മുന്തിയ ഉദാഹരണം ആദര്‍ശധീരനാണെന്ന് ചിലര്‍ വിശേഷിപ്പിക്കുന്ന അറയ്ക്കപ്പറമ്പില്‍ അന്തോണി തന്നെ. ഇച്ചായന് വടക്കുനിന്ന് തുടങ്ങിയ പ്രചാരണ തുള്ളാട്ടം ജില്ലകള്‍ കടന്നുപോവുമ്പോള്‍ മനസ്സിന്റെ ബാലന്‍സൊക്കെ തെറ്റുന്നു.
എന്താണ് പറയേണ്ടത്, എങ്ങനെയാണ് പറയേണ്ടത് എന്നതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ല. പാര്‍ട്ടിയുള്ള കാലത്തോളം ഇന്ത്യാ മഹാരാജ്യം ഭരിക്കാമെന്ന മോഹമായിരുന്നു. നരേന്ദ്രമോദിയുടെ നേതൃത്വം അത് ചുരുട്ടിക്കൂട്ടി. പിന്നെ ആകെ രക്ഷ കേരളമെന്ന ഠാ വട്ടമാണ്. അത് ഇടതും വലതുമായി പത്തറുപതുകൊല്ലമായി അമ്മാനമാടുന്നു. അതിനിടയിലേക്കാണ് ആത്മാര്‍ത്ഥതയുടെ കരളുറപ്പുമായി ബിജെപി വരുന്നത്.
എന്താണോ ജനങ്ങള്‍ ആഗ്രഹിക്കുന്നത്, അതിനനുസരിച്ച് ഉയരാനും ജനങ്ങളെ ഉയര്‍ത്താനും ആ പാര്‍ട്ടിക്ക് സാധിച്ചു. അതിന്റെ ഗതിവേഗം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരവെ, തങ്ങള്‍ കെട്ടിപ്പൊക്കിയതൊക്കെ തവിടുപൊടിയാവുകയാണെന്ന് മനസ്സിലായി. പുറത്തെ ചൂടും ഉള്ളിലെ രാഷ്ട്രീയ ചൂടും ഒന്നു ചേര്‍ന്ന് വല്ലാത്തൊരു പരുവത്തിലായി. അന്തോണിച്ചന് കണ്ണുകാണാതെയും കാതു കേള്‍ക്കാതെയുമായി. അതിന്റെ അരിശം തീര്‍ക്കാന്‍ ചില ഡയലോഗുകളുമായി ടിയാന് രംഗത്ത്. നിയമസഭയില്‍ ബിജെപി അംഗം ഉണ്ടാവരുത്.
അവര്‍ വന്നാല്‍ കേരളത്തില്‍ കലാപമുണ്ടാകും. അവരുടെ നേതാക്കള്‍ ഒന്നടങ്കം കേരളത്തില്‍ ക്യാമ്പു ചെയ്ത് രഹസ്യ അജണ്ട നടപ്പാക്കുകയാണ്. ഇങ്ങനെ പോകുന്നു ഡയലോഗുകള്‍.
പാവം ബിജെപിക്കാര്‍ അറിയുന്നില്ല, അന്തോണിച്ചന്റെ കുടുംബസ്വത്താണ് കേരളമെന്ന്. അവിടേക്ക് ബിജെപി നേതാക്കള്‍ക്ക് വരണമെങ്കില്‍ അറയ്ക്കപ്പറമ്പില്‍ നിന്ന് എന്‍ഒസി വാങ്ങണമെന്ന്. ഇമ്മാതിരി കാളകൂടം മനസ്സില്‍ പേറുന്ന നേതാക്കളെ ഏതെങ്കിലും ക്ഷുദ്രഗ്രഹത്തിലേക്ക് അയച്ചെങ്കില്‍ മാത്രമേ കേരള സംസ്ഥാനം രക്ഷപ്പെടൂ.
സ്വന്തം പാര്‍ട്ടിക്ക് അട്ടിപ്പേറായി കിട്ടിയതാണ് സംസ്ഥാനമെന്ന ധാരണ അറയ്ക്കപ്പറമ്പിലുമാര്ക്ക് ഉണ്ടാവുന്നത് ഒരു രോഗം മൂലമാണ്. ആ രോഗം വന്നാലുള്ള സ്ഥിതിയെക്കുറിച്ച് കാലികവട്ടത്തിന്റെ പ്രിയപ്പെട്ട കണാരേട്ടന് ഇങ്ങനെ പറയുന്നു: നട്ടപ്രാന്ത് വന്നാല്‍ നാടൊട്ടുക്കും പാച്ചിലോട് പാച്ചില്‍. സംഗതി പിടികിട്ടിയോ. മനോരോഗം ഉച്ചിയില്‍ കേറിയാല്‍ നാട്ടിലാകെ ഓടി നടക്കുമെന്ന്! ഈ ഓട്ടം മെയ് 19ന് ശേഷം എങ്ങനെയിരിക്കുമെന്ന് നമുക്കു കാണാം. അതു വരേക്കും നന്ദി, നമസ്കാരം.
**********
നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ വല്ല്യ പ്രശ്നമാവുമെന്നാണല്ലോ അന്തോണിച്ചന് ഉവാച. ഇപ്പോള്‍ ടിയാന്റെ ആളുകളല്ലേ അവിടെ കൂടുതലുള്ളത്. അതുകൊണ്ടാണല്ലോ അവര്‍ നമ്മളെ ഭരിച്ചുകൂട്ടുന്നത്. അങ്ങനെയുള്ളപ്പോഴാണ് പെരുമ്പാവൂരില്‍ ജിഷയെന്ന ദളിത് പെണ്‍കുട്ടി പൈശാചികമായി പിച്ചിച്ചീന്തപ്പെട്ടത്. അടച്ചുറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലെന്ന് ജിഷയുടെ ആത്മസുഹൃത്തായ റീത്ത ബാലചന്ദ്രന് സങ്കടപ്പെടുന്നു. പുറംപോക്കിലെ ഇത്തിരി മണ്ണിലെ കുടിലില്‍ നിന്നുള്ള അപേക്ഷകള്‍ നിര്‍ദ്ദയം തള്ളപ്പെട്ടു. ഒടുവില്‍ ഇനിയാര്‍ക്കും ഉപദ്രവിക്കാനാവാത്ത ഇടത്തില്‍ അവളെത്തി.
അന്തോണിച്ചന്റെ പാര്‍ട്ടിക്കായി അരയും തലയും മുറുക്കി രംഗത്തുള്ള മലയാള മനോരമ (മെയ് 04)യില്‍ റീത്തയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പുണ്ട്. ജനമനസ്സില്‍ വിഷം ഇഞ്ചക്ട് ചെയ്യുന്ന അന്തോണിച്ചന് അതൊന്ന് മനസ്സിരുത്തി വായിക്കണം; എന്നിട്ടാവാം കോതാമൂരിപ്പാട്ട്. ഇതാ സാമ്പിള്‍: പുതിയ വീട് വയ്ക്കാനായി സ്ഥലം കണ്ടെത്തിയാല്‍ വീടിനുള്ള പണം നല്‍കാമെന്നു പഞ്ചായത്ത് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജിഷ അതിനായുള്ള നെട്ടോട്ടത്തിലായിരുന്നു. ഒരുപാട് പേരോട് ജിഷ അതിനായി കടം വാങ്ങി.
സെന്റിന് ഒന്നര ലക്ഷം രൂപ വിലയ്ക്ക് മൂന്ന് സെന്റ് സ്ഥലം വാങ്ങിയതായി പിന്നീട് പറഞ്ഞു. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പഞ്ചായത്ത് വീട് വച്ചു നല്‍കിയില്ല. ഒരുപക്ഷേ, അടച്ചുറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കില്‍ മനസ്സില്‍ നന്മ മാത്രം സൂക്ഷിച്ചിരുന്ന പാവം പെണ്‍കുട്ടിക്ക് ഈ അവസ്ഥയുണ്ടാകില്ലായിരുന്നു. എന്തു പറയുന്നു, അന്തോണിച്ചാ. രോഹിത് വെമുലയ്ക്കും കനയ്യയ്ക്കും വേണ്ടി തുടിച്ച ഹൃദയമെന്തേ നിലച്ചു പോയോ? നിരാഹാരമില്ലേ, ധര്ണയില്ലേ, മുതലക്കണ്ണീരില്ലേ? നിയമത്തിന്റെ ഇരുള്‍വഴികളില്‍ വെളിച്ചം പരത്താന്‍ കഠിന പ്രവര്‍ത്തനം നടത്തിയ ജിഷയ്ക്ക് നിയമം താങ്ങായില്ല എന്ന ദുഃഖസത്യത്തിനു മുമ്പില്‍ കാലികവട്ടത്തിന്റെ ബാഷ്പാഞ്ജലി.
**********
നിയമസഭകളില്‍ ആരാണ് എത്തിച്ചേരേണ്ടത്? രാഷ്ട്രീയമോ രാഗാര്‍ദ്രമായ സ്നേഹമോ? ഈ ചോദ്യത്തിന് എന്തു മറുപടിയായാലും ഒരു ആത്മീയാചാര്യന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതദ്ദേഹം പരസ്യമായി പറയുകയും ചെയ്യുന്നു. ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ രണ്ടു പുസ്തകങ്ങള്‍ കഴിഞ്ഞയാഴ്ച ചെങ്ങന്നൂരിലെ ഒരു സൗഹൃദസായാഹ്നത്തില്‍ പ്രകാശനം ചെയ്തു.
സ്ഥാനാര്‍ത്ഥിയെ ഹൃദയത്തോടു ചേര്‍ത്തുവെച്ചിരിക്കുന്ന ചെങ്ങന്നൂരുകാര്‍ക്ക് ഇരട്ട സന്തോഷമാണ് ആ ചടങ്ങ് സമ്മാനിച്ചത്. മാര്‍ത്തോമ്മാസഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പുസ്തകപ്രകാശനം നിര്‍വഹിച്ചുകൊണ്ട് ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ചത് വേനല്‍ച്ചൂടിലെ കുളിര്‍മഴയായിരുന്നു. നാടിന്റെ നന്മയ്ക്കും ജനക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ശ്രീധരന്‍പിള്ളയെപ്പോലുള്ള രാഷ്ട്രീയക്കാരെയാണ് നാട് ഉറ്റുനോക്കുന്നത്. നിയമസഭയില്‍ നടന്ന രാഷ്ട്രീയകോലാഹലങ്ങള്‍ തെരഞ്ഞെടുപ്പിന്റെ വേളയില്‍ എല്ലാവരും ഓര്‍ക്കണം.
മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ പിന്നീട് തള്ളിപ്പറയുന്ന രാഷ്ട്രീയക്കാരെയല്ല ജനങ്ങള്‍ക്ക് ആവശ്യം. ശ്രീധരന്‍പിള്ളയെപ്പോലുള്ള രാഷ്ട്രീയക്കാരെയാണ് നാട് ഉറ്റുനോക്കുന്നത്. അന്തോണിയെ പോലുള്ളവര്‍ സമൂഹത്തിലേക്ക് കാന്‍സര്‍ വൈറസുകള്‍ കടത്തിവിടുന്ന പശ്ചാത്തലത്തില്‍ മെത്രാപ്പൊലീത്തയുടെ വാക്കുകളുടെ സാരള്യവും നൈര്‍മല്യവും എത്രമാത്രമെന്ന് അറിയുക. അദ്ദേഹം പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശ്രീധരന്‍പിള്ളയില്‍ നിറഞ്ഞിരിക്കുന്നു എന്ന് പ്രചാരണവേളകളില്‍ അനുഭവപ്പെടുന്നു.
മോന് ജയിക്കേണ്ടത് മോനെക്കാള്‍ കൂടുതല്‍ ഞങ്ങളുടെ ആവശ്യമാണെന്ന് കോളനിവാസിയായ ഒരു കാരണവര്‍ അനുഗ്രഹിച്ച് കെട്ടിപ്പിടിക്കുമ്പോള്‍ മെത്രാപ്പൊലീത്തയുടെ വാക്കുകളിലെ ആത്മാര്‍ത്ഥത കൊടുംവേനലില്‍ മഴയുടെ ശീതളസ്പര്ശമാവുകയാണ്. നാടും നഗരവും ഒരേ വികാരവായ്പോടെ ആ സ്ഥാനാര്‍ത്ഥിക്കൊപ്പം നീങ്ങുന്നു. എതിര്‍പാര്‍ട്ടിക്കാര്‍ പോലും ആ വ്യക്തിത്വത്തിനു നേരെ ചെറുവിരല്‍ അനക്കാത്തതിന്റെ കാരണവും മെത്രാപ്പൊലീത്തയുടെ വാക്കുകളില്‍ ഒളിഞ്ഞുകിടപ്പുണ്ട്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെക്കാളുപരി മനുഷ്യസ്നേഹത്തിന്റെ വഴിയിറമ്പില്‍ നിന്ന് ജനങ്ങള്‍ക്കുനേരെ കൈനീട്ടാനാണ് ശ്രീധരന്‍പിള്ള ശ്രമിക്കുന്നത്. ചെങ്ങന്നൂരില്‍ അത് ഏറെ പ്രകടവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: