യാഗമണ്ഡപമൊരുക്കാന്‍ അതിവിസ്തൃതമായ ഒരിടം ഉയരം കൂടിയ സ്തംഭങ്ങളോടെ സ്തോത്രജപത്തോടെ അയാള്‍ മനസാ നിര്‍മ്മിക്കട്ടെ. മനോയജ്ഞവേദി വിശാലമായി ഒരുക്കി അഗ്നികള്‍ സ്ഥാപിക്കണം. ബ്രഹ്മാവ്,അധ്വര്യു, ഹോതാവ്, പ്രസ്തോതാവ് എന്നീ സങ്കല്പ്പങ്ങളില് ബ്രാഹ്മണരെ മനസാ നിയമിക്കണം. ഉദ്ഗാതാവ്, പ്രതിഹര്‍ത്താക്കള്‍, മറ്റു സഭാവാസികള്‍ എല്ലാവരെയും അവിടെ സ്ഥാനമനുസരിച്ചു ക്രമീകമായി ഇരുത്തി പൂജിക്കണം. പ്രാണന്, അപാനന്‍, വ്യാനന്‍, സമാനന്‍, ഉദാനന്‍ എന്നീ അഞ്ച് അഗ്നികളെയും ഈ യജ്ഞവേദിയില്‍ യഥാവിധി സ്ഥാപിക്കുക.
അതിതേജസ്വികളായ ഈ അഗ്നികളെ ഓരോരോ സങ്കല്‍പ്പത്തില്‍ സമാദരിച്ച് ഭാവന ചെയ്യാണം. മനസ്സാണ് ഹോതാവും യജമാനനും. യജ്ഞത്തിന്റെ ദേവതയാകട്ടെ ശാശ്വതമായ നിര്‍ഗുണബ്രഹ്മം തന്നെയാകുന്നു. ജഗജ്ജനനിയായ ദേവിയാണ് ഫലത്തെ പ്രദാനം ചെയ്യുന്ന ദേവത. സകലതിനും ആധാരശക്തിയായി വിളങ്ങുന്നത് ജഗദംബികയാണ്. ഇങ്ങിനെ മാനസയജ്ഞം ചെയ്യുന്ന ബ്രാഹ്മണന് ഹോമദ്രവ്യങ്ങളെ അഗ്നിയില്‍ ഹോമിക്കണം. പിന്നെ വിഷയവീതമായ പ്രാണങ്ങളെയും ഹോമിക്കാം. നിര്‍വിഷയമാക്കിയ മനസ്സിനെ സ്വാത്മാവായി സ്വാനുഭൂതിയായിത്തീര്‍ന്ന മഹേശ്വരിയില്‍ സമര്‍പ്പിക്കുക. അതിനുശേഷം സമാധിയോഗത്താല്‍ മനസ്സ് ധ്യാനമുഗ്ധമാക്കണം. സര്‍വ്വഭൂതങ്ങളിലും നിലകൊള്ളുന്ന ആത്മാവായി തന്റെ ആത്മാവിനെ ഹൃദയത്തില്‍ ദര്‍ശിക്കണം.
എപ്പോഴാണ് ഒരുവന് സര്‍വ്വഭൂതഹൃദയങ്ങളിലെ ആത്മാവും താനും ഒന്നെന്നറിയുന്നത്, അപ്പോള്‍ സര്‍വ്വമംഗളസ്വരൂപിണിയായ ജഗദംബികയെ അവനു കാണാകുന്നു. ആ ദര്‍ശനത്തോടെ സാധകന് ബ്രഹ്മജ്ഞനാകുന്നു. അങ്ങിനെ പ്രബുദ്ധനായ ഒരുവനെ സംബന്ധിച്ചിടത്തോളം മായയെല്ലാം നശിക്കുന്നു. എന്നാലും സ്വന്തം പ്രാരബ്ധം അനുഭവിച്ചു തീര്‍ക്കാന്‍ ദേഹം നിലനില്ക്കുകയും ചെയ്യും. ജീവന്മുക്തനായ അവന് മരണശേഷം മോക്ഷം പ്രാപിക്കുന്നു. അതിനാല്‍, രാജാവേ, ഗുരൂപദേശം കൈക്കൊണ്ടു ജഗദംബയെ ധ്യാനിക്കുന്നതും ആ പരമേശ്വരിയുടെ ഗുണകഥകള്‍ കേള്‍ക്കുന്നതും സാധകര്‍ക്ക് സദ്ഗതിയേകും എന്നറിഞ്ഞാലും.
നിഷ്കാമകര്‍മ്മങ്ങളാണ് അഭികാമ്യം.
ഫലത്തിലുള്ള ആശയോടെ ചെയ്യുന്ന യജ്ഞകര്‍മ്മങ്ങള്‍ നാശത്തെ വിളിച്ചു വരുത്തുന്നു. നിത്യശാന്തി നല്കാന് അവയ്ക്ക് സാധിക്കുകയില്ല. സ്വര്‍ഗ്ഗകാംക്ഷികള്‍ക്കായി പറഞ്ഞിട്ടുള്ളത് അഗ്നിഷ്ഠോമയജ്ഞമാണ്. എന്നാല്‍ തല്‍ഫലമായ സ്വര്‍ഗ്ഗവാസം താല്‍ക്കാലികം മാത്രമാണ്. പുണ്യത്തിന്റെ ശക്തി ക്ഷയിക്കുമ്പോള്‍ വീണ്ടും ജനിച്ചുമരിക്കേണ്ടതായി വരും. അതുകൊണ്ട് അക്ഷയഫലം നല്കുന്ന മാനസയജ്ഞം തന്നെയാണ് ശ്രേഷ്ഠം. അങ്ങ് കുറച്ചുനാള്‍ മുന്‍പ് ചെയ്ത സര്‍പ്പയജ്ഞം താമസമാണ്. ദുരാത്മാവായ തക്ഷകനോടുള്ള വിരോധം തീര്‍ക്കാന്‍ എത്രയെത്ര സര്‍പ്പങ്ങളെയാണ് അങ്ങ് കൊന്നൊടുക്കിയത്! ഇതിനു പരിഹാരമായി അങ്ങ് വിധിവിഹിതമായിത്തന്നെ ഒരു ദേവീയജ്ഞം അനുഷ്ഠിക്കുക.
അതിന്റെ വിധിക്രമങ്ങള്‍ ഞാന്‍ പറഞ്ഞു തരാം. ബ്രാഹ്മണന്മാരില് വേദജ്ഞരും മന്ത്രോച്ചാരണത്തില്‍ പ്രാവീണരായവരും ദേവീ ബീജമന്ത്രം ഗ്രഹിച്ചവരും ഉണ്ടല്ലോ. അവരെ യജിക്കാന്‍ നിയോഗിക്കുക. അങ്ങ് തന്നെ യജമാനന് ആവണം. അങ്ങിനെ യജ്ഞം വേണ്ടപോലെ ചെയ്ത് പുണ്യമാര്‍ജ്ജിച്ച് അങ്ങയുടെ പിതാവിന്റെ ആത്മാവിനു സദ്ഗതി വരുത്തിയാലും. ബ്രാഹ്മണനിന്ദ ചെയ്തതിന്റെ പാപമാണല്ലോ അങ്ങയുടെ പിതാവിനുള്ളത്. അത് നരകപ്രദമായ ദോഷം തന്നെയാണ്.
അതിന്റെ ഫലമായി അദ്ദേഹത്തിനു സര്‍പ്പദംശം മൂലമുള്ള മരണമാണ് ഉണ്ടായത്. അതുണ്ടായത് ഭൂമിയിലോ, ദര്ഭയില് കിടന്നോ അല്ല. അദ്ദേഹമപ്പോള്‍ മാളികമുകളില്‍ ആയിരുന്നല്ലോ. യുദ്ധത്തിലായിരുന്നു മരണമെങ്കില്‍ വീരസ്വര്‍ഗ്ഗം കിട്ടുമായിരുന്നു. എന്തുകൊണ്ടും പരീക്ഷിത്തിനായി ഇപ്പോള്‍ നരകവാതില്‍ മാത്രമേ തുറന്നു കിടക്കുന്നുള്ളൂ. മരണസമയത്ത് നരകഫലം ഉണ്ടാവാതിരിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമുണ്ട്. എന്നാലത് അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞിട്ടില്ല താനും. മരണസമയം വന്നുവെന്നറിഞ്ഞാല്‍ എത്ര ദുര്‍ഘടാവസ്ഥയിലും മനസ്സിനെ സര്‍വ്വ വിഷയങ്ങളില്‍ നിന്നും പിന്‍വലിച്ചു ‘പഞ്ചഭൂതനിര്‍മ്മിതമായ ഈ ദേഹം നശിക്കുന്നതില്‍ ക്ലേശിക്കാന്‍ എന്തിരിക്കുന്നു?’
എന്ന ചിന്തയോടെ വേണം കഴിയാന്‍. ഈ ദേഹം വീഴുമ്പോള്‍ വീഴട്ടെ. ഞാന്‍ നിര്‍ഗുണനായ, നിത്യമായ ബ്രഹ്മമാണ്. ദേഹവുമായി എനിക്ക് കേവലം കര്‍മ്മ ബന്ധം മാത്രമേയുള്ളൂ. ശുഭാശുഭങ്ങളായ കര്‍മ്മങ്ങള്‍ എന്നെ സ്വാധീനിക്കുന്നില്ല. എന്നാലും മനുഷ്യവേഷമെടുത്താല്‍പ്പിന്നെ കര്‍മ്മങ്ങളുമായുള്ള ബന്ധം ഒഴിവാക്കാന്‍ സാധിക്കുകയില്ല. ‘ഈ ഘോരമായ ഭവദുഖത്തില്‍ നിന്നും ഞാന്‍ മുക്തനാണ് എന്ന് സ്വയം നിശ്ചയിച്ചു സ്നാനാദികളോ ദാനമോ ഒന്നും കൂടാതെ മരണത്തെ പുല്കുന്നവന് ജന്മദുഖത്തില്‍ നിന്നും മുക്തനാകുന്നു. ഈ സാധന അതീവ ദുര്‍ലഭമാണ്. യോഗികള്‍ക്ക് പോലും ദുഷ്കരമാണിത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: