പിടിച്ചെടുക്കലിലൂടെയോ മൃഗീയ ഭൂരിപക്ഷം നേടിയോ അധികാരത്തിലെത്തുന്ന എല്ലാ സ്ഥലങ്ങളിലും ദേശ കാല വ്യത്യാസമില്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടി അനുവർത്തിച്ചിരുന്ന സിദ്ധാന്തമായിരുന്നു പ്രതിയോഗികളെ ശാരീരികാക്രമണങ്ങളിലൂടെ ഉന്മൂലനം ചെയ്യൽ. ഭാരതത്തിൽ ഇത് ഏറ്റവും കണിശതയോടെ നടപ്പിലാക്കിയത് പാർട്ടി മൃഗീയ ഭൂരിപക്ഷത്തോടെ മൂന്നരപ്പതിറ്റാണ്ട് അധികാരത്തിലിരുന്ന പശ്ചിമ ബംഗാളിൽ ആയിരുന്നു.
ജനാധിപത്യപരമായ എതിര്‍പ്പിന്റെ സ്വരങ്ങൾ പാർട്ടിക്ക് തികച്ചും അസഹ്യമായിരുന്നു. ബംഗാൾ രാഷ്ട്രീയത്തിൽ തങ്ങളുടെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കാൻ പാർട്ടി കണ്ടെത്തിയ മാർഗ്ഗം ഹിംസയുടെയും അക്രമത്തിന്റെയും സംഘടനാവത്കരണം ആയിരുന്നു. അധികാരത്തിൽ വരുന്നതിനു മുമ്പുതന്നെ അവർ തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികളെ അമർച്ച ചെയ്യാൻ ആസൂത്രിത കൊലപാതകം ശീലമാക്കിയിരുന്നു. പാർട്ടി അവിടെ നടത്തിയ കൂട്ടക്കൊലകളുടെ ചരിത്രം അതിന്റെ ഹിംസാത്മക മുഖം തുറന്നു കാണിക്കുന്നതും ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ രക്ത പങ്കിലമായ അദ്ധ്യായങ്ങളെ വെളിപ്പെടുത്തുന്നതുമാണ്.
1. സൈൻബാരി കൊലപാതകങ്ങൾ (1970)
അധികാരത്തിൽ എത്തുന്നതിനു മുമ്പുതന്നെ പാർട്ടി കൊലപാതകങ്ങൾ പരീക്ഷിച്ചു നോക്കിയിരുന്നു ബംഗാളിൽ. 1970 ൽ ബർധ്വാൻ ജില്ലയിലെ മൊലൊയ്, പ്രണബ് എന്നീ രണ്ടു സജീവ കോണ്‍ഗ്രസ് പ്രവർത്തകരെ നിഷ്ഠൂരമായി കൊലപ്പെടുത്തികൊണ്ടായിരുന്നു അത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ വിസമ്മതിച്ചു എന്നതായിരുന്നു അവർ ചെയ്ത കുറ്റം.
ആദ്യം ആദ്യം വീട്ടിലേക്ക് തീയമ്പുകൾ വർഷിച്ചു . കത്തിയെരിയുന്ന വീട്ടിൽ നിന്ന് അവരെ വിളിച്ചിറക്കി കുത്തിക്കൊന്നു. ചീറ്റിയോഴുകിയ രക്തം അവരുടെ അമ്മയുടെ മുഖത്തേക്ക് തെറിച്ചുവത്രേ …. അവരുടെ മറ്റൊരു മകനായ നാബാ കുമാറിന്റെ കണ്ണ് ചൂഴ്ന്നെടുത്തു. അയാളെയും ഒരു വർഷത്തിനു ശേഷം കൊലപ്പെടുത്തി. അയാളുടെ ഭാര്യ രേഖാ റാണി ഇപ്പോഴും നീതിക്ക് വേണ്ടി കോടതി വരാന്തകളും സർക്കാർ ഓഫീസുകളും കയറിയിറങ്ങുന്നു.
ഈ പൈശാചിക സംഭവം ജന ശ്രദ്ധയിൽ കൊണ്ടുവരാൻ അവിടുത്തെ മാധ്യമങ്ങളും അതെപ്പറ്റി സംസാരിക്കാൻ അവിടുത്തെ ജനങ്ങളും ഭയപ്പെട്ടിരുന്നു . അതിനു ഉത്തരവാദികൾ എന്ന് സംശയിക്കുന്നവർ പിൽക്കാലത്ത് തഴച്ചു വളർന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിൻ തണലിൽ ജന പ്രതിനിധികളും മന്ത്രിമാരും ഒക്കെയായി.
2. മരിച്ച്ഛാപി കൂട്ടക്കൊല (1979 )
ബംഗാളിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിൽ ഒന്നാണ് മരിച്ച്ഛാപി കൂട്ടക്കൊല. ഇതേക്കുറിച്ച് പറയുമ്പോൾ അതിന്റെ പാശ്ചാത്തലം കൂടി വ്യക്തമാക്കേണ്ടതുണ്ട് . 1947 ലെ ബംഗാൾ വിഭജനത്തിനു ശേഷം കിഴക്കൻ പാക്കിസ്ഥാനിൽ നിന്നുള്ള ( ഇന്നത്തെ ബംഗ്ലാദേശ് ) ഹിന്ദുക്കൾ ബംഗാളിലേക്ക് ഒഴുകിത്തു ടങ്ങി ആദ്യമാദ്യം എത്തിയവർക്കെല്ലാം ബംഗാൾ അഭായമെകി . പക്ഷെ പിൽക്കാ ലത്ത് സംഭവിച്ച കൂട്ട പലായനത്തിന്റെ ഭാഗമായി എത്തപ്പെട്ട പാവപ്പെട്ട ഹിന്ദുക്കളെ സ്വീകരിക്കാൻ ബംഗാൾ തയ്യാറായില്ല. അവരെ ഒറീസ്സയിലും മധ്യ പ്രദേശിലുമായി കിടക്കുന്ന ദണ്ഡകാരണ്യം എന്ന വാസയോഗ്യമല്ലാത്ത മലമ്പ്ര ദേശത്തേക്ക് അയച്ചു. എന്നാൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ജ്യോതി ബസു ഇവരെ ബംഗാളിൽ തന്നെ പുനരധിവസിപ്പിക്കണം എന്ന് പറഞ്ഞു പ്രതി പക്ഷത്തിരുന്നു ഘോര ഘോരം വാദിച്ചു . പിന്നീട് 77 ൽ പാർട്ടി അധികാരത്തിൽ വന്നപ്പോൾ മന്ത്രിയായിരുന്ന രാം ചാറ്റർജീ ദണ്ഡകാരണ്യത്തിൽ പോയി അവരെ കണ്ട് ബംഗാളിലേക്ക് ക്ഷണിക്കുകയും ചെയ്തു.
മന്ത്രിയുടെ ക്ഷണം സ്വീകരിച്ച് , കമ്യൂണിസ്റ്റ് സർക്കാരിനെ വിശ്വസിച്ച് ഇവർ 1978 മുതൽ ബംഗാളിലേക്ക് കുടിയേറി തുടങ്ങി. പക്ഷെ അപ്പോഴേക്കും കമ്മ്യൂണിസ്റ്റ് സർക്കാർ തങ്ങളുടെ നിലപാട് മാറ്റുകയും ഇവരെ ഉൾക്കൊള്ളാൻ ബംഗാളിന് കഴിയില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ അപ്പോഴേക്കും 150000 ത്തോളം അഭയാർഥികൾ ഇങ്ങനെ ബംഗാളിൽ എത്തിക്കഴിഞ്ഞിരുന്നു . അതിൽ ഹസ്നാ ബാദ് പ്രദേശത്ത് ഉണ്ടായിരുന്ന നിരാലംബരായ 40000 ത്തോളം വരുന്ന അഭയാർഥികൾ സംരക്ഷിത വനമേഖലയും ദ്വീപു പ്രദേശവുമായ മരിച്ച്ഛാപിയിലേക്ക് മാറി തമ്പടിച്ചു. സർക്കാർ ഇവരെ അവിടെനിന്നു കുടിയൊഴിപ്പിക്കാൻ ശ്രമം ആരംഭിച്ചു. പക്ഷെ വിജയിച്ചില്ല. പിന്നീട് 1978 ജനവരി 24 നു സ്ഥലത്ത് 144-)ം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു . ഉപരോധം ഏർപ്പെടുത്തി . അഭയാർഥികൾക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നത് നിരോധിക്കപ്പെട്ടു. പതിനായിരങ്ങൾ പട്ടിണിയിലും ദുരിതത്തിലും വലഞ്ഞു .
പതിനഞ്ചു ദിവസങ്ങള്‍ക്ക് ശേഷം ഭക്ഷണം , കുടിവെള്ളം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കൾ അഭയാർഥികൾക്ക് എത്തിക്കണം എന്ന കൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവോടെ പട്ടിണിക്കിട്ടു നരകിപ്പിക്കൽ എന്ന തന്ത്രം പൊളിഞ്ഞു . അതോടെ പോലീസിനെ ഉപയോഗിച്ച് കുടിയൊഴിപ്പിക്കലായി . ഇന്ന് സഹിഷ്ണുതയും പത്ര സ്വാതന്ത്ര്യവും പറയുന്ന കമ്യൂണിസ്റ്റുകൾ സോവിയറ്റ് ഇരുമ്പ് മറകളെ പിന്തുടർന്ന് അന്ന് അവിടെ പത്രക്കാർക്ക് വിലക്കേർ പ്പെടുത്തി . പോലീസും സായുധരായ പാർട്ടി പ്രവർത്തകരും ചേർന്ന് നടത്തിയ അതിക്രമങ്ങളിലും പോലീസ് വെടി വയ്പ്പിലും അനേകം ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു . പോലീസ് ശവങ്ങൾ ചുറ്റുമുള്ള വെള്ളത്തിൽ കെട്ടിതാഴ്ത്തി . രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ അനേകങ്ങൾ വെള്ളത്തിൽ മുങ്ങി മരിച്ചു. യഥാർത്ഥ മരണ സംഘ്യ ഇന്നും അജ്ഞാതമാണ്. മരണം ആയിരം വരെ ആവാമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
3. ആനന്ദ മാർഗ്ഗി കൂട്ടക്കൊല അഥവാ ബിജോണ്‍ സേതു കൂട്ടക്കൊല (30/04/82)
വർദ്ധിച്ചു വരുന്ന അനുയായികളുമായി ആനന്ദ മാര്‍ഗ്ഗി വിഭാഗത്തിൽ പെട്ട സന്യാസിമാർ തങ്ങളുടെ വളർച്ചക്ക് വിഘാതമാവുമെന്നു ബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭയപ്പെട്ടിരുന്നു. അതേ തുടർന്നാണ് 1982 ലെ വളരെ ആസൂത്രിതമായ കൂട്ടക്കൊല നടക്കുന്നത്.
ആനന്ദ മാർഗ്ഗി വിഭാഗക്കാരുടെ ഒരു ദേശീയ വിദ്യാഭ്യാസ കണ് വെൻഷൻ ദക്ഷിണ കൽക്കത്തയിലെ തിൽജല സെന്ററിൽ സംഘടിപ്പിച്ചിരുന്നു. ഇതിനായി എത്തിയ രണ്ടു സന്യാസിനിമാർ അടക്കമുള്ള സന്യാസി സംഘത്തെ അവർ സഞ്ചരിച്ചിരുന്ന ടാക്സികൾ നഗരത്തിൽ അഞ്ചിടത്തായി പാർട്ടി പ്രവർത്തകർ പട്ടാപകൽ തടഞ്ഞു നിർത്തി , അവരെ അടിച്ചു കൊന്നു. തുടർന്ന് കൂട്ടിയിട്ടു കത്തിച്ചു. 16 സന്യാസിമാരാണ് അന്ന് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകളുടെ മുന്നിലാണ് സംഭവം നടന്നത് എങ്കിലും ഇതുവരെ ഒരു അറസ്റ്റു പോലും രേഖപ്പെടുത്തിയിട്ടില്ല. 1996 ൽ ദേശീയ മനുഷ്യാവകാശ പ്രവർത്തകർ അന്വേഷണത്തിന് വന്നെകിലും ഭരണത്തിൽ ഇരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നിസ്സഹകരണം കാരണം അന്വേഷണം നടത്താൻ കഴിയാതെ തിരിച്ചു പോയി.
4. നാനൂർ കൂട്ടക്കൊല (27/07/2000 )
മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിച്ചു എന്ന കുറ്റത്തിന് പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ നാനൂർ പോലീസ് സ്റ്റെഷൻ പരിധിയിൽ സൂചിപ്പുർ എന്ന സ്ഥലത്ത് ദരിദ്രരും ഭവനരഹിതരും ആയ 11 മുസ്ലിം തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവം.
കൊല്ലപ്പെട്ടവർ എല്ലാം തന്നെ തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർ ആയിരുന്നു. സി പി എം ജില്ലാ കമ്മിറ്റി അംഗമായ നിത്യാ ചാറ്റർജിയുദെ നേതൃത്വത്തിൽ ഉള്ള സായുധ സംഘമാണ് നിരായുധരായ തൊഴിലാളികളുടെ നേർക്ക് അക്രമം അഴിച്ചു വിട്ടത്.
5. നന്തിഗ്രാം കൂട്ടക്കൊല ( 14/03/2007)
തൊഴിലാളികളുടെയും കർഷകരുടെയും പേരിൽ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാർട്ടി വൻകിട മുതലാളിത്ത കമ്പനികൾക്ക് വേണ്ടി , കര്‍ഷകന്റെ കൃഷിഭൂമി തട്ടിയെടുക്കുന്നതിനായി നടത്തിയ കൂട്ടക്കൊലയായിരുന്നു നന്ദിഗ്രാമിലേത്. നന്തിഗ്രാമിലെ പതിനായിരം ഏക്കർ വരുന്ന കൃഷിഭൂമി വ്യാവസായിക ആവശ്യത്തിനായി ഇന്തോനേഷ്യൻ കുത്തകയായ സലിം ഗ്രൂപ്പിന് വേണ്ടി പാവപ്പെട്ട കര്‍ഷകന്റെ കയ്യിൽ നിന്ന് തട്ടിപ്പറിക്കാനായിരുന്നു സിപിഎം ശ്രമം. എന്നാൽ തങ്ങളുടെ മണ്ണ് വിട്ടുകൊടുക്കാൻ കർഷകർ തയാറായില്ല. അവർ ഭൂ രക്ഷാ സേന എന്ന കൂട്ടായ്മ രൂപീകരിച്ച് അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചു. അവര്‍ക്ക് നേരെ പാർട്ടി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. കുടിലുകൾക്ക് തീവച്ചു. പോലീസ് വെടി വയ്പ്പിനുള്ള ഭൂമിക ഒരുക്കിക്കൊടുത്തു.
തുടർന്ന് പോലീസിനെ ഉപയോഗിച്ച് നടത്തിയ വെടി വയ്പ്പിൽ 14 ഗ്രാമീണർ മരിക്കുകയും എഴുപതിൽപരം ആള്‍ക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാവപ്പെട്ടവന്റെ പേരില്‍ അധികാരത്തിലേറിയ പാര്‍ട്ടിക്കു മുതലാളിത്തത്തിന്റെ മടിശ്ശീലക്കിലുക്കത്തിനു മുൻപിൽ അവർക്ക് നേരെ ആയുധമൊങ്ങാൻ അല്പം പോലും ആലോചിക്കേണ്ടി വന്നില്ല. ഏതെങ്കിലും വ്യക്തിയോ പ്രസ്ഥാനങ്ങളോ തങ്ങളുടെ പ്രവർത്തനങ്ങൾക്കോ താത്പര്യങ്ങൾക്കോ വിഘാതമാവുമെന്ന നില വന്നാൽ അധികാരത്തിന്റെ മറവിലോ അല്ലാതെ തന്നെയുമോ അവയെ ശാരീരികാക്രമണ ങ്ങളിലൂടെ നിർമാർജ്ജനം ചെയ്യുന്ന കമ്യൂണിസ്റ്റ് രീതിയാണ് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവങ്ങളിൽ എല്ലാം നമുക്ക് കാണാൻ കഴിയുന്നത്. ഒപ്പം ലോകത്ത് എവിടെ ആയാലും മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം കയ്യിൽ കിട്ടിയാൽ ക്രൂരതയിലേക്ക് തിരിയുന്ന കമ്യൂണിസ്റ്റ് രീതിയുടെ ഇന്ത്യൻ സാക്ഷ്യ പത്രവും.
ഉക്രൈനിലെ ഒരു കോടിയോളം ജനത്തെ കൃത്രിമമായി സൃഷ്ടിച്ച ക്ഷാമം മൂലം കൊന്ന സ്റ്റാലിന്റെ ഹോളോ ഡോമർ പാരമ്പര്യമല്ലേ മരിച്ച്ഛാ പ്പി കൂട്ടക്കൊലയിൽ ദൃശ്യമാവുന്നത് ? അതുപോലെ നിരായുധരായ സ്വന്തം ജനതയ്ക്ക് നേരെ യുദ്ധ ടാങ്ക് ഓടിച്ചു കയറ്റിയ ടിയാനൻമെൻ മാനസിക നില തന്നെയല്ലേ നന്തിഗ്രാമിൽ ദൃശ്യമായതും ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: