അടുത്തിടെ ഒരു നാഗരികന്റെ ഷൂവിനുള്ളില്‍ കയറിയിരിക്കുന്ന ഒരു പാമ്പിന്റെ ചിത്രം കാണാനിടയായി. അധികം ദിവസങ്ങള്‍ അകലെയല്ലാതെ, വന്യമൃഗങ്ങള്‍ കാടു വിട്ട് നാട്ടിലിറങ്ങി വളര്‍ത്തു ജീവികളെ കൊന്നു തിന്നുന്നു എന്നൊരു വാര്‍ത്തയും പത്രത്തില്‍ കാണാനിടയായി. അന്തരീക്ഷ ഊഷ്മാവ് സഹിക്കാനാവാത്ത രീതിയില്‍ വര്‍ദ്ധിക്കുന്നതും ജലസ്രോസതുകള് വറ്റി വരളുന്നതും സൂര്യാഘാതമേല്‍ക്കുന്നതും നദികളിലെ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതുമൊക്കെ ചേര്‍ത്തുവച്ചു വായിച്ചാല്‍ ഒരു കാര്യം കൃത്യമായി മനസിലാക്കാനാവും. വരും കാല കേരളം ഭാവിയില്‍ നേരിടാനിരിക്കുന്ന കൊടിയ വിപത്തിന്റെ ആപല്‍സൂചനകളാണ് ഈ ചിത്രങ്ങള്‍.
എന്താണിങ്ങനെയൊക്കെ? നമ്മുടെ ഭൂമിക്ക് അതിന്റെ അടിസ്ഥാനപരമായ ഘടനയില്‍ അത്ര ശുഭകരമല്ലാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നതാണ് അതിന്റെ ഉത്തരം. പ്രകൃതിയുടെ സമതുലനാവസ്ഥയുടെ തായ്വേര് ഇനിയും വീണ്ടെടുക്കാനാവാത്ത വിധത്തില്‍ അറ്റു പോയിരിക്കുന്നു. മരങ്ങള്‍ ഇല്ലാതാവുന്നു, മലകള്‍ സമതലങ്ങളാവുന്നു. ഈ പ്രപഞ്ചത്തെ അവകാശമുള്ള ഒരു ഇലക്കു പോലും അതിന്റെ ഇടം നഷ്ടപ്പെടുന്നു. ജീവികള്‍ക്ക് വീടുകള്‍ നഷ്ടപ്പെടുന്നു. വിശപ്പടക്കാന്‍ ഭകഷണമില്ലാതാവുന്നു. കുടിക്കുവാന്‍ ജലമില്ലാതാവുന്നു. ഒരു പാമ്പിന് നഗരവാസിയുടെ ഷൂവിനുള്ളില്‍ അഭയം തേടേണ്ടി വരുന്നു. മൃഗങ്ങള്‍ക്ക് കാടു വിട്ട് നാട്ടിലേക്കിറങ്ങേണ്ടി വരുന്നു.
സരമാഗുവിന്റെ അന്ധന് വായിച്ചിട്ടുള്ളവര്‍ക്കറിയാം. തങ്ങളുടെ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍, കളിച്ചുകൊണ്ടിരിക്കുമ്പോള്‍, ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ കുളിച്ചുകൊണ്ടിരിക്കുമ്പോളൊക്കെ പെട്ടെന്ന് അന്ധരായിപ്പോയ ആ സാങ്കല്പിക ജനതയിലേക്ക് നമുക്ക് അധികം ദൂരമില്ല. വര്‍ഷങ്ങള്‍ പോകെപ്പോകെ, അണക്കെട്ടുകളില്‍ വൈദ്യുതി ഉല്പാദിപ്പിക്കുവാനുള്ള ജലം കുറഞ്ഞു കുറഞ്ഞു വരുന്നു. പെട്രോളിയം പോലുള്ള ഇന്ധനങ്ങള്‍ പതിയെ ഇല്ലാതാവുന്നു. കുടിവെള്ളം പോലും കിട്ടാക്കനിയാവുന്നു.
ഓര്‍ക്കാപ്പുറത്തൊരു പ്രഭാതത്തില്‍ അവനവന്റെ ജോലികളില്‍ മുഴുകിയിരിക്കുമ്പോള്‍ നമ്മള് സമ്പൂര്‍ണ്ണ അന്ധതയിലേക്കു വീഴും. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ ഇന്ധനം തീര്‍ന്ന് നടുവഴിയില്‍ നില്ക്കും. ഒരു തുള്ളി വെള്ളത്തിനും ഒരല്പം എണ്ണക്കും പകരമായി ഒരു കിലോ സ്വര്‍ണ്ണം വാഗ്ദാനം ചെയ്യപ്പെടുന്ന കാലം വരും. അനാവശ്യമായി തെളിക്കുന്ന ഓരോ ലൈറ്റിനും, ഓരോ തുള്ളി വെള്ളത്തിനും, പാഴാക്കിക്കളയുന്ന ഓരോ മണി അരിക്കും, കത്തിച്ചുകളയുന്ന ഇന്ധനത്തിനും വരും തലമുറയോട് നമുക്കു കണക്കു പറയേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: