എന്തുകൊണ്ടാണ് ആ ബാലനെ കുറിച്ചോര്‍ക്കുന്ന നിമിഷങ്ങളില്‍ എന്റെ കണ്ണുകള്‍ വല്ലാതെ തുളുമ്പുന്നത്. അതിനൊരു ഉത്തരം കിട്ടേണ്ടത് അത്യാവശ്യമായിരുന്നു. ആദ്യം അമ്മ പറഞ്ഞാണ് അവനെപ്പറ്റി അറിയുന്നത്. ആ അറിവ് ഒരു കൗതുകമായി. ഇന്റര്‍നെറ്റില്‍ അവന്റെ പേര് ഉപയോഗിച്ച് ഞാന്‍ തിരഞ്ഞു. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിറഞ്ഞ വിവരങ്ങളില്‍ നിന്നും ഒരു അത്ഭുത ബാലന് മനസ്സില്‍ നിറഞ്ഞു. അവനെന്നെ കൂട്ടിക്കൊണ്ടുപോയത് നിറങ്ങള്‍ മാത്രം നിറഞ്ഞ ഒരു ലോകത്തിലേക്കായിരുന്നു.
എഡ്മണ്ട് തോമസ് ക്ലിന്റ്, നിറങ്ങളുടെ ലോകത്ത് ജീവിച്ച്, നിറങ്ങളെ പ്രാണനെപ്പോലെ സ്നേഹിച്ച്, നിറങ്ങളുടെ നിത്യകാമുകനായവന്. പ്രകൃതിയില്‍ തന്റെ കണ്ണിലുടക്കിയതെന്തിനേയും ഉള്‍ക്കണ്ണില്‍ വിരിഞ്ഞതിനെയുമെല്ലാം ഏതെങ്കിലുമൊരു ക്യാന്‍വാസിലേക്ക് പകര്‍ത്തി അത്ഭുതം സൃഷ്ടിച്ച ക്ലിന്റ്. എന്ത് വിശേഷണമാണ് അവന് ചേരുക. അത്ഭുതമെന്നോ പ്രതിഭാസമെന്നോ….ജനിച്ച് 2522 ദിവസങ്ങള്‍ മാത്രം ഭൂമിയില്‍ ജീവിച്ച് മറ്റേതോ ലോകത്തിലേക്ക് പെട്ടെന്ന് മടങ്ങിയ ബാലന്. ഈ ഭൂമിയില്‍ അവന് അവശേഷിപ്പിച്ചത് അവന്റെ കുഞ്ഞുവിരലുകളാല്‍ നിറം ചാര്‍ത്തിയ 25,000ത്തോളം ചിത്രങ്ങള്‍. പറഞ്ഞാലും എഴുതിയാലും തീരാത്തത്ര ഓര്‍മകള്‍.
ഈ പ്രപഞ്ചത്തെ ആശ്ചര്യത്തോടെയും സംശയത്തോടെയും വീക്ഷിച്ച മറ്റൊരു ബാലന് ക്ലിന്റിനെപ്പോലെയുണ്ടാവാന് വഴിയില്ല. അവന്റെ ചോദ്യങ്ങള്‍ക്കെല്ലാം അവന് കണ്ടെത്തിയ ഉത്തരങ്ങള്‍ ചിത്രങ്ങളായി രൂപാന്തരപ്പെട്ടു. ഒരു കുഞ്ഞു ചിത്രശലഭത്തിന്റെ പിറവി പോലും കണ്മുന്നില് കണ്ട്, നിരീക്ഷിച്ച്-ഒടുവില്‍ ഒരു ക്യാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍ അതിനെ എങ്ങനെയാണ് ഒരു കുട്ടിയുടെ ചിത്രം എന്ന് വിശേഷിപ്പിക്കാനാവുക.
എറണാകുളം സ്വദേശികളായ എം.ടി. ജോസഫിന്റേയും ചിന്നമ്മയുടേയും മകനായി ജനിച്ച ക്ലിന്റിന് ചിത്രകലയില്‍ യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലായിരുന്നു. വിഖ്യാത നടന് ക്ലിന്റ് ഈസ്റ്റ്വുഡിനോടുള്ള ആരാധന മൂത്താണ് ജോസഫ് മകന് തന്റെ പിതാവിന്റെ പേരായ എഡ്മണ്ട് തോമസ് എന്ന പേരിനൊപ്പം ക്ലിന്റ് എന്നുകൂടി ചേര്‍ത്തത്.
കയ്യെത്തുന്നിടമെല്ലാം അവന് ക്യാന്‍വാസായിരുന്നു. ആറ് മാസം പ്രായമുള്ളപ്പോള്‍, തറയിലാദ്യം എവിടെ നിന്നോ കിട്ടിയ ഇഷ്ടിക കഷ്ണം ഉപയോഗിച്ചുള്ള ആദ്യവര. വീടിനുള്ളില്‍ അവിടവിടെ പ്രത്യക്ഷപ്പെടുന്ന ഇഷ്ടിക കഷ്ണങ്ങളും കുഞ്ഞുകുഞ്ഞു വരകളും. ആരുടെ വികൃതിയാണിതെന്ന അന്വേഷണത്തിനൊടുവില്‍ ചിന്നമ്മ അതിന്റെ സൃഷ്ടികര്‍ത്താവിനെ കണ്ടെത്തി, കൊച്ചു ക്ലിന്റ്. തറയില്‍ ആ കുഞ്ഞ് കോറിയിടുന്നത് കേവലം കുത്തിവരയ്ക്കലല്ലെന്ന് ആ മാതാപിതാക്കള്‍ മനസ്സിലാക്കിയതില്‍ നിന്നുമാണ് ക്ലിന്റെന്ന പ്രതിഭയുടെ ജനനം. വീടെല്ലാം വൃത്തികേടാക്കുമെന്ന് പറഞ്ഞ് കുഞ്ഞിനെ നിരുത്സാഹപ്പെടുത്താമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇന്ന് ലോകം അറിയുന്ന ക്ലിന്റിലെ പ്രതിഭ അവിടെ അവസാനിക്കുമായിരുന്നു. അതിന് പകരം ആ ആറുമാസക്കാരന്റെ കുഞ്ഞുവിരലുകള്ക്കിടയിലേക്ക് തൂവെള്ള നിറമുള്ള ചോക്കുകള്‍ ചേര്‍ത്തുവച്ചു. അങ്ങനെ ആദ്യ കാന്‍വാസിലെ വര പൂര്‍ത്തിയായി. പിന്നെ കണ്ണുടക്കിയത് ചായം പൂശി മനോഹരമക്കിയ ഭിത്തിയില്‍. മുട്ടിലിഴഞ്ഞെത്തി ആ ഭിത്തിയില്‍ ഇഷ്ടിക കഷ്ണം കൊണ്ട് നീളത്തിലൊരു വര. ആ നേര്‍രേഖ പിന്നീട് വൃത്തങ്ങളായി, വൃത്തങ്ങള്‍ പലവിധ രൂപങ്ങളായി ഭിത്തിയില്‍ നിറഞ്ഞു. പിന്നെ മറ്റൊരു ക്യാന്‍വാസ് തേടിയ ക്ലിന്റിന് മുന്നിലേക്ക് കാര്‍ട്ടണ്‍ പേപ്പറുകളും റസിപ്റ്റ് ബുക്കുകളും വരയുടെ മനോഹാരിത ഏറ്റുവാങ്ങാനായി എത്തി. അയയില്‍ ഉണക്കാന്‍ വിരിച്ച തുണികളായിരുന്നു ക്ലിന്റ് ആദ്യമായി പേപ്പറില്‍ വരച്ചത്.
വരയില്‍ ആരായിരുന്നു ക്ലിന്റിന് ഗുരു. ഒരു ഗുരുവിന്റേയും സഹായം അവന് ആവശ്യമില്ലെന്നും അവനിലെ പ്രതിഭയെ രാകി മിനുക്കേണ്ടതില്ലെന്നും തിരിച്ചറിഞ്ഞ ചിത്രകാരന് ആര്‍ട്ടിസ്റ്റ് മോഹനനായിരുന്നു ക്ലിന്റിന്റെ ഗുരുവായി ചൂണ്ടിക്കാട്ടാവുന്ന ഏകവ്യക്തി. ചിത്രകലയില്‍ ക്ലിന്റിനുള്ള സംശയങ്ങള്‍ തീര്‍ത്തുകൊടുക്കല്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജോലി.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍ അക്കൗണ്ടന്റ് ആയി ജോലി നോക്കിയിരുന്ന ജോസഫും കുടുംബവും അന്ന് തേവരയിലെ ഓഫീസ് ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. ജോസഫും മോഹനും തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റുകളിലായാണ് താമസം. അക്കാലത്ത് എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ മോഹനന്റെ വരവും പ്രതീക്ഷിച്ച് ജനലരികില്‍ ക്ലിന്റ് കാത്തിരുന്നു, ഒരുപാട് ചോദ്യങ്ങളുമായി. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് മോഹനനും സാധിച്ചിരുന്നില്ല. ഉത്തരം അവ്യക്തമെങ്കില്‍ അത് മനസ്സിലാക്കാനുള്ള തിരിച്ചറിവ് ക്ലിന്റിനുണ്ടായിരുന്നു. എങ്കിലും ക്ലിന്റിന്റെ ആരാധനാപാത്രമായിരുന്നു മോഹനന്. ചിത്രകലയില്‍ ക്ലിന്റിന്റെ പെര്‍ഫക്ട് സ്ട്രോക് കണ്ട് അത്ഭുതംകൂറിയിട്ടുണ്ട് പലരും.
വര തുടങ്ങിയത് ചെങ്കല്‍ ചുവപ്പുനിറമുള്ള ഇഷ്ടിക കഷ്ണത്തില്‍ നിന്നും. പിന്നീടത് ചോക്കും പെന്‍സിലും ബോള്‍പെന്നും, ക്രയോണ്‍സും വാട്ടര്‍കളറും എല്ലാം ഉപയോഗിച്ചായി. ആത്മവിശ്വാസത്തോടുള്ള വരയ്ക്കിടയില്‍ ഒരിടത്തും മായ്ച്ചുവരച്ചിട്ടില്ല ക്ലിന്റ്. മനസ്സില്‍ വിടര്‍ന്ന ചിത്രങ്ങള്‍ കടലാസിലേക്ക് ഒപ്പിയെടുക്കുമ്പോള്‍ വരയിലെ കണക്കുകളും കൃത്യം.
പ്രപഞ്ചത്തിലെ എല്ലാം ക്ലിന്റിന് വരയ്ക്കുവാനുള്ള വിഷയങ്ങളായി. എല്ലാ നിറങ്ങളും സംഗമിക്കുന്ന സൂര്യപ്രകാശത്തിന്റെ ഉത്ഭവ സ്ഥാനമായ സൂര്യന്റെ ഉപാസകനായിരുന്നു ക്ലിന്റ്. ക്ലിന്റ് വരച്ച സൂര്യന്റെ ചിത്രങ്ങള്‍ സൂര്യശോഭ നിറഞ്ഞതുമായിരുന്നു. കാതില്‍ മുഴങ്ങിയ വാക്കുകള്‍ക്കുപോലും ചിത്രഭാഷ്യം നല്കി ക്ലിന്റ്. പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ അവന് കഥകള്‍ കേട്ടു. ആ കഥയില്‍ ആമയും മുയലും കാക്കയും പൂച്ചയും മാത്രമല്ല നിറഞ്ഞത്. കൃഷ്ണനും ഭീമനും അഭിമന്യുവും കര്‍ണനും ഹനുമാനും ബാലിയും രാവണനും ഡേവിസും ഗോലിയാത്തും എല്ലാം ചിത്രങ്ങളായി. ആറ് വയസ്സിനുള്ളില്‍ പുരാണകഥകളും മഹാഭാരതവും ബൈബിളും പഞ്ചതന്ത്രം കഥകളും ആയിരത്തൊന്നു രാവുകളും ലോകക്ലാസിക്കുകളും കേട്ടുവളര്‍ന്ന മറ്റൊരുകുട്ടിയുണ്ടാകുമോ, സംശയമാണ്. കഥപുസ്തകങ്ങള്‍ വിരളമായിരുന്ന 75-80 കാലഘട്ടത്തില്‍ നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റി പ്രസിദ്ധീകരിച്ച വേള്‍ഡ് മാഗസിന് ഉള്‍പ്പെടെയുള്ള ആംഗലേയ പ്രസിദ്ധീകരണങ്ങള്‍ വരെ ക്ലിന്റിനായി മാതാപിതാക്കള്‍ വരുത്തിയിരുന്നു. വര മാത്രമല്ല വരികള്‍ക്കിടയിലും ഒരു അന്വേഷണ കുതുകിയെപ്പോലെ ഉത്തരങ്ങള്‍ തേടി. ആ അന്വേഷണമോരോന്നും പ്രപഞ്ചത്തിന്റെ ആത്മാവ് തൊട്ടറിയുന്നതിന് വേണ്ടി മാത്രമായിരുന്നു.
തന്റെ ചിത്രങ്ങളെ വിമര്‍ശിക്കുവാനുള്ള അധികാരവും ആര്‍ക്കും നല്‍കിയിരുന്നില്ല ക്ലിന്റ്. ചിത്രകലയുടെ എബിസിഡി അറിയാത്ത ബോറന്മാരോട് സംസാരിക്കാന്‍ കൂടി ക്ലിന്റ് താല്പര്യം കാട്ടിയിരുന്നില്ല. അത്തരക്കാരോട് പരുഷമായ വാക്കുകകളിലായിരുന്നു സംസാരം. ഒരിക്കല്‍ ഭിത്തിയില്‍ വരച്ച സൈക്കിളിന്റെ ചിത്രം കണ്ട് ജോസഫിന്റെ സുഹൃത്ത് അതെന്താണെന്ന് അന്വേഷിച്ചു. ക്ലിന്റ് ഉത്തരം നല്കി, സൈക്കിള്‍. എനിക്കങ്ങനെ തോന്നുന്നില്ലല്ലോയെന്ന് സുഹൃത്ത്. അതിന് ക്ലിന്റ് നല്കിയ മറുപടി എനിക്കങ്ങനെ തോന്നുന്നുണ്ട് എന്നായിരുന്നു.
ക്ലിന്റ് അമിതമായി ചിരിക്കുകയോ കരയുകയോ ചെയ്തിരുന്നില്ലെന്ന് മാതാപിതാക്കള്‍ ഓര്‍ക്കുന്നു. വരയ്ക്കുമാത്രമായിരുന്നു ഏകലക്ഷ്യം. 100 ഓളം ചിത്രങ്ങള്‍ വരെ വരച്ച ദിവസങ്ങളുണ്ട്. ക്രിസ്ത്യന്‍ കുടുംബത്തില്‍ പിറന്നിട്ടും ക്ലിന്റ് ഒരിക്കലും ക്രിസ്തുദേവന്റെ ചിത്രങ്ങള്‍ വരച്ചിരുന്നില്ല. ബൈബിള്‍ കഥാപാത്രങ്ങളേക്കാള്‍ ഇഷ്ടം ഹിന്ദുദേവതമാരോട്. ഗണപതിയായിരുന്നു ഇഷ്ടദൈവം. മഹാഭാരതത്തിലെ അഭിമന്യുവിനോടായിരുന്നു ആരാധന.
ഓരോ ജീവജാലങ്ങളുടേയും സൂക്ഷ്മ ഭാവം ഉള്‍ക്കൊണ്ടായിരുന്നു വര. മരക്കൊമ്പിലിരിക്കുന്ന മൂങ്ങയുടെ കണ്ണുകളുടെ തീക്ഷ്ണതയും കുഞ്ഞുങ്ങളെ മുലയൂട്ടുന്ന കടുവയുടെ മാതൃഭാവവും ഒപ്പം അവയുടെ സംരക്ഷണത്തിനായി ചുറ്റുപാടുകളിലേക്ക് തുറന്നുപിടിച്ച കണ്ണുകളും എത്ര സൂക്ഷ്മതയോടെയാണ് ക്ലിന്റ് വരഞ്ഞിട്ടത്.
വരയെപ്പറ്റിയല്ലാതെ ഒരു നിമിഷം പോലും മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കുവാന്‍ ആവുമായിരുന്നില്ല ക്ലിന്റിന്. ആ കുരുന്നിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയെത്തിയ ആ ദിനത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടത്തിന്റെ ഒരു കടല്‍ ജോസഫിന്റേയും ചിന്നമ്മയുടേയും മനസ്സില്‍ തിരയടിച്ച് ഉയരുന്നുണ്ട്. വര്‍ഷമിത്ര കഴിഞ്ഞിട്ടും ആ നോവ് മാറ്റാന്‍ കാലത്തിനും കഴിഞ്ഞിട്ടില്ല. ജീവിക്കുന്ന ഓരോ നിമിഷവും ഉള്ളില്‍ ക്ലിന്റ് നിറയുന്നു. അല്ലെങ്കില്‍ ഇപ്പോഴും അവര്‍ ജീവിക്കുന്നതും ക്ലിന്റിന് വേണ്ടിത്തന്നെ. മോനെന്നല്ലാതെ മറ്റൊന്നും ജോസഫ് ഇപ്പോഴും അവനെ വിളിക്കുന്നില്ല.
ക്ലിന്റിന്റെ മൂന്നാം പിറന്നാളിന് രണ്ട് മാസം മുമ്പാണ് വയറിളക്കം അവനെ ക്ഷീണിതനാക്കിയത് – ജോസഫ് പറയുന്നു. ചിന്നമ്മ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി അസുഖത്തിന് മരുന്ന് വാങ്ങി. തല്‍ക്കാലത്തേക്ക് ആശ്വാസം തോന്നിയെങ്കിലും കുറച്ച് ദിവസങ്ങള്‍ക്കുശേഷം കണ്ണുകള്‍ക്ക് താഴെ വല്ലാതെ ഇരുണ്ട നിറം. ഉടന്‍ ആശുപത്രിയിലെത്തി. ഡോക്ടര്‍മാരുടെ ഒരു സംഘം ആ കുഞ്ഞുബാലനെ പരിശോധിച്ചു, പരിശോധനകള്‍ നിര്‍ദ്ദശിച്ചു. ഒടുവില്‍ അവര്‍ വിധിയെഴുതി. ജീവന് തന്നെ ഭീഷണിയാകുന്ന ഒരു രോഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് ക്ലിന്റെന്ന്. മൂത്രത്തില്‍ ആല്‍ബുമിന്റെ അളവ് ക്രമാതീതമായി കൂടിയിരിക്കുന്നു. ക്ലിന്റ് വൃക്കരോഗ ബാധിതനായിരിക്കുന്നു എന്ന വിവരം ആ പാവം മാതാപിതാക്കള്‍ ഞെട്ടലോടെ കേട്ടു. ഈ ലോകം തന്നെ അവര്‍ക്ക് മുന്നില്‍ നിശ്ചലമായി. ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള ഓട്ടം. ക്ലിന്റിന്റെ അവസ്ഥ കൂടുതല്‍ മോശമായി വന്നു. വിരസമായ ആശുപത്രി വാസത്തിനിടയിലും അവന് വര തുടര്‍ന്നു. ഇടം കൈയാലും അവന് ചിത്രം വരച്ചു. പക്ഷേ ഈ ചിത്രങ്ങള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയുക പ്രയാസം., ഇംഗ്ലീഷ് മരുന്നുകള്‍ ആ കുഞ്ഞുശരീരത്തെ കൂടുതല്‍ തളര്‍ത്തി.
ആ സമയത്താണ് ജോസഫിന്റേയും ചിന്നമ്മയുടേയും അടുത്തേയ്ക്ക് അവദൂതനെപ്പോലെ സുഹൃത്ത് അഗസ്റ്റിന് കടന്നുവരുന്നത്. ഹോമിയോ ഡോക്ടറായ ജോസഫ് എബ്രഹാമിന്റടുത്ത് ക്ലിന്റിനെ കാണിക്കാന്‍ നിര്‍ദ്ദേശിച്ചത് അദ്ദേഹമാണ്. ഹോമിയോ ചികിത്സയില്‍ അത്രകണ്ട് വിശ്വാസം ഇല്ലാതിരുന്നിട്ടും തോപ്പുംപടിയിലെ ഡോക്ടറുടെ വീട്ടില്‍ അവരെത്തി. ഡോ.ജോസഫിന്റെ ചികിത്സയില്‍ ക്ലിന്റ് സാവാധാനം സാധാരണ ജീവിതത്തിലേക്കെത്തി. എന്നാല്‍ ഏഴ് വയസുവരെ സങ്കീര്‍ണമായിരിക്കുമെന്ന് വിധിച്ച ഡോക്ടര്‍ ആ ഘട്ടം കഴിഞ്ഞാല്‍ രോഗം പൂര്‍ണമായും ഭേദപ്പെടുത്താമെന്ന ഉറപ്പ് നല്‍കിയിരുന്നു. തോപ്പുംപടിയിലേക്കുള്ള യാത്ര ക്ലിന്റ് ഏറെ ആസ്വദിച്ചിരുന്നു. സൂര്യാസ്തമയത്തിന്റെ ഭംഗി മുളംകാടുകള്‍ക്കിടയിലൂടെ നുകര്‍ന്നത് ആ യാത്രകളിലായിരുന്നു. മുളം കാടുകള്‍ക്ക് മറവില്‍ അസ്തമിക്കുന്ന സൂര്യനെ ക്ലിന്റ് ഏറെ ഇഷ്ടപ്പെടുകയും വരയ്ക്കുകയും ചെയ്തിരുന്നു. ഓരോ യാത്രയിലും മിന്നിമായുന്ന കാഴ്ചകളെ മനസ്സില്‍ മായാതെ സൂക്ഷിച്ച് ക്യാന്‍വാസുകളില്‍ പകര്‍ത്തി.
ക്രിസ്ത്യാനിയായി ജനിച്ച് ഹൈന്ദവികതയെ ഉള്‍ക്കൊണ്ട ക്ലിന്റ് തന്റെ പേര് പോലും മാറ്റണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു ദിവസം അവന് പറഞ്ഞു; നിങ്ങള്‍ എന്നെ ശ്രീകാന്ത് എന്ന് വിളിക്കണം. മറ്റൊരു ദിവസം ഗണേശനെന്നും വിളിക്കണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഒരു പേര് മാറ്റത്തിന് ക്ലിന്റിന്റെ ബന്ധുക്കള്‍ അനുകൂലമായിരുന്നില്ല. ക്ലിന്റ് വരഞ്ഞിട്ട ഹിന്ദുദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ ആരിലും ആശ്ചര്യം ജനിപ്പിക്കും. ഏറെ വരച്ചിരിക്കുന്നത് ഗണപതിയെയാണ്. ഭഗവാന് കൃഷ്ണന്റെ വിശ്വരൂപ ദര്‍ശനം, ബാലി വധം, അമ്പെയ്യുന്ന അഭിമന്യു, ഗണപതിയുടെ വായില്‍ മധുരപലഹാരം വച്ചുകൊടുക്കുന്ന ഉണ്ണിക്കണ്ണന് തുടങ്ങി എത്രയോ ചിത്രങ്ങള്‍. രാമനുമായുള്ള അന്തിമ പോരാട്ടത്തിന് മുമ്പ് പരാജിത ഭീതിയോടെയും ദുഖഭാരത്തോടെയും ഇരിക്കുന്ന പത്ത് തലയുള്ള രാവണന് പകരം ഒരുതലയുള്ള രാവണനെയാണ് ക്ലിന്റ് വരച്ചത്. പക്ഷേ പത്ത് തലയുള്ള രാവണന് അനുഭവിക്കുന്ന വ്യഥ ആ മുഖത്ത് പ്രകടമായിരുന്നു.
ക്ലിന്റിന് ആറ് വയസ് ആയപ്പോഴാണ് അടുത്തുള്ള സെന്റ് തോമസ് നേഴ്സറി സ്കൂളില്‍ ചേര്‍ക്കുന്നത്. ആദ്യമായി ഒരു ചിത്രരചനാ മത്സരത്തിലും പങ്കെടുക്കുന്നതും നേഴ്സറി സ്കൂളില്‍ എത്തിയ ശേഷമാണ്. ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹതയുണ്ടായിട്ടും പ്രോത്സാഹന സമ്മാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു കൊച്ചു ക്ലിന്റിന്. പിന്നീട് നവരാത്രിയോട് അനുബന്ധിച്ച് മൂന്ന് വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി ടിഡിഎം ഹാളില്‍ നടന്ന ചിത്ര രചനാ മത്സരത്തില്‍ വിധി കര്ത്താക്കളെപ്പോളും അത്ഭുതപ്പെടുത്തി ആ കൊച്ചുബാലന് സ്വര്‍ണ മെഡല്‍ നേടി. ആ സ്വര്ണത്തിളക്കില് തെല്ലും ഭ്രമിക്കാത്ത അവന് ആ മെഡലൊരു കൊച്ചു പപ്പടം പോലെയെ തോന്നിയിരുന്നുള്ളു. വാട്ടര്‍കളര്‍ ഉപയോഗിച്ച് ക്ലിന്റ് ആദ്യമായി ചിത്രം വരയ്ക്കുന്നതും ആ മത്സരത്തിലായിരുന്നു. തുടര്‍ന്നങ്ങോട്ട് ക്ലിന്റ് പങ്കെടുത്ത എല്ലാ ചിത്രരചനാ മത്സരങ്ങളിലും ഒന്നാം സ്ഥാനം മറ്റാര്‍ക്കും ക്ലിന്റ് വിട്ടുകൊടുത്തിരുന്നില്ല. ഉത്സവങ്ങളോട് അടങ്ങാത്ത കമ്പമായിരുന്നു അവന്. ആനയും അമ്പാരിയും ചെണ്ടമേളവും എല്ലാം അവനെ സദാ ഭ്രമിപ്പിച്ചു. അതെല്ലാം അവന് വരയിലൂടെ പുനസഷ്ടിച്ചു. ജീവിതമങ്ങനെ വരയുമായി മുന്നോട്ട് പോകുമ്പോഴാണ് യാത്രകളെ ഏറെ സ്നേഹിച്ചിരുന്ന ക്ലിന്റ് യൂണിവേഴ്സല്‍ ആര്‍ട്സ് സംഘടിപ്പിച്ച ഒരു ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്. അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച 18 വയസ്സില്‍ താഴെ പ്രായമുള്ള പതിനായിരത്തിന് അടുത്ത് മത്സരാര്‍ത്ഥികള്‍. എന്ത് വരയ്ക്കണം എന്ന അങ്കലാപ്പൊന്നും അലട്ടാതെ സ്വതവേയുള്ള ഗൗരവ ഭാവത്തോടെ അവന് വരച്ചു തുടങ്ങി. വാദ്യമേളങ്ങളുടെ സംഗീതവും ആള്‍ക്കൂട്ടത്തിന്റെ ആരവവും നെറ്റിപ്പട്ടം ചാര്‍ത്തിയ ആനകളുടെ തലയെടുപ്പും വെഞ്ചാമരവും എല്ലാം സമന്വയിപ്പിച്ച് ഉത്സവപ്രതീതി പകരുന്ന അതിമനോഹരമായ ചിത്രം ക്ലിന്റ് പൂര്‍ത്തിയാക്കി. നിറങ്ങളുടെ സംയോജനമാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പ് സശ്രദ്ധം നിരീക്ഷിച്ച സൂക്ഷ്മാംശം ഒട്ടും ചോര്‍ന്നുപോകാതെയുള്ള വര. ക്ലിന്റ് പങ്കെടുത്ത അവസാനത്തെ മത്സരം കൂടിയായിരുന്നു അത്. ആ മത്സരത്തിലും ഒന്നാം സ്ഥാനം. കൂടാതെ കൂടാതെ ഏറ്റവും മികച്ച ചൈല്‍ഡ് ആര്‍ട്ടിസ്റ്റിനുള്ള മാതൃഭുമിയുടെ ഗോള്‍ഡ് മെഡല്‍ പുരസ്കാരവും ഏറ്റുവാങ്ങിയാണ് അവന് തന്റെ പതിമൂന്നാമത്തെ മത്സരവേദിയുടെ പടിയിറങ്ങിയത്. 1983 ഫെബ്രുവരിയിലാണ് ഈ മത്സരം നടന്നത്. അവിടെ നിന്നും കൊയിലാണ്ടിയിലുള്ള സുഹൃത്തിനെ കാണുന്നതിനായി ക്ലിന്റും കുടുംബവും യാത്ര തിരിച്ചു. ആ യാത്രയും അവന്റെ നിയോഗങ്ങളില്‍ ഒന്ന് മാത്രമായിരുന്നു.
കഥകളേറെ കേട്ടിരുന്നെങ്കിലും ക്ലിന്റിന് ഭഗവദ് ഗീതയായിരുന്നു ഇഷ്ടഗ്രന്ഥം. ഒരു ബാലന് എങ്ങനെയാണ് ഒരു പുരുഷായുസ് കൊണ്ട് അര്‍ത്ഥ തലങ്ങള്‍ ഗ്രഹിക്കാന്‍ പ്രയാസമുള്ള ആ മഹദ്ഗ്രന്ഥത്തിന്റെ സാരാംശങ്ങള്‍ ഉള്‍ക്കൊള്ളാനാവുക. സംശയിക്കേണ്ട, ക്ലിന്റ് ഒരിക്കലും ഒരു സാധാരണ ബാലനായിരുന്നില്ല. വരയിലൂടെ അവന് ഈശ്വരനെ അടുത്ത് അറിയുകയായിരുന്നു. അതാണ് ആ ചെറുപ്രായത്തിലും ഭഗവാന്റെ വിശ്വരൂപം അവന്റെ മനസ്സിലും പിന്നീട് ഒരു ക്യാന്‍വാസിലും തെളിഞ്ഞത് കാലത്തിന് മുമ്പേ നടന്ന ക്ലിന്റ് ഒരുവന്റെ ഉത്പത്തിമുതല്‍ മരണമെന്ന അനിവാര്യതയെക്കുറിച്ചുമെല്ലാം അറിവ് നേടിയിരുന്നു. മരണചിന്ത ഒരിക്കലും അവനെ ഭയപ്പെടുത്തിയിരുന്നുമില്ല.
1983 ഏപ്രില്‍ 15, അന്നാണ് ക്ലിന്റ് നിറങ്ങളുടെ ലോകത്തുനിന്നും ഒരു മഴവില്ലുമായും പോലെ മാഞ്ഞുപോയത്. അതിന് തൊട്ടുമുമ്പുള്ള ദിവസങ്ങലിലെല്ലാം അവന് അറിഞ്ഞതും സംസാരിച്ചതും എല്ലാം മരണത്തെക്കുറിച്ചാണ്. തന്റെ നിയതി അറിയുന്ന ഒരു ജ്ഞാനിയെപ്പോലെ. ആ ദിവസങ്ങളില്‍ അവന് ഈശ്വരനോട് കൂടുതല്‍ അടുത്തുനിന്നിരുന്നു. ഹൈന്ദവാചാരപ്രകാരമുള്ള മരണാനന്തരച്ചടങ്ങുകളെപ്പറ്റി അവന് അമ്മയില്‍ നിന്നും അറിഞ്ഞു. പെസഹവ്യാഴത്തിന്റേയും ദുഖവെളളിയുടേയും ഈസ്റ്ററിന്റേയും പ്രത്യേകത അവന് നേരില്ക്കണ്ടറിഞ്ഞു. എവിടെനിന്നു വന്നുവെന്നും എവിടേക്ക് പോകുന്നുവെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി.
മരണം കവര്‍ന്നെടുക്കുന്നതിന് മുന്നേ അവന് ഏറെ ഇഷ്ടമുള്ള ആ കാഴ്ചയും ആസ്വദിച്ചു, സൂര്യാസ്തമയം. അസ്തമയ സൂര്യന്റെ കിരണങ്ങള്‍ അന്ന് ആ കുഞ്ഞുമുഖത്തെ കൂടുതല്‍ പ്രകാശിപ്പിച്ചിരുന്നിരിക്കാം. തിരികെയുള്ള യാത്രയില്‍ അവന് പതിവുപോലെ വാചാലനും ആയിരുന്നില്ല. മരണത്തിന്റെ തണുപ്പ് ഏറ്റുവാങ്ങും മുമ്പ് അവന് ഒരു റിഹേഴ്സല്‍ നടത്തി. വിഷുവെത്താന്‍ രണ്ട് ദിവസം കൂടിയേയുള്ളു. ക്ലിന്റ് അമ്മയോട് പറഞ്ഞു. ഞാന്‍ മരിച്ചാല്‍ എന്റെ വരകളും പെയിന്റിങുകളുമൊന്നും ദൂരെ എറിയരുത്, നല്ല ശ്രദ്ധയോടെ കാത്തുസൂക്ഷിക്കണമെന്ന്. അത് ഭാവിയില്‍ നിന്റെ ഭാര്യയോടും മക്കളോടും പറഞ്ഞാല്‍ മതിയെന്ന് കളി പറഞ്ഞെങ്കിലും ആ മാതൃഹൃദയം ഒരു നിമിഷം ഒന്ന് തേങ്ങിയിരിക്കാം. അന്ന് രാത്രി സോഫയില്‍ ഏരെ നേരം കഥപുസ്തകം കൈയില്‍ പിടിച്ച് കണ്ണുകള്‍ പൂട്ടിക്കടന്ന ക്ലിന്റ് കള്ള ഉറക്കം നടിക്കുകയാണെന്ന് ചിന്നമ്മ കണ്ടുപിടിച്ചെങ്കിലും ഏറെ നേരം നീണ്ട ആ കളി അവരെ പരിഭ്രാന്തയാക്കി. എന്നാല്‍ പൊടുന്നനെ കണ്ണുകള്‍ തുറന്ന ക്ലിന്് അമ്മയോട് പറഞ്ഞു. ഒരു ദിവസം ഞാന്‍ എന്റെ കണ്ണുകള്‍ അടയ്ക്കും. പിന്നീടത് ഒരിക്കലും തുറക്കില്ല. പക്ഷേ അമ്മ സങ്കടപ്പെടരുത്. തനിക്ക് സംഭവിക്കാന്‍ പോകുന്ന അനിവാര്യമായ വിധിയില്‍ തളരാതിരിക്കാന്‍ അവന് തന്നെ തന്റെ മാതാപിതാക്കളെ ഇതിലൂടെ പാകപ്പെടുത്തുകയായിരുന്നില്ലെ?
1983 ഏപ്രില്‍ 14. ക്ലിന്റിന്റെ ആരോഗ്യം കൂടുതല്‍ മോശമായി. ചിന്നമ്മ, മോഹനന്റെ ഭാര്യ സീനയുടെ സഹായത്തോടെ അവനെ ഡോ.ജോസഫ് എബ്രഹാമിന്റെ അടുത്തെത്തിച്ചു. ജോലിസ്ഥലത്തുനിന്നും വിവരമറിഞ്ഞ് മോഹനനേയും കൂട്ടി ജോസഫ് എത്തുമ്പോഴേക്കും ക്ലിന്റ് അബോധാവസ്ഥയിലേക്ക് വഴുതിയിരുന്നു. ക്ലിന്റിനെ കൂടുതല്‍ പരിചരണം കിട്ടുന്ന മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെയെത്തി രാത്രി പത്തുമണിയോടെ ക്ലിന്റ് ബോധം വീണ്ടെടുത്തു. പപ്പയുടെ മടിയില്‍ കിടക്കണമെന്നും ബൈബിളില്‍ ക്രിസ്തുവിന്റെ കുരിശുമരണം പ്രതിപാദിക്കുന്ന ഭാഗം വായിച്ചു കേള്‍പ്പിക്കണമെന്നും ശാഠ്യം പിടിച്ചു. രണ്ട് കള്ളന്മാരും ക്രിസ്തുവിനൊപ്പം കുരിശിലേറ്റപ്പെട്ടു. ഇതിലൊരുവനോട് നീയും എന്റൊപ്പം ഇന്ന് സ്വര്‍ഗത്തിലെത്തുമെന്ന ക്രിസ്തുവിന്റെ വാക്യം ക്ലിന്റ് ആവര്‍ത്തിച്ചുകേട്ടു. പിന്നീട് അവന് അച്ഛന്റെ മടിയില്‍ കിടന്ന് നിത്യമായ ഉറക്കത്തിലേക്ക് ആണ്ടുപോയി.
അവനവന് ചെയ്യുന്ന പാപപുണ്യങ്ങളുടെ ഫലം അനുഭവിക്കുന്നതിനായി അവന് തന്നെയാണ് പിന്നീടുള്ള ജന്മങ്ങളില് പിറവിയെടുക്കുന്നതിനുള്ള ഗര്‍ഭപാത്രം തിരഞ്ഞെടുക്കുന്നുവെന്നാണ് ഹൈന്ദവ വിശ്വാസം. അങ്ങനെയെങ്കില്‍ ക്ലിന്റ് തെരഞ്ഞെടുത്തത് ഏറ്റവും അനുയോജ്യമായ അമ്മയേയും അച്ഛനേയുമാണ്. തന്റെ പിറവിയിലൂടെ അവന് ആ മാതാപിതാക്കളേയും ഔന്യത്തിലെത്തിച്ചു. മരണശേഷം വെറും ചാരമായി അവശേഷിക്കുന്ന ദേഹം മെഡിക്കല്‍ കോളേജിന് നല്‍കിയിരിക്കുകയാണ് ക്ലിന്റിന്റെ മാതാപിതാക്കള്‍. അകാലത്തില്‍ ആ കുഞ്ഞുനക്ഷത്രം പൊലിഞ്ഞെങ്കിലും ആ മകന് തണലായി വാര്‍ധക്യത്തിന്റെ പടിയിലെത്തിയിരിക്കുന്ന അവരുടെ കൂടെയുണ്ട്. ക്ലിന്റ് ജീവനെപ്പോലെ സ്നേഹിച്ചതെല്ലാം അവര്‍ അവന്റെ മുറിയില്‍ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. അവിടെ അവന് ഏറെ ഇഷ്ടപ്പെട്ട ദേവീദേവന്മാര് അവന് കൂട്ടായുണ്ട്.
കൊയിലാണ്ടി യാത്രയിക്കിടയിലാണ് ക്ലിന്റ് ആദ്യമായി ഒരു തെയ്യം കാണുന്നത്. ആ രൂപം അവനെ ഏറെ സ്പര്‍ശിച്ചു. രണ്ട് മാസങ്ങള്‍ക്ക് ശേഷം ആ തെയ്യക്കോലം ക്ലിന്റിന്റെ ക്യാന്‍വാസില്‍ നൃത്തം വച്ചു. ക്ലിന്റിന്റെ ഏറ്റവും ഒടുവിലത്തെ പൂര്ണസൃഷ്ടിയും അതായിരുന്നു. ക്ലിന്റ് മരിച്ച് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്ത് നടന്ന ക്ലിന്റിന്റെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്നിരുന്നു. അന്ന് ആ കുട്ടത്തില്‍ തെയ്യത്തിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചിരുന്നു. സംവിധായകന് ടി.കെ. രാജീവ് കുമാറാണ് ഈ തെയ്യത്തിലെ ദേവതയെ അറിയണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. തെയ്യം കലാകാരന്മാരെ കൊണ്ടുവന്ന് ചിത്രം കാണിച്ചു. ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം അവര്‍ ചോദിച്ചു. ഇത് വരച്ച കലാകാരനെ കാണാന്‍ സാധിക്കുമോയെന്ന്. രാജീവ് പറഞ്ഞു, ഇല്ല. അടുത്ത ചോദ്യം അത് വരച്ച വ്യക്തി ജീവിച്ചിരുപ്പുണ്ടോയെന്ന്. എന്തുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്ന് തിരിച്ചു ചോദിച്ചു രാജീവ്. അതിന് തെയ്യം ചയമക്കാരന് പറഞ്ഞ മറുപടിയിങ്ങനെ. ഇത് മുച്ചിലോട്ട് ഭഗവതി തെയ്യമാണ്. ഞങ്ങള്‍ ഈ വേഷം ഒരുക്കുമ്പോള്‍ ഒരിക്കലും അതിന് പൂര്‍ണത നല്‍കാറില്ല. ഞങ്ങളുടെ വിശ്വാസം അനുസരിച്ച് പൂര്‍ണത നല്കിയാല് നല്കുന്ന വ്യക്തി ഉടന്‍ മരിക്കും. ഈ ചിത്രം പൂര്‍ണമാണ്. അതിനാല്‍ തന്നെ ഇത് വരച്ച വ്യക്തി ജീവിച്ചിരിക്കാന്‍ ഇടയില്ല. തന്റെ ജീവിതോദ്യേശ്യം എന്തായിരുന്നോ അത് പൂര്‍ത്തിയാക്കി ഒടുവില്‍ വിശ്വമാതാവിന്റെ രൂപത്തിനും പൂര്‍ണത നല്കി, നിറങ്ങളുടെ രാജകുമാരന്. വരയ്ക്കുവാനായ് വന്നു.. വരതീര്ത്ത് മടങ്ങി…ക്ലിന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: