ലോകത്തിൽ പൊതുവേ, ഭാരതത്തില് പ്രത്യേകിച്ചും വംശനാശ ഭീഷണി തന്നെ നേരിടുന്ന ഒരു വിഭാഗമാണു യുക്തിവാദികൾ. മതങ്ങളുടേയും വിശ്വാസങ്ങളുടേയും മുകളിൽ, വികലവാദങ്ങളുമായി കുതിര കയറുക, സ്വന്തം കാര്യങ്ങൾ വരുമ്പോൾ എല്ലാ വാദങ്ങളും മാറ്റിവച്ച്, മക്കളെ എഴുത്തിനിരുത്തുകയും, വേളാങ്കണ്ണിക്ക് പോവുകയും, പേരിനൊപ്പം കുടുംബപ്പേരും, പിതൃ നാമവുമൊക്കെ ചേർത്ത് യുക്തിവാദത്തെ സമ്പന്നമാക്കി, രോമഞ്ചപുളകിതരാവുകയും ചെയ്യുക എന്നത് ഇവരുടെ സ്ഥിരം ഏർപ്പാടാണ്.
തടിക്ക് പിടിക്കുന്ന കാര്യങ്ങൾ വന്നാൽ, അന്തസ്സായി മുങ്ങുക എന്നതും ഇക്കൂട്ടരുടെ ഒരു പതിവാണ്. അങ്ങനെയൊരു തിരോധാനം മൂന്ന് വർഷം പിന്നിട്ടിരിക്കുന്നു. യുക്തിവാദികളുടെ ആൾദൈവം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന, സാക്ഷാൽ ഇടമറുകിന്റെ മകനും, ഇന്നത്തെ യുക്തിവാദികളുടെ ആചാര്യസ്ഥാനം തന്നെ അലങ്കരിക്കുന്ന ശ്രീ സനൽ ഇടമറുക്, ഇന്നെവെടെയാണു.
2011 ലാണ് മുംബൈയിലെ ഔവർ ലേഡി ഓഫ് വേളാങ്കണ്ണി പള്ളിയിലെ ക്രൂശിത രൂപത്തിൽ നിന്നും ദിവ്യജലം ഒഴുകുന്നതായി വിശ്വാസികളുടെ ഇടയിൽ പ്രചരിപ്പിക്കപ്പെട്ടത്. തുടർന്ന്, ദിവ്യജലം ശേഖരിക്കുവാൻ വൻ ജനാവലി തന്നെ പള്ളിയിലേക്കൊഴുകി. പള്ളിയുടേയും, സഭയുടേയും വരുമാനം കുതിച്ചുയർന്നു. ഗണപതിയുടെ പാലുകുടി, സെന്റ് തോമസിന്റെ കുരിശ് എന്നിങ്ങനെയുള്ള പ്രൊപ്പഗാണ്ട ഭക്തിക്ക് എന്നും ഇവിടെ നല്ല മാർക്കറ്റാണല്ലോ. സത്യം പറഞ്ഞാൽ, ഭാരതത്തിലെ യുക്തിവാദികൾ സാന്നിധ്യമറിയിക്കുന്നത് തന്നെ അൽപായുസ്സുകൾ മാത്രമായ ഇത്തരം പ്രചരണങ്ങളെ കൂട്ട് പിടിച്ചാണു. നല്ലോരു എല്ലിൻ കഷണം മണത്ത സനലും പരിവാരങ്ങളും ഈ അവസരം നന്നായി ഉപയോഗിച്ചു. ലേഖനങ്ങളും ചാനൽ ചർച്ചകളുമൊക്കയായി രംഗം കൊഴുത്തു.
പക്ഷേ പിന്നീട് സംഗതി കൈവിട്ട് പോകുന്നതാണു കണ്ടത്. ചാനൽ അവതാരകരുടെ എരിവും പുളിയും ചേർന്ന ചോദ്യങ്ങളിൽ ആവേശം കൂടിപ്പോയ സനലിന്റെ പരാമർശങ്ങൾ അവസരം പാർത്തിരുന്ന സഭക്ക് ചാകരയായി. മതവികാരങ്ങളെ വ്രണപ്പെടുത്തി, സമൂഹത്തിൽ അരക്ഷിതാവസ്ഥ പടർത്തി എന്ന ഗുരുതരമായ കുറ്റങ്ങൾ സനലിനു മേൽ ആരോപിച്ച് ഇരുപതോളം കേസുകൾ ഫയൽ ചെയ്യപ്പെട്ടു. മുൻ കൂർ ജാമ്യം വരെ നിഷേധിക്കപ്പെട്ട സനൽ, ഭയചകിതനായി ഫിൻലാന്റിൽ അഭയം തേടി. ഭാരതവും ഫിൻലാന്റും തമ്മിൽ കുറ്റവാളികളെ കൈമാറുന്ന കരാറുകൾ ഇല്ല എന്ന പഴുതിൽ ആ സ്കാൻഡിനേവിയൻ കുളിർമ്മയിലിരുന്ന് സനൽ ഇടമറുക്, യുക്തിവാദത്തിന്റെ അഗ്നിജ്വാലകൾ പടർത്തുന്നു.
തന്റെ വീക്ഷണങ്ങൾ അവതരിപ്പിച്ചതിനു നാടുവിടേണ്ടിവന്ന, പുരോഗമനാചാര്യനെ പിന്തുണച്ച് ഇവിടെ ആരും അവാർഡുകൾ മടക്കിയില്ല, തെരുവുകളിൽ പ്രതിഷേധാഗ്നി പടർന്നില്ല, ഫെസ്റ്റുകളും ആക്രോശങ്ങളും ഉണ്ടായില്ല, പടിവാതിലിൽ മുട്ടിവിളിക്കുന്ന ഫാസിസത്തിന്റെ മുഖത്ത് കാർക്കിച്ച് തുപ്പാൻ ഒരു പുരോഗമനക്കാരന്റേയും നട്ടെല്ല് നിവർന്നില്ല.
നിലകൊള്ളുന്ന ആദർശ്ശത്തിനു വേണ്ടി ജയിൽ വാസമല്ല, സ്ഥിരമായ പ്രവാസം തന്നെ വരിച്ച സനൽ ഇടമറുകിനു, നാടുവിടലിന്റെ ഈ മൂന്നാം വർഷത്തിൽ, അഭിവാദനങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക: