1991 മെയ് 20 നു ഉറങ്ങാന്‍ കിടക്കുമ്പോള്‍ അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല. ലോകസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായി 23നും കേരളത്തിലും തമിഴ്നാട്ടിലും പോളിംഗ് നടക്കാന്‍ പോകുന്നു. പ്രചരണം രാത്രിയോടെ അവസാനിച്ചു. ഭാരതം മുഴുവന്‍ കാവിതരംഗം ആഞ്ഞുവീശുകയാണ്. അതിന്റെ പ്രതിഫലനമെന്നോണം, തിരുവനന്തപുരത്ത് ഓ രാജഗോപാലിന് വിജയപ്രതീക്ഷ. അര്‍ദ്ധരാത്രി കഴിഞ്ഞ് അകലെ നിന്നും അടുത്തുവരുന്ന ഒരു മൈക്ക് അനൗണ്‍സ്മെന്റ് പാതിയുറക്കത്തില്‍ കേള്‍ക്കാം. ശബ്ദം അടുത്തുവന്നപ്പോള്‍ അത് വ്യക്തമായി കേട്ടപ്പോള്‍ ഒരു നിമിഷം തല പെരുത്ത് പോയി. തമിഴ് നാട്ടില്‍ എല്‍ടിടിഇ നടത്തിയ ബോംബ് സ്ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. പിന്നെ ഉറങ്ങിയില്ല. ആകാശവാണിയില്‍ നിന്നും ദുഖസൂചകമായി വയലിന്റെ മൂളല്‍ മാത്രം. അഞ്ച് ഘട്ടങ്ങളിലായി നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പിന്റെ നാലുഘട്ടങ്ങളും മാറ്റിവച്ചു. രണ്ടാഴ്ച നീണ്ട അനുശോചന പ്രകടനങ്ങളില്‍ നിറഞ്ഞൊഴുകിയ സഹതാപ തരംഗത്തിന്റെ ചിറകിലേറി ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് അധികാരത്തിലേക്ക്
അല്പം ചരിത്രം
കാമരാജിന്റെ കാലം കഴിഞ്ഞതോടെ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്സിന്റെ അടിവേരുകള്‍ കരിയാന്‍ തുടങ്ങിയിരുന്നു അപ്പോഴേക്കും അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ദ്രാവിഡ രാഷ്ട്രീയം അവിടെ പച്ച പിടിച്ചു. അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഭക്തവല്‍സലത്തിനു പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ദ്രാവിഡ രാഷ്ട്രീയം ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ നിന്നും തുടച്ച് നീക്കപ്പെട്ടു. ആദ്യമായി പ്രാദേശിക രാഷ്ട്രീയം അധികാരം പിടിക്കുന്നതും കോണ്‍ഗ്രസ് തൂത്തെറിയപ്പെടുന്നതും തമിഴ്നാട്ടിലാണ്.
അതിനിടയില്‍, ശ്രീലങ്കയിലെ ന്യൂനപക്ഷമായ തമിഴരോട് സിംഹളഭൂരിപക്ഷം കാട്ടുന്ന വിവേചനങ്ങളെ തുടര്‍ന്ന് അവിടെ അസ്വസ്ഥതകള്‍ തലപൊക്കാന്‍ തുടങ്ങി. ശ്രീലങ്കയുടെ ഫെഡറല്‍ സംവിധാനത്തിനകത്ത് നിന്നുകൊണ്ട് ഒരു സ്വയംഭരണ പ്രവിശ്യ വേണമെന്ന തമിഴരുടെ ന്യായമായ ആവശ്യങ്ങള്‍ പോലും അവഗണിക്കപ്പെട്ടു. ഇത് തമിഴ്നാട്ടിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. തമിഴ്നാട്ടില്‍ നഷ്ടപ്പെട്ട പിന്തുണ തിരിച്ച് പിടിക്കാന്‍ തര്‍ക്കം പാര്‍ത്തിരുന്ന ഇന്ദിരാഗാന്ധി ഒരു അവസരം മണത്തു. അപ്പോഴേക്കും ജയവര്‍ധനെ എന്ന സൂത്രശാലിയായ പ്രസിഡന്റ് ശ്രീലങ്കയില്‍ അധികാരത്തില്‍ വന്നിരുന്നു അയാള്‍ ഭൂരിപക്ഷ പിന്തുണക്ക് വേണ്ടി ഭരണ ഘടന തന്നെ തിരുത്തി. തമിഴര്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ കൂടി നിഷേധിച്ച് തമിഴരുടെ ശക്തികേന്ദ്രമായ ജാഫ്ന ഉള്‍പെടുന്ന വടക്കന്‍ ശ്രീലങ്കയില്‍ ശക്തമായ അടിച്ചമര്‍ത്തലുകള്‍ തുടങ്ങി ഇതോടെ തമിഴ്നാട്ടിലേക്ക് വലിയതോതില്‍ അഭയാര്‍ഥി പ്രവാഹവും വന്‍ പ്രതിഷേധങ്ങളും ഉണ്ടായി.
ഈ പ്രശ്നത്തില്‍ ക്രിയാത്മകമായി ഇടപെടുന്നതിനു പകരം തമിഴ് തീവ്രവാദം വളര്‍ത്താനാണ് ഇന്ദിരാഗാന്ധി ശ്രമിച്ചത്. അങ്ങനെ തമിഴ്നാട്ടില്‍ നൂറുകണക്കിന് ആയുധ പരിശീലന കേന്ദ്രങ്ങള്‍ ഉയര്‍ന്നു. എല്‍ടിടിഇ (Libaration Tigers of Tamil elam ) എന്ന എക്കാലത്തെയും വലിയ ഭീകര സംഘടന ഇന്ദിരാ ഗാന്ധിയുടെ കാര്‍മികത്വത്തില്‍ പിറവിയെടുത്തു. വേലുപ്പിള്ള പ്രഭാകരനെ യാസര്‍ അരാഫത്തിന്റെ PLOയില്‍ അയച്ച് ഒളിപ്പോരില്‍ പരിശീലനം കൊടുത്തു. ഭാരതം നല്കിയ അര്‍ഥവും ആയുധവുമുപയോഗിച്ച് പ്രഭാകരന് ശ്രീലങ്കലയെ രക്തക്കളമാക്കാന്‍ തുടങ്ങി
തമിഴരുടെ രക്ഷക എന്ന പ്രതിച്ഛായ രൂപപ്പെട്ട് വരുന്നതിനിടയില്‍ മറ്റൊരു സ്വയം ക്രിതാനര്ഥത്തിന്റെ ഫലമെന്നോണം ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടു. കുറച്ച് കാലം പുലികള്‍ക്കുള്ള സപ്പ്ളെ തടസ്സപ്പെട്ടങ്കിലും വലിയ താമസമില്ലാതെ രാജീവ് ഗാന്ധിയും അമ്മയുടെ പാത പിന്തുടര്ന്നു. അതിനിടയില്‍ പുലികള്‍ അവരുടെ സ്വാധീന മേഖല ലോകം മുഴുവന്‍ വ്യാപിപ്പിച്ചു. നോര്‍വെയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള അതിസമ്പന്നരായ തമിഴര്‍ അവര്‍ക്ക് വേണ്ടി പണമൊഴുക്കി. PLO യിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് അവര്‍ ആയുധങ്ങള്‍ കുന്നുകൂട്ടി. ശരിക്കും ഒരു സൈനിക ശക്തിയായി മാറി. പ്രഭാകരന് എല്ലാ അര്‍ഥത്തിലും ഏകാധിപതിയായി. എരിതീയില്‍ എണ്ണയൊഴിച്ച് കൊണ്ട് ജയവര്‍ധനെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി
1987 ല്‍ ആഭ്യന്തര യുദ്ധം കൂടുതല്‍ ശക്തമായി. ജാഫ്നയിലെ പാവപ്പെട്ട തമിഴര്‍ പുലികളുടെയും ഇടയില്‍ കിടന്ന് നട്ടം തിരിഞ്ഞു. അഭയാര്‍ഥി പ്രവാഹം വര്‍ദ്ധിച്ചു. ശ്രീലങ്കയിലെ തമിഴരെ കൂടുതല്‍ സഹായിക്കാനുള്ള മുറവിളി തമിഴ്നാട്ടില്‍ ശക്തമായതിനെ തുടര്‍ന്ന് അവിടേക്ക് ഭക്ഷ്യ വസ്തുക്കളുമായി ഭാരതത്തിന്റെ രണ്ട് കപ്പലുകള്‍ ജാഫ്ന തീരത്തേക്ക് തിരിച്ചു. അവ സമുദ്രാതിര്‍ത്തിയില്‍ വച്ച് ശ്രീലങ്കന്‍ നാവികസേന തടഞ്ഞു. തുടര്‍ന്ന് ഒരു അഭിമാനപ്രശ്നമെന്നോണം രണ്ടു പടുകൂറ്റന്‍ ചരക്കുവിമാനങ്ങളില്‍ പോര്‍വിമാനങ്ങളുടെ അകമ്പടിയോടെ ജാഫ്നയില്‍ ഭക്ഷ്യവസ്തുക്കള്‍ ഭാരതം എയര്‍ഡ്രോപ്പ് ചെയ്തു. ഇതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഔദ്യോഗികമായി ഇടപെടാന്‍ ജയവര്‍ധനെ രാജീവിനെ ക്ഷണിച്ചു. പക്ഷെ അതൊരു വലിയ കെണിയാണെന്ന് അന്താരാഷ്ട്ര ഹീറോയാകാനുള്ള തത്രപ്പാടില്‍ രാജീവ് അറിഞ്ഞില്ല.
ചരിത്ര പ്രധാനമായ ഭാരത-ശ്രീലങ്ക കരാര്‍ ഒപ്പുവയ്ക്കാന്‍ കൊളംബോയിലെത്തിയ രാജീവിന് നല്കിയ ഗാര്‍ഡ് ഒഫ് ഓണറും ചരിത്രമായി. ഗാര്‍ഡ് ഒഫ് ഓണര്‍ സ്വീകരിക്കുന്നതിനിടയില്‍ ഇടയ്ക്ക്നിന്ന് ഒരു പട്ടാളക്കാരന് തോക്കിന്റെ പാത്തി കൊണ്ട് രാജീവിനെ ആഞ്ഞടിച്ചു. മിന്നല്‍ വേഗത്തില്‍ കരിമ്പൂച്ചകള്‍ ചാടിവീണത് കൊണ്ട് അന്യരാജ്യത്ത് വച്ച് അടികൊണ്ട് മരിച്ച രാഷ്ട്രത്തലവന് എന്ന അപമാനത്തില്‍ നിന്ന് രാജീവ് രക്ഷപ്പെട്ടു.
ആ കരാര്‍ പ്രകാരം ശ്രീലങ്കന്‍ സൈന്യം ബാരക്കുകളിലെക്ക് മടങ്ങി. മനസ്സില്ലാമനസ്സോടെ പുലികള്‍ ആയുധം താഴെവയ്ക്കാന്‍ സമ്മതിച്ചു. പ്രശ്നബാധിത പ്രദേശങ്ങളിലെ സമാധാന പാലനം ഭാരതത്തിന്റെ ചുമലിലായി. അങ്ങനെ ഒരു ലക്ഷത്തോളം വരുന്ന ഭാരത സൈനികര്‍ സമാധാന സേനയായി അവിടെ വിന്യസിക്കപ്പെട്ടു.
യന്ത്രത്തോക്കുകളുടെ അലര്‍ച്ചയും ചുടുചോരയുടെ ഗന്ധവുമെല്ലാം ആവേശമായി മാറിക്കഴിഞ്ഞ പ്രഭാകരനും പുലികള്‍ക്കും ആയുധം താഴെവയ്ക്കുക എന്നത് ചിന്തിക്കാന്‍ പോലുമാവുമായിരുന്നില്ല. അതിരുകളില്ലാത്ത സമ്പത്തും കുന്നുകൂട്ടിയ ആയുധങ്ങളും വച്ച് അവര്‍ ഭാരത സേനക്ക് നേരെ തിരിയാന്‍ താമസമുണ്ടായില്ല ശ്രീലങ്കന്‍ സേന ബാരക്കുകളില്‍ വിശ്രമിച്ചപ്പോള്‍ പരിചയമില്ലാത്ത ചുറ്റുപാടുകളില്‍ നമ്മുടെ സൈനികര്‍ കുടുങ്ങിപ്പോയി. ജാഫ്നയിലെ കൊടും കാടുകളില്‍ കുഴിബോംബുകളിലും ഒളിപ്പോരുകളിലും നമ്മുടെ സൈനികര്‍ ഈയാം പാറ്റകളെപ്പോലെ കരിഞ്ഞു വീണു. കരാര്‍ പ്രകാരം സൈന്യത്തിന്റെ നട്ടെല്ലായ ഇന്‍ഫന്‍ട്രിയും ആര്‍ട്ടിലറിയും ഉപയോഗിക്കാനോ വ്യോമസേനയുടെ സഹായം തേടാനുമോ കഴിഞ്ഞില്ല. കരാറിലെ ഈ ചതിക്കുഴി രാജീവോ സില്ബന്ധികളോ തിരിച്ചറിയാത്തത്തിന്റെ വില നല്‍കിയത് നമ്മുടെ സൈനികരും ഒളിപ്പോരില്‍ അദ്വിതീയരായ നമ്മള് തന്നെ പാലൂട്ടി വളര്‍ത്തിയ പുലികളോട് ഒരു കൈ പിന്നില്‍ കെട്ടി അവര്‍ യുദ്ധം ചെയ്യുമ്പോള്‍ ജയവര്‍ധനെയും ശ്രീലങ്കന്‍ സൈന്യവും ഗ്യാലറിയിലിരുന്ന് കളി ആസ്വദിച്ചു.
ഒടുവില്‍ 1500 സൈനികരെ പവിഴദ്വീപില്‍ ഹോമിച്ച് ഒന്നും നേടാതെ 1990ല്‍ പേരുകേട്ട ഭാരത സൈന്യം ശ്രീലങ്കയില്‍ നിന്നും നാണം കെട്ട് പിന്‍വാങ്ങി തനിക്ക് വലിയ ആള്‍നാശം വരുത്തിയ രാജീവിനോട് ക്ഷമിക്കാന്‍ രക്തദാഹിയായ പ്രഭാകരന് ഒരിക്കലും തയ്യാറായിരുന്നില്ല. അതാണ് 1991 മെയ് 21 പെണ്‍പുലി തനുവിന്റെ അരയില്‍ കെട്ടിയ ബോംബായി ശ്രീപെരുംപുത്തൂരിനെയും ഭാരതത്തെയും കിടിലം കൊള്ളിച്ചത്. ഒരു രാഷ്ട്ര തന്ത്രജ്ഞന്റെ പോയിട്ട് ഒരു സാധാരണ മനുഷ്യന്റെ സാമാന്യ ബുദ്ധി ആ കരാറിലെര്പ്പെടുമ്പോള് കാട്ടിയിരുന്നെങ്കില്‍ രാജീവ് ഗാന്ധി ഇന്നും ഇവിടെയുണ്ടാകുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: