കൊച്ചി നഗരത്തിൽ കുടി വെള്ളത്തിന്റെ കുറവ് അസഹനീയമാകുന്നു. കേരള ജലസേചന വകുപ്പിന്റെയും കൊച്ചി കോർപ്പറേഷന്റെയും വാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.കൊച്ചി കോർപ്പറേഷനു വേണ്ടി പ്രമുഖ കോളേജായ എസ്സിഎംഎസിന്റെ ജല പഠന വിഭാഗം നടത്തിയ സർവ്വേയിലാണ് കുടിവെള്ള ക്ഷാമത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത് .
നഗരത്തിലെ 30,000 വീടുകൾ മറ്റ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്ന കോളേജ് അധികൃതർ പഠനം നടത്തിയത്. കൊച്ചി കോർപ്പറേഷനിലെ 27 ഡിവിഷനുകളിൽ കുടിവെള്ളം തീർത്തും ലഭിക്കുന്നില്ല, 18 ഡിവിഷനുകളിൽ ക്രമരഹിതമായിട്ടാണ് കുടിവെള്ള വിതരണം നടക്കുന്നത്. ആകെ 29 ഡിവിഷനുകളിൽ മാത്രമാണ് കൃത്യമായ രീതിയിൽ കുടിവെള്ള വിതരണം നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത്. ഈ പ്രദേശങ്ങളിൽ വെള്ളത്തിൽ കൂടി പകരുന്ന അസുഖങ്ങൾ വളരെ കൂടുതലാണ്. സർവ്വേയിൽ 24 ശതമാനം ജനങ്ങൾ കുടിവെള്ളം കൃത്യമായി ലഭിക്കുന്നുണ്ട് എന്ന് പറയുന്നു. എന്നാൽ 56ശതമാനം ജനങ്ങൾ കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യത്തെക്കുറിച്ച് പരാതിപ്പെടുന്നു. പ്രധാനമായും കുടിവെള്ളത്തിന്റെ വിതരണ മേഖലയിലുള്ള തടസ്സങ്ങളാണ് സാധാരണക്കാർക്ക് ഏറെയും പറയാനുള്ളത്.
നഗരത്തിലെ 75 ശതമാനം ജനങ്ങളും കേരള ജലസേചന വകുപ്പിനെ ആശ്രയിക്കുന്നു. ഇതിനു പുറമെ 40ശതമാനം ഭൂഗർഭ ജല സ്ത്രോതസ്സ് മലിനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള നിരവധി പദ്ധതികളുടെ രൂപരേഖകൾ കോളേജ് അധികൃതർ കോർപ്പറേഷനു സമർപ്പിച്ചിട്ടുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ വകുപ്പ് മേധാവി ഡോക്ടർ സണ്ണി ജോർജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: