ന്യൂദല്‍ഹി: തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണ്ണ നെറ്റിപ്പട്ടം ഉരുക്കുന്നത് തടഞ്ഞ് സുപ്രീംകോടതി ഉത്തരവ്. സ്വര്‍ണ്ണ നെറ്റിപ്പട്ടം ഉരുക്കി പുതിയത് പണിയാന്‍ കൊച്ചി ദേവസ്വംബോര്‍ഡിന് ഹൈക്കോടതി നല്കിയ അനുമതിയെ ചോദ്യം ചെയ്ത് കൊച്ചി രാജകുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. കേസില്‍ തല്‍സ്ഥിതി തുടരാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
പതിനാറാം നൂറ്റാണ്ടില്‍ കൊച്ചി മഹാരാജാവ് 15 സ്വര്‍ണ്ണ നെറ്റിപ്പട്ടങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഇതില്‍ 14 എണ്ണം വിറ്റുകൊണ്ടാണ് ഷൊര്‍ണ്ണൂര്‍-കൊച്ചി റെയില്‍വേപാതയുടെ നിര്‍മ്മാണം കൊച്ചി രാജാവ് നടത്തിയത്. ബാക്കിയുള്ള ഒരു സ്വര്‍ണ്ണ നെറ്റിപ്പട്ടം തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇതിന് വലുപ്പം കുറവാണെന്നും ഉരുക്കി വലുതാക്കി നിര്‍മ്മിക്കണമെന്നുമാണ് ദേവസ്വംബോര്‍ഡിന്റെയും ക്ഷേത്ര കമ്മറ്റിയുടേയും നിലപാട്. ഇതിനായി ഹൈക്കോടതിയില്‍ നിന്നും അനുമതിയും ബോര്‍ഡ് നേടിയിരുന്നു. എന്നാല്‍ പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച എട്ടു കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ നെറ്റിപ്പട്ടം അമൂല്യ വസ്തുവാണെന്നും നെറ്റിപ്പട്ടം അതേ രൂപത്തില്‍ തന്നെ സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് രാജകുടുംബാംഗങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് നെറ്റിപ്പട്ടം ഉരുക്കരുതെന്ന് കോടതി ഉത്തരവിട്ടത്.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കൃഷ്ണന് വേണുഗോപാലും അഭിഭാഷകന് സുവിദത്ത് സുന്ദരവും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: