ന്യൂദൽഹി: പഠാൻകോട്ട് വ്യോമസേന താവളത്തിലും ഗുർദാസ്പൂരിലുമുണ്ടായതു പോലുള്ള ആക്രമണ പരമ്പരകൾ ഭാരതത്തിൽ നടത്താൻ പാക്കിസ്ഥാനിലെ ഭീകരസംഘടനകൾ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. ജയ്ഷെ മുഹമ്മദാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്.
ഭാരതത്തിൽ പ്രവർത്തിക്കുന്ന സ്ലീപ്പർ സെല്ലുകൾ മുഖാന്തരം രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഫോടനങ്ങൾ നടത്താനാണ് പദ്ധതിയിടുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് സൈനിക ഇന്റലിജൻസ് പഞ്ചാബ് സർക്കാരിന് റിപ്പോർട്ട് നൽകി. ജയ്ഷെ മുഹമ്മദ് കമാൻഡർ അവൈസ് മുഹമ്മദ് മലേഷ്യയിലേക്ക് കടക്കും. അവിടെ നിന്നും ആക്രമണം നടത്തുന്നതിനായി വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഭാരതത്തിലേക്ക് വരാനാണ് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഭീകരാക്രമണം നടന്ന പഠാൻകോട്ട് വ്യോമസേന താവളത്തിൽ പാക് അന്വേഷണ സംഘം എത്തി പരിശോധന നടത്തി രണ്ടു മാസത്തിന് ശേഷമാണ് സൈന്യം റിപ്പോർട്ട് നൽകിയത്. പ്രവർത്തനങ്ങൾ വ്യാപിപിക്കുന്നതിന്റെ ഭാഗമായി ജയ്ഷെ മുഹമ്മദ് മൂന്നു പുതിയ ഒാഫിസുകൾ തുറന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെയും ഭീകരസംഘടനയായ ഇന്ത്യൻ മുജാഹിദീന്റെയും സഹായം ഇവർക്കുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: