ആധുനിക ഇംഗ്ലീഷ് ഭാഷയും പ്രാചീന ഭാരതത്തിലെ വൈദിക സംസ്കൃത ഭാഷയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്ന് നമുക്ക് ആദ്യം തോന്നിയേക്കാം. പക്ഷെ ഇംഗ്ലീഷിനെയും സംസ്കൃതത്തെയും സൂക്ഷിച്ചു താരതമ്യം ചെയ്താല്‍ ഇവ തമ്മില്‍ വളരെയേറെ സാമ്യമുണ്ടെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും. ഇംഗ്ലീഷും സംസ്കൃതവും ഒരേ കുടുംബത്തില്‍ പെട്ട ഭാഷകളാണ്. ഇന്‍ഡോയൂറോപ്യന്‍ എന്നാണ് ഈ കുടുംബത്തിന്റെ പേര്. ഇന്ന് ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ഭാഷകളുടെ കുടുംബമാണിത്.
ഇംഗ്ലീഷിനു പുറമേ സംസ്കൃതത്തിനു ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ് തുടങ്ങിയ ആധുനിക യൂറോപ്പിലെ ഒട്ടുമിക്ക ഭാഷകളുമായി സാമ്യങ്ങളുണ്ട്. പ്രാചീന യൂറോപ്യന്‍ ഭാഷകളായ ഗ്രീക്ക്, ലാറ്റിന്‍ തുടങ്ങിയവയുമായും സംസ്കൃതത്തിനു വളരെയേറെ സാമ്യങ്ങളുണ്ട്. ഇവയെല്ലാം തന്നെ ഇന്‍ഡോയൂറോപ്യന്‍ കുടുംബത്തില്‍ പെട്ടതാണ്. ഉദാഹരണങ്ങളായി നമുക്ക് ചില സംസ്കൃത വാക്കുകളെ ഇംഗ്ലീഷിനോടും ഗ്രീക്കിനോടും, ലാറ്റിനോടും താരതമ്യം ചെയ്തു നോക്കാം :
Sanskrit – sarpa Greek – herpeton Latin – serpens English- serpent
Sanskrit – danta Greek – odon Latin – dens English – dental
Sanskrit- nama Greek- onoma Latin- nomen English – name
Sanskrit- nau Greek- naus Latin – navis English – navy
Sanskrit – mtar Greek – meter Latin – mater English – mother
Sanskrit – ptir Greek – pater Latin – pater English – father
ഭാഷകള്‍ക്കു പുറമേ മതങ്ങളിലും ആചാരങ്ങളിലുമൊക്കെ ഇന്‍ഡോയുറോപ്യന്‍ ബന്ധങ്ങള്‍ കാണാം.
ഉദാഹരണങ്ങളായി വേദങ്ങളിലെ ദേവന്മാരുടെ രാജാവായ ഇന്ദ്രനും പ്രാചീന ഗ്രീക്ക് മൂര്‍ത്തിയായിരുന്ന സ്യൂസും റോമന്‍ മൂര്‍ത്തിയായിരുന്ന ജൂപിറ്ററും പ്രാചീന റഷ്യന്‍ മൂര്‍ത്തിയായിരുന്ന പെരുനും ഒക്കെ ബന്ധപ്പെട്ടവയാണ്, കാരണം ഈ മൂര്‍ത്തികളെല്ലാം അവരവരുടെ മതങ്ങളിലെ മൂര്‍ത്തികളുടെ രാജാക്കന്മാരാണ്, മാത്രമല്ല അവര്‍ ഇന്ദ്രനെ പോലെ വജ്രം അല്ലെങ്കില്‍ ഇടിമിന്നല്‍ ആയുധമാക്കിയ മഴയുടെയും, കാലാവസ്ഥയുടെയുമൊക്കെ അധിപന്മാരാണ്. ഇതേപോലെ തന്നെ വേദങ്ങളിലെ പുലരിയുടെ ദേവിയായ ഉഷസ്സും ഗ്രീക്കുകാരുടെ പുലരിയുടെ മൂര്‍ത്തിയായിരുന്ന ഇയോസും റോമന്‍ പുലരി മൂര്‍ത്തിയായിരുന്ന അറോറയും ബന്ധപെട്ടവയാണ്, വേദങ്ങളിലെ ആദിമനുഷ്യനായ മനുവും പ്രാചീന ജര്‍മ്മന്‍ ഗോത്രങ്ങള്‍ തങ്ങളുടെ പൂര്‍വികനായി കണ്ടിരുന്ന മന്നുസും ബന്ധപ്പെട്ടതാണ്.
അയര്‍ലണ്ട് തൊട്ട് ഭാരതം വരെ എണ്ണിയാല്‍ തീരാത്ത പ്രാചീന ഇന്‍ഡോയുറോപ്യന്‍ ബന്ധങ്ങള്‍ അങ്ങനെ നീണ്ടുപോകുന്നു.
ഭാഷകളുടെ അടിസ്ഥാനത്തില്‍ ഇന്‍ഡോയുറോപ്യന്‍ സംസ്കാരങ്ങളെ പല പല ശാഖകളായി പണ്ഡിതര്‍ വിഭജിച്ചിട്ടുണ്ട്. അവയില്‍ ചിലതാണ് ഇവ :
ഇന്‍ഡോആര്യന്‍ (സംസ്കൃതവും അതില്‍ നിന്നും പിന്നീടുണ്ടായ പ്രാകൃതവും , ഉത്തരേന്ത്യയിലെ ഒട്ടുമിക്ക ഭാഷകളും ഈ ശാഖയില്‍ പെടും ),
ഇറാനിയന്‍ (ഇറാനിലെയും, അഫ്ഗാനിസ്ഥാനിലെയും , താജിക്കിസ്ഥാനിലെയുമൊക്കെ ഭാഷകള്‍ )
സ്ലാവിക് (റഷ്യയിലെയും, ഉക്രൈനിലെയും, പോളണ്ടിലെയുമൊക്കെ ഭാഷകള്‍ )
ബാള്‍ട്ടിക് (ലിത്വാനിയയിലും ലാത്വിയയിലും പ്രചാരമുള്ള ഭാഷകള്‍ )
ജെര്‍മാനിക്ക് (ഇംഗ്ലീഷ്, ജര്‍മ്മന്‍, സ്വീഡിഷ്, നോര്‍വീജിയന്‍ തുടങ്ങിയവ )
അല്‍ബേനിയന്‍ ( അല്‍ബേനിയയില്‍ പ്രചാരമുള്ള ഭാഷ)
ഹെല്ലെനിക് (ഗ്രീക്ക് ഭാഷ )
ഇറ്റാലിക് (ലാറ്റിന്‍, ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയവ)
അര്‍മേനിയന്‍ (അര്‍മേനിയയില്‍ പ്രചാരമുള്ള ഭാഷ)
തൊഖാറിയന് (പ്രാചീന മധ്യേഷ്യയില്‍ പ്രചാരമുണ്ടായിരുന്ന ഭാഷകള്‍ )
കെല്‍റ്റിക് (ഐറിഷ്, വെല്‍ഷ് തുടങ്ങിയവ)
അനറ്റോളിയന്‍ (ഇന്നത്തെ തുര്‍ക്കിയില്‍
പ്രചാരമുണ്ടായിരുന്ന പ്രാചീന ഭാഷകള്‍ )
ഇവ കൂടാതെ ഇനിയുമുണ്ട് ഇന്‍ഡോയുറോപ്യന്‍
കുടുംബത്തില്‍ പെട്ട പ്രാചീന ശാഖകള്‍. പക്ഷെ അവ മിക്കതും ചരിത്രത്തിന്റെ വിവിധ കാലങ്ങളില്‍ വച്ച് മണ്മറഞ്ഞുപോയത് കൊണ്ട് അവയെ കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമല്ല.
ഇന്‍ഡോയുറോപ്യന്‍ ശാഖകളില്‍ സംസ്കൃതം ഉള്‍പെടുന്ന ഭാരതത്തിലെ ഇന്‍ഡോആര്യന്‍ ശാഖയോട് ഏറ്റവും സദൃശമുള്ളത് ഇറാനിയന്‍ ശാഖയ്ക്കാണ്.
വൈദിക സംസ്കൃതത്തിലെയും പ്രാചീന ഇറാനിയന്‍ സൊറോസ്ട്രിയന്‍ ഗ്രന്ഥങ്ങളിലെ ഭാഷയായ
അവെസ്തനിലെയും വാക്കുകള്‍ തമ്മില്‍ മിക്കപ്പോഴും വേര്‍തിരിക്കാന്‍ പറ്റാത്തവിധം സാമ്യങ്ങളുണ്ട്. അത് കൊണ്ട് ഇവയെ ഇന്‍ഡോയുറോപ്യന്‍ കുടുംബത്തില്‍വച്ച് ഇന്ഡോഇറാനിയന് എന്ന ഉപകുടുംബത്തിലാണ് ചേര്‍ത്തിരിക്കുന്നത്. ഉദാഹരണങ്ങളായി :
Sanskrit – sena Avestan – haena
Sanskrit – ashva Avestan – aspa
Sanskrit – hiranya Avestan zaranya
Sanskrit – svar Avestan – hvar
ഭാഷയ്ക്ക് പുറമെ ആചാരങ്ങളിലും വിശ്വാസങ്ങളിലും ഇന്‍ഡോആര്യന്‍ ശാഖയും ഇറാനിയന്‍ ശാഖയും തമ്മില്‍ വളരെയേറെ സാമ്യങ്ങളുണ്ട്:
വേദങ്ങളിലെ യമന്‍ അവെസ്തയില്‍ യിമ
വേദങ്ങളിലെ മിത്രന് അവെസ്തയില്‍ മിത്ര
വേദങ്ങളിലെ സോമം അവെസ്തയില്‍ ഹവോമ
വേദങ്ങളിലെ യജ്ഞങ്ങള്‍ അവെസ്തയില്‍ യസ്ന
വേദങ്ങളിലെ ദേവന്മാര് അവെസ്തയില്‍ ദയേവ
വേദങ്ങളിലെ അസുരന്മാര് അവസ്ഥയില്‍ അഹുര
ഇങ്ങനെ പോകുന്നു പുരാതനമായ ഇന്ഡോഇറാനിയന് ബന്ധങ്ങള്‍.
ഇന്‍ഡോയുറോപ്യന്‍ ശാഖകള്‍ എല്ലാം തന്നെ ഒരൊറ്റ പൂര്‍വിക സംസ്കാരത്തില്‍ നിന്നും പരിണാമിച്ച് കാലാകാലങ്ങളിലായി മറ്റിടങ്ങളിലെയ്ക്ക് വ്യപിച്ചതാണ്.
ആധുനിക പണ്ഡിതര്‍ ലഭ്യമായ ശാഖകളെ താരതമ്യം ചെയ്ത് ഈ അതിപ്രാചീനമായ ഇന്‍ഡോയുറോപ്യന്‍ പൂര്‍വിക സംസ്കാരത്തെയും ഭാഷയെയും പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രോട്ടോഇന്ഡോയൂറോപ്യന് എന്നാണ് ഈ പൂര്‍വ്വികമായ ഇന്‍ഡോയൂറോപ്യന്‍ സംസ്കാരത്തെയും ഭാഷയെയും ആധുനിക പണ്ഡിതര്‍ വിളിക്കുന്നത് .
ഈ പുനര്‍നിര്‍മ്മാണം നൂറു ശതമാനം കൃത്യമാവാന്‍ വഴിയില്ല, കാരണം നേരത്തെ സൂചിപിച്ചത് പോലെ മണ്മറഞ്ഞു പോയ പ്രാചീന ഇന്‍ഡോയുറോപ്യന്‍ ശാഖകളെ കുറിച്ച് അധികം വിവരങ്ങളൊന്നും ലഭ്യമല്ല, ഇവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ പ്രോട്ടോ ഇന്‍ഡോയുറോപ്യന്‍ പുനര്‍നിര്‍മ്മാണത്തെ അത് ബാധിക്കും. ഇപ്പോള്‍ സംസ്കൃതം, ഗ്രീക്ക്, ലാറ്റിന്‍, അവെസ്തന്‍ തുടങ്ങിയ കുറെയേറെ വിവരങ്ങള്‍ ലഭ്യമായ പ്രാചീന ഭാഷകളെ ഉപയോഗിച്ചുകൊണ്ട് മാത്രമാണ് പ്രോട്ടോ ഇന്‍ഡോയുറോപ്യന്‍ പുനര്നിര്മ്മിചിട്ടുള്ളത്.
ഈ അതിപ്രാചീനമായ പ്രോട്ടോഇന്ഡോയൂറോപ്യന് സംസ്കാരം എവിടെയാണ് നിലനിന്നിരുന്നതെന്നുള്ള ചോദ്യത്തിന് പണ്ഡിതര്‍ക്ക് ഭിന്നാഭിപ്രായങ്ങളാണുള്ളത്.
പൊതുവര്‍ഷത്തിനു ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് (5000 BCE ) ദക്ഷിണ റഷ്യയിലെ സ്റ്റെപ് പ്രദേശങ്ങളില്‍ കന്നുകാലികളെയും മറ്റും മേയ്ച്ച് നടന്നിരുന്ന നാടോടി ഗോത്രങ്ങള്‍ക്കിടയിലാണ് പ്രോട്ടോഇന്ഡോയൂറോപ്യന് സംസ്കാരം ഉത്ഭവിച്ചതെന്നാണ് ഒരു കൂട്ടം പണ്ഡിതര്‍ വാദിക്കുന്നത് (ആര്യന് അധിനിവേശ സിദ്ധാന്തം ഈ വാദത്തിലാണ് നിലനില്‍ക്കുന്നത്) .
എന്നാല്‍ ഇതിനു പകരം ഇന്നത്തെ തുര്‍ക്കിയില്‍ പൊതുവര്‍ഷത്തിനു ഏഴായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് (7000 BCE ) നിലനിന്നിരുന്ന കാര്‍ഷിക സംസ്കാരങ്ങളില്‍ നിന്നുമാണ് പ്രോട്ടോഇന്ഡോയൂറോപ്യന് സംസ്കാരം രൂപപ്പെട്ടതെന്ന് വേറെ ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.
പ്രോട്ടോഇന്ഡോയൂറോപ്യന് സംസ്കാരം ഭാരതത്തിലാണ് ഉത്ഭവിച്ചതെന്നുള്ള വാദവുമുണ്ട്. പുനര്‍നിര്‍മിച്ച പ്രോട്ടോഇന്ഡോയൂറോപ്യന് ഭാഷയോട് സംസ്കൃതത്തിനാണ് ഏറ്റവും കൂടുതല്‍ സാമ്യമെന്ന നിരീക്ഷണം ഈ വാദത്തിനു ശക്തിയേകുന്നു.
പക്ഷെ ഇന്ത്യയില്‍ ഇന്‍ഡോയുറോപ്യന്‍ കുടുംബത്തില്‍ പെടാത്ത ദ്രാവിഡ (ദക്ഷിണേന്ത്യയിലെ തമിഴും, മലയാളവും, കന്നഡയും, തെലുഗുവും, തുളുവും മറ്റും ഇതില്‍പ്പെടും), മുണ്ട ( ഇന്ത്യയുടെ മധ്യകിഴക്കന്‍ ഭാഗത്ത് സംസാരിക്കപ്പെടുന്ന ആദിവാസി ഭാഷകള്‍ ) തുടങ്ങിയ ഭാഷാകുടുംബങ്ങള്‍ ഉള്ളതിനാല്‍, ഈ വാദം ശരിയല്ലെന്നും ചിലര്‍ വാദിക്കുന്നുണ്ട്.
എന്തൊക്കെയായാലും ഈ വാദങ്ങളൊന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല , ഇന്‍ഡോയുറോപ്യന്‍ സംസ്കാരങ്ങളുടെ ഉല്പത്തി ഇപ്പോഴും ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: