പണ്ട് ജര്‍മ്മന്‍ സംവിധായകന് ജോര്‍ജ് മോസര്‍ മാധവിക്കുട്ടിയുടെ എന്റെ കഥ സിനിമയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അന്യാദൃശമായ മികവിന്റെ ആത്മാവായിട്ടാണ് അദ്ദേഹം ആ പുസ്തകത്തെ കണ്ടത്. ഡി.എച്ച് ലോറന്‍സിന്റെ കൃതികളില്‍ കാണുന്ന ലൈംഗിക നീലിമയോ കാസനോവയുടെ ആത്മകഥയിലുള്ള ലൈംഗികതയുടെ തുറന്നു പറച്ചിലോ മാധവിക്കുട്ടിയുടെ കാര്യത്തില്‍ കല നിറഞ്ഞ ഭാവനയുടെ ആത്മീയ പരിവേഷം ഉള്ളതായി മാറുന്നുവെന്ന് എന്റെ കഥയെ കുറിച്ച് മോസര്‍ പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. മലയാളത്തിലെ ആഗോള എഴുത്തുകാരിയായ മാധവിക്കുട്ടി എന്നും വ്യത്യസ്തതയുടെ സ്വന്തം ഭൂഖണ്ഡം കാത്തു സൂക്ഷിച്ച ബഹുമുഖ വ്യക്തിത്വമാണ്. വായനക്കാരുടെ ആകാംക്ഷയുടെ കപ്പലോട്ടങ്ങള് എന്നും ആ ഭൂഖണ്ഡത്തെ തേടി എത്തിയിരുന്നു. ഇന്നും അത് തുടരുന്നു.
സ്നേഹത്തിന്റെ സമര്‍പ്പണം, ഒറ്റപ്പെടലിന്റെ ഏകാന്തത, പ്രതീക്ഷയുടെ കാത്തിരിപ്പ് ,വേര്‍പാടിന്റെ സങ്കടം, ലൈംഗികതയുടെ ആവേശം എന്നിങ്ങനെ മനുഷ്യ ജീവിതത്തിന്റെ സമസ്ത ഭാവങ്ങളും കോരിയൊഴിച്ചതാണ് മാധവിക്കുട്ടിയുടെ കഥകളും കവിതകളും നോവലുകളും. കവിതയില്‍ കഥാകൃത്തും കഥയില്‍ കവിയും ആയിരുന്ന മാധവിക്കുട്ടി നോവലുകളിലേക്ക് കൂടുതല്‍ സഞ്ചരിക്കേണ്ടിയിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോകവിഷയം പ്രതിപാദിക്കുമ്പോഴും മാധവിക്കുട്ടിയുടെ കവിതകളുടെ കാതല്‍ വൈയക്തിക പ്രശ്നങ്ങളായിരുന്നു. ആധുനിക കവിതയുടെ വൈവിധ്യവും വൈരുദ്ധ്യപൂര്ണവുമായ സങ്കേതങ്ങള്‍ കൊണ്ട് അവര്‍ പ്രമേയം പ്രതിപാദിക്കുമ്പോള്‍ ജീവിതത്തിന്റെ തീവ്ര പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ കാഠിന്യം കിട്ടുന്നുണ്ടായിരുന്നു. കവിതയിലും കൂടുതല്‍ നഷ്ടബോധങ്ങളുടെ ആസ്തിയായിരുന്നു.
കവിത തന്നെ വിപുലീകരിച്ചതാണ് കഥയെന്ന് തോന്നുമാറ് ലോകസാഹിത്യത്തില്‍ തന്നെ മലയാളത്തിന് കാഴ്ചവയ്ക്കാവുന്ന അനവധി കഥകള്‍ മാധവിക്കുട്ടി സംഭാവന ചെയ്തിട്ടുണ്ട്. ആധുനിക ജീവിതത്തെ പഠിക്കുക എന്നത് മാധവിക്കുട്ടിയുടെ എഴുത്തിനെ പിന്തുടരുക എന്നതാണെന്നുപോലും ചില നിരൂപകര്‍ അഭിപ്രായപ്പെട്ടു. പക്ഷിയുടെ മണം, നഷ്ടപ്പെട്ട നീലാംബരി, രേവതിക്കൊരു പാവക്കുട്ടി തുടങ്ങിയ അപൂര്‍വ്വ സുന്ദരമായ കഥാശില്‍പ്പങ്ങള്‍ മലയാളത്തിന്റെ എക്കാലത്തെയും സാഹിത്യ മരതകങ്ങളാണ്.
60 കള്‍ക്ക് ശേഷം മലയാള സാഹിത്യം പാശ്ചാത്യതയുടെ നോക്കുയന്ത്രങ്ങളായി മാറിയെന്ന് ചിലര്‍ വിമര്‍ശിക്കുമ്പോഴും രണ്ടാം ലോകമഹായുദ്ധം വരുത്തിവച്ച യൂറോപ്പിന്റെ മാനസിക സംഘര്‍ഷങ്ങള്‍ പേറുന്ന പിളര്‍പ്പ് മലയാള സാഹിത്യത്തിലും സൃഷ്ടിച്ച അസ്തിത്വ ദര്‍ശനത്തിന്റെ വിഹ്വലതകള്‍ മാധവിക്കുട്ടിയുടെ കൃതികളിലും കാണാം. പക്ഷിയുടെ മണം വായിച്ചു തീരുമ്പോഴും ഒന്നും മനസിലാകാത്ത ഒരു സന്ദേഹം വായനക്കാരനെ പിടികൂടാം. പക്ഷെ ആവര്‍ത്തിച്ചുള്ള വിചാരങ്ങളില്‍ ആ കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവിധങ്ങളായ പ്രതീക കല്‍പ്പനകള്‍ ഒരുപാട് വാചാലമായി വായനക്കാരോട് സംസാരിച്ചുകൊണ്ടിരിക്കും.
പ്രണയത്തിന്റെ, കാമത്തിന്റെ അസുലഭ ഭംഗികള്‍ സര്‍പ്പം, ചന്ദനം, ചന്ദനമരങ്ങള്‍ തുടങ്ങിയ പ്രതീകങ്ങളിലൂടെ മാധവിക്കുട്ടി വലിയ നിലയില്‍ കഥകളിലും കവിതകളിലും പ്രകടിപ്പിക്കുന്നുണ്ട്. സര്‍പ്പം എന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ എഴുത്തുകാരിയെ പിന്തുടരുന്ന ഭാവനയുടെ ഒഴിയാബാധയായി മാറുന്നതു കാണാം. രേവതിക്കൊരു പാവക്കുട്ടിയില്‍ പാവയും കുട്ടിയും അവളെ പ്രാപിക്കാന്‍ എടുത്തുകൊണ്ടു പോകുന്ന കശ്മലനും വ്യത്യസ്തമായ മൂന്ന് വിധാനങ്ങളുടെ ചിത്രങ്ങളാണ് വായനക്കാരന് നല്‍കുന്നത്.
മലയാളത്തില്‍ സ്നേഹത്തെക്കുറിച്ച് വിപരീത സൗന്ദര്യങ്ങളോടെ മറ്റാരേക്കാളും എഴുതിയത് മാധവിക്കുട്ടിയാണ്. എന്തുകൊണ്ട് വെറുത്തു എന്നുള്ളതിന് അത്രത്തോളം സ്നേഹിച്ചതുകൊണ്ട് എന്നുള്ള ഒരു കഥാപാത്രത്തിന്റെ മറുപടി ഈ വിപരീത സൗന്ദര്യം വ്യക്തമാക്കുന്നു. വായനക്കാരന് സാധാരണ രീതിയില്‍ കടന്നുചെല്ലാത്ത ആലോചനാമൃതങ്ങളായ വിചാരലോകമാണ് ഈ എഴുത്തുകാരി തുറന്നിടുന്നത്. എന്നാല്‍ വണ്ടിക്കാളകള്‍ തുടങ്ങിയ നോവലുകളില്‍ മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ പരിപക്വത പലപ്പോഴും കാണാനാവുന്നില്ല. സാധാരണ നിലയില്‍ ഈ നോവലുകള്‍ അചുംബിതകളാണെങ്കിലും സര്ഗാത്മകതയില് അവയെ കവച്ചുവയ്ക്കുന്ന കവിതകളും കഥകളും അവര്‍ എഴുതിയതുകൊണ്ടായിരിക്കണം ഇങ്ങനെയൊരു സന്ദേഹം ഉണ്ടാകുന്നത്.
വ്യക്തിപരമായ പ്രശ്നങ്ങളിലൂടെ ജീവിതത്തിന്റെ മുഴുവന്‍ തലങ്ങളിലേക്കും പിടിച്ചുകേറുന്ന ചിന്തകളുടെ ഒരു ഏണി മാധവിക്കുട്ടിയുടെ നോവലുകളിലും കാണാം. നോവലുകളില്‍ പക്ഷെ കവിതയ്ക്കും കഥയ്ക്കും ഉണ്ടായിട്ടുള്ള ഒതുക്കം പലപ്പോഴും കിട്ടുന്നില്ലെന്നു മാത്രം. കവിതയിലും കഥയിലും ചുരുക്കിപ്പറയുന്ന പ്രമേയത്തിന്റെ വികാസമാണ് പലപ്പോഴും ഇവരുടെ നോവലുകളെന്ന് തോന്നാറുണ്ട്. മലയാളത്തില്‍ ഈ എഴുത്തുകാരിയെ വ്യത്യസ്തയാക്കുന്നത് പ്രമേയങ്ങളുടെ പുതുമയും കടഞ്ഞെടുത്ത ഭാഷയുടെ ശില്‍പ്പ ഭദ്രതയുമാണ്. അതിലൈംഗികതയെക്കുറിച്ച് പറയുമ്പോഴും അത് അശ്ലീലതയിലേക്ക് തെന്നി വീഴാത്തത് മാധവിക്കുട്ടി വാക്കുകള്‍ കൊണ്ട് തീര്‍ക്കുന്ന സാംസ്കാരിക പരിവേഷവും പ്രതിരോധവും കൊണ്ടാണ്.
ജീവിക്കുന്ന പരിസരം വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കാറുണ്ടെന്ന് ആധുനിക യൂറോപ്യന്‍ സാഹിത്യ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എം.ടിയുടെ മഞ്ഞിലെ വിമലയ്ക്ക് കാത്തിരിക്കാന്‍ തോന്നുന്നത് അവരുടെ ചുറ്റുപാടുമുള്ള പരിസ്ഥിതിയുടെ ആനുകൂല്യം കൊണ്ടുകൂടിയാണെന്ന് നമ്മുടെ ചില നിരൂപകര്‍ എഴുതിയിട്ടുണ്ട്. ഇത്തരം ചില സ്ഥല-പാരിസ്ഥിതിക വിധികള്‍ ജീവിതത്തിന്റെ വിവിധ വികാരങ്ങളിലേക്കും ഭാവങ്ങളിലേക്കും മാധവിക്കുട്ടിയുടെ കഥാപാത്രങ്ങളെ നയിക്കുന്നതായി വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: