അങ്കാറ: തുർക്കി പ്രസിഡന്റിനെ അപമാനിച്ചതിന് രാജ്യത്തെ മുൻ സൗന്ദര്യ റാണി മെർബെ യുബുക് സരാകിന് തടവ് ശിക്ഷ വിധിച്ചു. പ്രസിഡന്റ് തയ്യിപ് എൽദോഗനെ അപമാനിക്കുന്ന തരത്തിലുള്ള കവിത നവമാധ്യമത്തിൽ പോസ്റ്റു ചെയ്തുവെന്ന കുറ്റത്തിനാണ് കോടതി ശിക്ഷിച്ചത്. 2006ലെ മിസ് തുർക്കിയായിരുന്നു യുബുക് സരാക്.
എന്നാൽ സരാക് ഈ ആരോപണത്തെ എതിർത്തു. താൻ വ്യക്തിപരമായി ആരെയും അപമാനിച്ചിട്ടില്ലെന്നും കവിത ഇഷ്ടപ്പെട്ടതിനാൽ ഷെയർ ചെയ്യുകയായിരുന്നുവെന്ന് സരാക് പറഞ്ഞു. തടവ് ശിക്ഷാ വിധിക്കെതിരെ സരാക് മേൽക്കോടതിയിൽ ഹർജി സമർപ്പിക്കുമെന്ന് സരാകിന്റെ അഭിഭാഷകൻ അറിയിച്ചു. ശിക്ഷാ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു വരുന്നത്.
ആവിഷ്കാര സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഈ നടപടിയെന്ന് രാജ്യത്തെ വിവിധ സംഘടനകൾ പറഞ്ഞു. 2014 നുശേഷം പ്രസിഡന്റിനെ അപമാനിച്ചുവെന്ന കുറ്റത്തിന് തുർക്കിയിലെ 1800 ഓളം പേർക്കാണ് കോടതി കയറേണ്ടിവന്നത്. പ്രസിഡന്റിനെ അപമാനിച്ചാൽ തുർക്കിയിൽ നാല് വർഷത്തെ കഠിന തടവാണ് ശിക്ഷയായി ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: