നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണോ ? പ്രവേശനോത്സവങ്ങളുടെ ആഹഌദത്തിമിര്പ്പില് മാതാപിതാക്കളുടെ നെഞ്ചില്‍ ഈചോദ്യം മിടിക്കുന്നുണ്ട്.സ്ക്കൂള് വാഹനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ആധി. സ്ക്കൂള് വാഹനങ്ങളായി ഉപയോഗിക്കുന്ന ഓട്ടോ റിക്ഷ, വാന്‍ മറ്റു വാഹനങ്ങളെല്ലാം നമ്മുടെ ആശങ്കയ്ക്കു വകയുണ്ടെന്നു തന്നെയാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വാഹന പരിശോധനകളില്‍ നിന്നും മനസിലാവുന്നത് ഇതാണ്.
ഗുരുതരമായപോരായ്മകളുള്ള കുറെ വാഹനങ്ങള്‍ അധികൃതര്‍ പിടികൂടിയിരുന്നു. കുട്ടികളെ സ്ക്കൂളുകളിലേക്കു കയറ്റിക്കൊണ്ടുപോകാന്‍ പറ്റാത്തവിധം ഫിറ്റ്നസ് ഇല്ലാത്ത ഞെട്ടിക്കുന്ന ഗുരുതര വീഴ്ചയാണ് അധികൃതര്‍ കണ്ടെത്തിയത്. നിയമം അനുശാസിക്കാത്ത വിധം മൂന്നിരട്ടി കുട്ടികളെപ്പോലും കുത്തിനിറച്ചാണ് ചിലവണ്ടികള്‍ കുതിച്ചുപായുന്നത്. 13 കുട്ടികളെ കയറ്റേണ്ടിടത്ത് 35 കുട്ടികളെവരെ കയറ്റിയതായി കണ്ടെത്തി.
ഓട്ടോ ഡ്രൈവറുടെ മടിയിലിരുത്തിയും ഇരുവശത്തിരിത്തിയുമൊക്കെയാണ് ചില സ്കൂളുകളിലേക്കുള്ള ഓട്ടോകളുടെ യാത്ര. മിക്കവണ്ടിക്കാര്ക്കും ഒന്നിലധികം ട്രിപ്പുകള്‍ ഉളളതുകൊണ്ട് മരണവേഗതയിലാണ് വണ്ടിപ്പാച്ചില്. പെണ്‍കുട്ടികളെയാണ് മിക്കവാറും ഡ്രൈവര്‍മാര്‍ മടിയിലിരുത്തുന്നുവെന്നത് ഇന്നത്തെ പീഡനങ്ങളുടെ കാലത്ത് വലിയ ഉത്കണ്ഠയുണ്ടാക്കുന്നു.ഇത്തരക്കാരുടെ മനസിലെന്താണെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.
പണം മാത്രമാണ് വണ്ടിക്കാര്‍ക്ക് മുഖ്യം. വണ്ടിയിലിരിക്കുന്ന കുഞ്ഞുമക്കള്‍ തങ്ങളുടെ മക്കളാണെന്ന് കരുതിയാല്‍ പ്രശ്നങ്ങളില്ല. അന്യരുടെ മക്കള്‍ അന്യരാണെന്നുമാത്രം കരുതിയാല്‍ കരുതലും ജാഗ്രതയും ഉണ്ടാവില്ല. എന്തു സംഭവിച്ചാലും അതുസംഭവിച്ചുപോയെന്നു കരുതുന്ന നിസംഗത പ്രശ്നമാണ്. പണം കായ്ക്കാനുതകുന്നവരാണ് വണ്ടിയില്‍ കയറുന്ന കുട്ടികളെന്നു തോന്നുന്നിടത്ത് അവരുടെ സുരക്ഷയും തോന്നിയപോലാകും.
റോഡപകടങ്ങളിലും മറ്റും നിത്യേനെ അനേകം മരണങ്ങള് സംഭവിക്കുന്നുണ്ട്. ഈ മരണകണക്ക് ഭാരതത്തില്‍ തന്നെ കേരളത്തിലാണ് കൂടുതല്‍. അപകട മരണമുണ്ടായാല്‍ മരിച്ചു എന്നതിനപ്പുറം പ്രത്യേകിച്ചൊന്നും സംഭവിക്കാറില്ല. മനപൂര്‍വ്വമല്ലാത്ത കൊലപാതകത്തിന് അധികൃതര്‍ കേസെടുക്കും. വണ്ടിക്കാര് ശിക്ഷിക്കപ്പെട്ടതായി സാധാരണ കേള്‍ക്കാറില്ല. നിയമങ്ങള്‍ അനവധിയാണെങ്കിലും അതുകൊണ്ടു പ്രയോജനമില്ല. നടപടിയെടുത്ത് നിയമം പാലിക്കാന്‍ കഴിയാത്ത അവസ്ഥ.
എല്ലാം സര്‍ക്കാര്‍ നോക്കണമെന്നും അധികൃതരുടെ ചുമതലയാണെന്നുമുള്ള അനാസ്ഥ ജനത്തിനുമുണ്ട്. സ്വന്തം മക്കളുടെ ജീവനും സുരക്ഷയും വണ്ടിക്കാരുടെ കൈകളിലേല്പിച്ചാല് തീരുന്നതല്ല മതാപിതാക്കളുടെ ഉത്തരവാദിത്തം. ഡ്രൈവറുടെ സ്വഭാവം, വണ്ടിയുടെ ഫിറ്റ്നസ്, വേഗത, യാത്രാ സൗകര്യം തുടങ്ങിയവയെ കുറിച്ച് മാതാപിതാക്കള്‍ക്ക് ധാരണ വേണം. രാവിലെ മക്കളെ വണ്ടിയില്‍ പറഞ്ഞുവിടുമ്പോള്‍ അവരെ തിക്കി നിറച്ചുകൊണ്ടുപോകുന്നത് മാതാപിതാക്കള്‍ കാണാറില്ലേ.
എല്ലാത്തിനും ഒരു സംസ്കാരമുണ്ട്. റോഡു സംസ്കാരം, വാഹന സംസ്കാരം പിന്നെ മാനുഷിക സംസ്കാരം. തങ്ങള്‍ വണ്ടിയില്‍ കൊണ്ടുപോകുന്ന കുഞ്ഞുങ്ങള്‍ സ്വന്തം മക്കള്‍ തന്നെയാണന്ന് ഡ്രൈവര്‍മാര്‍ കരുതിയാല്‍ കുഞ്ഞുങ്ങള്‍ കൂടുതല്‍ സുരക്ഷിതരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: