കാബൂള്‍: അഫ്ഗാനിസ്ഥാനിൽ ഭീകരരുടെ ആക്രമണത്തിൽ ഫോട്ടോ ജേർണലിസ്റ്റും പരിഭാഷകനും കൊല്ലപ്പെട്ടു. യുഎസിലെ പ്രശസ്തമായ നാഷണൽ പബ്ലിക് റേഡിയുടെ സീനിയർ ഫോട്ടോ ജേർണലിസ്റ്റ് ഡേവിഡ് ഗിൽകി(50) പരിഭാഷകൻ സബീനുള്ള തമന്ന(38) എന്നിവരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാനിലെ തെക്കൻ ഹെല്‍മണ്ട് പ്രവിശ്യയിലായിരുന്നു സംഭവം. അഫ്ഗാൻ പട്ടാളക്കാർക്കൊപ്പം സൈനികവാഹനത്തിൽ സഞ്ചരിക്കവെ ഭീകരർ തൊടുത്തുവിട്ട ഷെൽ ഇവർക്ക് മേൽ പതിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഗിൽകി അടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം ഗിൽകി തന്റെ മാധ്യമ പ്രവർത്തനം കൂടുതലും ചെലവഴിച്ചത് യുദ്ധം രൂക്ഷമായിരുന്ന ഇറാഖിലും അഫ്ഗാനിസ്ഥാനിലുമായിട്ടാണ്. യുദ്ധത്തിന്റെ കൊടും ക്രൂരതകൾ ലോകത്തിന് കാട്ടിക്കൊടുത്ത മഹാനായ പത്രപ്രവർത്തകനായിരുന്നു ഗിൽകി എന്ന് നാഷണൽ പബ്ലിക് റേഡിയുടെ സീനീയർ വൈസ് പ്രസിഡന്റ് മൈക്കൽ ഒറീസ്ക്കസ് പറഞ്ഞു.
ലോകത്തെ ഏറ്റവും മികച്ച ഫോട്ടോ ജേര്‍ണലിസ്റ്റുകളില്‍ ഒരാളാണ് ഡേവിഡ് ഗില്‍കി. 2010ലെ ജോര്‍ജ് പോള്‍ക്ക്, 2007ല്‍ എമ്മി എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2011ലാണ് അദ്ദേഹം അഫ്ഗാനിസ്ഥാനില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: