” നിങ്ങൾ നാല് പേരും എനിക്ക് വാഗ്ദാനം ചെയ്ത പണവും കൊണ്ട് വരിക, എന്റെ കയ്യിലെ റിവോൾവറിൽ അഞ്ചു വെടിയുണ്ടകളുണ്ട്. നിങ്ങളെ നാല് പേരെയും കൊല്ലും, അഞ്ചാമത് സ്വയം വെടിവയ്ക്കുകയും ചെയും, അതിനു മുമ്പ് ഒരു കുറിപ്പ് ഞാൻ ഭാര്യക്ക് എഴുതും നിങ്ങൾ കൊണ്ട് വന്ന നോട്ടുകെട്ടിൽ എന്റെ ശരീരം ദഹിപ്പിക്കാൻ “. വനംമാഫിയക്കെതിരെ, കാട് കയ്യേറി പലതരം കൃഷി നടത്തുന്നവർക്ക് എതിരെ അടരാടിയ ടി.എൻ ഗോദവർമൻ തിരുമുല്പാടിന്റെ വാക്കുകളാണിത്. പണം വാഗ്ദാനം ചെയ്ത് തന്റെ നിയമയുദ്ധങ്ങൾക്ക് തടയിടാൻ ശ്രമിച്ച വനം മാഫിയയോട് അദ്ദേഹം പറഞ്ഞ വാക്കുകൾ. ആ മഹാദേഹം നമ്മോട് വിടവാങ്ങിയിരിക്കുന്നു. പ്രണാമം.
അവസാനശ്വാസം വരെ പ്രകൃതിക്ക് വേണ്ടി, വനങ്ങൾക്കു വേണ്ടി, നാളത്തെ തലമുറക്ക് വേണ്ടി അദ്ദേഹം പോരാടി. നീലഗിരി കാടുകളിൽ വനം മാഫിയ നടത്തുന്ന വെട്ടിപിടിക്കലുകൾക്ക് എതിരെ 1995ൽ സുപ്രീംകോടതിയിൽ പൊതുതാല്പര്യ ഹര്‍ജി ഫയൽ ചെയ്ത തിരുമുല്പാടിന്റെ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായം 80ലെ വനനിയമവും, 78ലെ മൃഗസംരക്ഷണനിയമത്തിലും കാതലായ മാറ്റങ്ങൾ വരുത്തുന്നതിന് കാരണമായി. 1996 ൽ സുപ്രീംകോടതി നിയമം വഴി വനഭൂമി എന്താണെന്ന് വ്യക്തമായ നിർവചനം പുറപെടുവിച്ചത് ഇന്ത്യൻ പാരിസ്ഥിതിക നിയമനിർമ്മാണത്തിൽ പിതാവായി അദ്ദേഹത്തിന്റെ പേര് ചരിത്രത്തിൽ സുവർണ്ണലിപികളിൽ കൊത്തിവെക്കപ്പെട്ടു.
ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയ കാലത്ത്, മൈസൂര്‍ അതിര്‍ത്തി മുതൽ ഗൂഡല്ലൂർ മേഖല അടക്കം കോഴിക്കോട് വരെ പരന്നു കിടക്കുന്ന ആയിരക്കണക്കിന് ഏക്കറോളം വനഭൂമിയുടെ ഏക അവകാശി നിലമ്പൂർ കോവിലകമായിരുന്നു. 1947ൽ, അന്നത്തെ രാജാ മാനവേദൻ തമ്പുരാൻ നോക്കി നടത്താനും സംരക്ഷിക്കാനും ബുദ്ധിമുട്ടാകയാൽ ഈവനഭൂമി ഏറ്റെടുത്തു നോക്കികൊള്ളാൻ മദ്രാസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
1949ൽ സർക്കാർ ഈ വനമേഖല ഏറ്റെടുത്തു. പിന്നീട്, കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം, ഈ ഭൂമി തമിഴ്നാടും കേരളവും വിഭജിച്ചെടുത്തു. പിന്നീടങ്ങോട്ട് മരം മുറി മാഫിയ വല്ലാതെ ശക്തിപ്രാപിക്കുകയും അതിനെതിരെ തിരുമുൽപ്പാട് കോടതിയെ സമീപിക്കുകയും ചെയ്യേണ്ടി വന്നു എന്നത് ചരിത്രം.
ഇന്ത്യയിൽ വന സംരക്ഷണം ഉറപ്പ് വരുത്തിയ കേസിലൂടെ രാജ്യത്തിന്റെ വനനിയമത്തില്‍ ഇടംപിടിച്ച പരിസ്ഥിതി സ്നേഹിയായ നിലമ്പൂര്‍ കോവിലകത്തിന്റെ തമ്പുരാന്, പരേതരായ ഈത്തിശ്ശേരി പരമേശ്വന് നമ്പൂതിരിപ്പാടിന്റെയും നിലമ്പൂര്‍ കോവിലകം മാധവികുട്ടി തമ്പുരാട്ടിയുടേയും മകനായി 1930 ആഗസ്റ്റ് പത്തിനായിരുന്നു ജനനം. ടി.എൻ ഗോദവർമ്മൻ തിരുമുൽപ്പാട് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ ഡബ്ലിയു പി (സി) 202/95 എന്ന പ്രമാദമായ കേസും വനത്തിൽ നിന്നും ഒരുതരത്തിലുള്ള മരങ്ങളും കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ മുറിക്കരുത് എന്ന വിധിന്യായവും ഇന്ത്യൻ വനനിയമത്തിന്റെ കാതലാണ്. വനത്തിൽ നിന്നും വ്യാപകമായി മരങ്ങൾ മുറിച്ച് വിൽപ്പന നടത്തുന്ന പരിസ്ഥിതി നാശത്തിനെതിരെ 1995ൽ ഗോദവർമ്മൻതിരുമുൽപ്പാട് സുപ്രീം കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജിയാണ് രാജ്യത്തെ വനങ്ങൾ സംരക്ഷിക്കാനുള്ള ശക്തമായ ഉത്തരവായി മാറിയത്.
കേസിനു കാരണമായ സംഭവത്തെക്കുറിച്ച് ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് നല്കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെയാണ്. ഒരിക്കല്‍ ഗൂഢല്ലൂര്‍ വഴി യാത്രചെയ്യുമ്പോഴാണ് കാട്ടില്‍ നിന്നും ധാരാളം വന്മരങ്ങള് മുറിച്ച് അടുക്കി വയ്ക്കുന്ന കാഴ്ച ശ്രദ്ധയില്‍ പെട്ടത്. ഒരു കാലത്ത് നിലമ്പൂര്‍ കോവിലകത്തിന്റെ കൈവശമായിരുന്നു ഈ വനമേഖലകള്‍. വനം ഒരു ദേശീയ സ്വത്താണ് എന്ന നിലപാടാണ് മാനവേദന് രാജയുടെ കാലം മുതലേ നിലമ്പൂര്‍ കോവിലകം സ്വീകരിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിനു വിട്ടു കൊടുത്ത വനഭൂമിയില്‍ നിന്നും മരങ്ങള്‍ കൂട്ടത്തോടെ വെട്ടി കാട് നശിപ്പിക്കുന്നത് കണ്ടപ്പോഴാണ് സുഹൃത്തായ അഡ്വ. എ.എസ് നമ്പ്യാരെ കണ്ട് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്
ചിലവാക്കാതെ കെട്ടിക്കിടന്നിരുന്ന ഏതാണ്ട് 41000 കോടിയോളം രൂപ വനവല്‍ക്കരണത്തിന് വേണ്ടി ഉപയോഗിക്കുവാൻ ഉതകുന്ന പരിഹാര വനവൽക്കരണ ഫണ്ട് ബിൽ, 2015 , കഴിഞ്ഞ മാസം ലോകസഭയിൽ പാസ്സാക്കപ്പെടുകയുണ്ടായി.
തിരുമുല്‍പ്പാട് രാഷ്ട്രീയ സ്വയം സേവകസംഘവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തി കൂടി ആയിരുന്നു. ആ ദീപ്തമായ ഓർമകൾക്ക് മുമ്പിൽ ഒരിക്കൽ കൂടി പ്രണാമം
പ്രതികരിക്കാൻ ഇവിടെ എഴുതുക: