‘രക്ത ദാനം മഹാദാനം’ഈ സന്ദേശം ഓര്‍മ്മപ്പെടുത്തി ഇന്ന് ലോക രക്തദാന ദിനം. മറ്റു എതു ദിനങ്ങളേയും പോലെ ലാഘവത്തോടെ കാണേണ്ട ദിനമല്ല ലോക രക്തദാനദിനമായി ആചരിക്കുന്ന ജൂണ്‍ 14. എ, ബി, ഒ രക്തഗ്രൂപ്പ് വ്യവസ്ഥ കണ്ടുപിടിച്ച് നോബേല്‍ സമ്മാനം നേടിയ ഡോ.കാള്ലാന്ഡ്സ്റ്റെയ്നറുടെ ജന്മദിനമാണ് ജൂണ്‍ പതിനാല്. ‘രക്തം നമ്മെ ബന്ധിപ്പിക്കുന്നു … ജീവിതം പങ്കിടൂ രക്തം നല്‍കൂ ’ എന്നതാണ് ലോകാരോഗ്യസംഘടനയുടെ ഈ വര്‍ഷത്തെ മുദ്രാവാക്യം.
ലക്ഷക്കണക്കിന് യൂണിറ്റ് രക്തമാണ് നമ്മുടെ രാജ്യത്ത് ദിവസവും വേണ്ടിവരുന്നത്. അപകടങ്ങളും രോഗങ്ങളും കൂടിവരുന്ന ഇക്കാലത്ത് രക്തത്തിന്റെ ആവശ്യകതയും അതോടൊപ്പം രക്തദാനത്തിന്റെ പ്രസക്തിയും കൂടുന്നു. രക്തത്തിന് പകരമായി ഒരു ഔഷധവും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ രക്തത്തിന് പകരം രക്തം തന്നെ വേണം.
ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങളില്‍ നടത്താവുന്ന ഏറ്റവും വലിയ പുണ്യ കര്‍മ്മമാണ് രക്തദാനം. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവാണ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നത്. നിരവധി സന്നദ്ധസംഘടനകളുടെ നേതൃത്വങ്ങളും രക്തദാനത്തിനായി മുന്നിട്ടറങ്ങുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പലരും മഹത്തായ ഈ ദാനത്തെ കുറിച്ച് ബോധവാന്മാരല്ല. ഇതിനായി ഇനിയും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പേക്കണ്ടതുണ്ട്.
രാജ്യത്ത് വാഹനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം പരിശോധിച്ചാല്‍ നല്ലൊരു ശതമാനവും തക്ക സമയത്ത് രക്തം ലഭിക്കാത്തതുമൂലം ജീവന് പൊലിഞ്ഞവരാണ്. പ്രത്യേകിച്ചും ചില അപൂര്‍വ്വ രക്തഗ്രൂപ്പുകളില്പ്പെട്ടവരാണ് മരിക്കുന്നവരിലധികവും. പണം വാങ്ങി രക്തം വില്‍ക്കുന്ന നടപടി ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സ്വമേധയാ ദാനം ചെയ്യുന്ന രക്തം മാത്രമേ ഇന്ന് രക്തബാങ്കുകളില്‍ സ്വീകരിക്കുകയുള്ളു.
നമ്മളില്‍ പലരും രക്തദാനത്തെക്കുറിച്ച് ബോധവാന്മാരാണെങ്കിലും അവബോധം നടിക്കുന്നു. അത് പലപ്രത്യാഘാതങ്ങള്ക്കും വഴിവയ്ക്കുന്നു എന്നത് മറ്റൊരു കാര്യം. പലപ്പോഴും ഹൃദയ ധമനികളില്‍ ബ്ലോക്കുക്കളും മറ്റു വരുന്നത് രക്തദാനം നടത്താതു മൂലമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തകുഴലുകളെ പിവിസി പൈപ്പിനോട് ഉപമിച്ചാണ് ഇതിനുള്ള ഉദാഹരണം ഡോക്ടര്‍മാര്‍ വെളിവാക്കുന്നത്. പിവിസി പൈപ്പിലൂടെ നിരന്തരമായി ഒഴുകുന്ന വെള്ളം പഴകിയാല്‍ അതില്‍ പായലുകള്‍ പിടിക്കുന്നു, വെള്ളം കെട്ടിനില്‍ക്കുന്നു. അത്തരത്തില്‍ രക്തകുഴലുകളിലൂടെ ഒഴുകുന്ന രക്തം പഴകിയാല്‍ ബ്ലോക്കുകളും മറ്റും ഉണ്ടാകുന്നു. ഇത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് വഴിവയ്ക്കുന്നു. അതിനാല്‍ തന്നെ രക്തം പഴകാതിരിക്കാന്‍ രക്തദാനം നടത്തേണ്ടതാണ്.
പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ അഞ്ച് ലിറ്റര്‍ രക്തമുണ്ടാകും. 18 മുതല്‍ 55 വയസ്സു വരെ പ്രായം വരുന്ന ആരോഗ്യവാന്മാരായ ഏതൊരാള്‍ക്കും മൂന്നുമാസത്തിലൊരിക്കല്‍ രക്തദാനം നടത്താവുന്നതേയുള്ളു. സാധാരണ 350മില്ലിലിറ്റര്‍ രക്തമാണ് ഒരാളുടെ ശരീരത്തില്‍ നിന്ന് ശേഖരിക്കുന്നത്. രക്തം ദാനം ചെയ്താല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം പുതുതായി ശരീരം ഉത്പാദിപ്പിക്കും. അതിനാല്‍ രക്തദാനം സുരക്ഷിതമനായ പ്രവര്‍ത്തിയാണ്. രക്ത ദാനത്തിന് മുമ്പ് മറ്റു അസുഖങ്ങളൊന്നുമില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുകയും വേണം.
നിങ്ങളുടെ രക്തദാനം ഒരു ജീവന് രക്ഷിക്കുന്നതോടൊപ്പം നിങ്ങളുടെ ജീവന് കൂടുതല്‍ കാലം നിലനിര്‍ത്താനും ഉപകരിക്കുന്നു. വര്‍ഷത്തില്‍ മൂന്നുതവണ രക്തദാനം ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: