നീണ്ടുവളഞ്ഞ സൂചിക്കൊക്ക് പൂവുകൾക്കുള്ളിൽ കടത്തി തുരുതുരെ വിറയ്ക്കുന്ന ചിറകുകളോടെ സ്വല്പനേരം “കാറ്റ് ചവിട്ടി” നിന്ന് പെട്ടെന്ന് തെറിച്ചു പോകുന്നതു പോലെ പറന്നു മറ്റൊരു പൂവിലേക്കോ അടുത്തൊരു ശാഖയിലെക്കോ പറക്കുന്ന ഈ പക്ഷി ഇടയ്ക്കിടെ നേരിയ സ്വരത്തിൽ ‘ച്വീ ച്വീ ച്വീ’ എന്ന് ശബ്ദിക്കും. സൂചീമുഖി അഥവാ തേന്കിളിയെക്കുറിച്ചുള്ള വർണനയുടെ ഒരു ഭാഗമാണിത്. ഇതുപോലെ ഒരു വർണന പക്ഷിയെ സ്നേഹത്തോടെ പിന്തുടരുന്ന ഒരാളിൽ നിന്നു മാത്രമേ വരൂ. ആ ആളാണ് ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ പക്ഷിപ്രേമികൾക്കിടയിൽ അറിയപ്പെട്ട കെ.കെ നീലകണ്ഠൻ.
കേരളത്തിലെ പക്ഷികൾ എന്ന വിജ്ഞാന ഗ്രന്ഥത്തിലൂടെ അദ്ദേഹം ഒരുപാടുപേരെ പക്ഷികളുടെ വർണപ്രപഞ്ചത്തിലേക്കു പരിചയപ്പെടുത്തി. അവരുടെ ഗുരുസ്ഥാനീയനായി. പക്ഷികളെ പിടിച്ചു പരിശോധിച്ച് അവരുടെ സ്വഭാവ വിശേഷങ്ങൾ മനസ്സിലാക്കുന്ന പക്ഷിനിരീക്ഷകരിൽ നിന്നും വ്യത്യസ്തനായിരുന്നു ഇന്ദുചൂഡൻ. അവരെ ഒരുവിധത്തിലും ഉപദ്രവിക്കാതെ അലോസരപ്പെടുത്താതെ ഈ പരമ സാത്വികൻ അവരെ ആരാധനയോടെ നോക്കിക്കണ്ടു.
പാലക്കാട് ജില്ലയിലെ കാവശ്ശേരിയിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ 1923-ൽ ഇന്ദുചൂഡൻ ജനിച്ചു. പിതാവ് മൈസൂർ സർക്കാർ സർവ്വീസിൽ ഒരു മൃഗ വൈദ്യനായിരുന്നു. നാലാം തരം വരെയുള്ള വിദ്യാഭ്യാസം ചിത്രദുർഗ്ഗയിലായിരുന്നു. ബാക്കി വിദ്യാലയ ജീവിതം മലബാർ പ്രദേശത്തെ അഞ്ചു വിദ്യാലയങ്ങളിലായി ഇന്ദുചൂഡൻ പൂർത്തിയാക്കി. ഇന്റർമീഡിയറ്റ് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം (ഓണേഴ്സ്) മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും കരസ്ഥമാക്കിയ ശേഷം മധുര അമേരിക്കൻ കോളേജിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് മദ്രാസ് ലയോള കോളേജിലേക്കും തലശ്ശേരി ബ്രണ്ണൻ കോളേജിലേക്കും രാജമുണ്ട്രിയിലേക്കും പാലക്കാട് വിക്ടോറിയ കോളെജിലേക്കും മാറി. ഇതിനുശേഷം അദ്ദേഹം ചിറ്റൂർ ഗവണ്മെന്റ് കോളേജിലും തിരുവനന്തപുരം വിമൻസ് കോളേജിലേക്കും മാറി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ തലവനായിരിക്കേ അദ്ദേഹം 1978-ൽ ഔദ്യോഗിക അദ്ധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ചു.
കിഴക്കേ ഗോദാവരി ജില്ലയിലുള്ള തടെപള്ളിഗുഡത്തിന് അടുത്തായി ആരേട് എന്ന സ്ഥലത്തുള്ള പെലിക്കൻ സങ്കേതം 1949-ൽ അദ്ദേഹം (ഇന്ത്യയിലെ ഏറ്റവും വലുത് ) കണ്ടെത്തി. പ്രകൃതി സംരക്ഷണ സമിതി, കേരള നാച്യുറൽ ഹിസ്റ്ററി എന്നീ സംഘടനകളുടെ അധ്യക്ഷനായിരുന്നിട്ടുണ്ട്. 1979-ൽ സൈലന്റ് വാലി പ്രക്ഷോഭം നയിച്ചു. WWF എന്ന ലോക പ്രശസ്ത പരിസ്ഥിതി സംഘടനയുടെ ഇന്ത്യൻ ഘടകത്തിന്റെ വിശിഷ്ടാംഗമായിരുന്നു അദ്ദേഹം. 1992 ജൂണ് 14 നു അന്തരിച്ചു.
പരിസ്ഥിതി, പക്ഷികൾ, പക്ഷിനിരീക്ഷണം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പുല്ലുതൊട്ട് പുന്നാര വരെ എന്ന ലേഖന സമാഹാരത്തിന് കേരള സർക്കാരിന്റെ ശാസ്ത്ര, പരിസ്ഥിതി, സാങ്കേതിക വകുപ്പിന്റെ ജനപ്രിയ ശാസ്ത്ര കൃതിക്കുള്ള പുരസ്കാരവും കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ പുരസ്കാരവും ലഭിച്ചു. അദ്ദേഹത്തിന്റെ കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകമായ പക്ഷികളും മനുഷ്യരും എന്ന പുസ്തകത്തിന് കേരള സർക്കാരിൽ നിന്നും കൈരളി കുട്ടികളുടെ ബുക്ക് ട്രസ്റ്റിൽ നിന്നും ബാല സാഹിത്യത്തിനുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സ്വന്തം വിനോദമായിരുന്ന, ആറു പതിറ്റാണ്ട് നീണ്ട പക്ഷിനിരീക്ഷണത്തിൽ നൂറോളം ശാസ്ത്ര ലേഖനങ്ങളും മൂന്നു മലയാള പുസ്തകങ്ങളും ഒരു ഇംഗ്ലീഷ് ഗ്രന്ഥവും അദ്ദേഹം ശാസ്ത്ര ലോകത്തിനു സംഭാവന ചെയ്തു. വളരെ ചിട്ടയായി ഉണ്ടാക്കിയ നിരീക്ഷണക്കുറിപ്പുകലാണ് അദ്ദേഹത്തിന്റെ രചനകൾക്കാധാരം. ലളിതവും ആകർഷകവുമായ ശൈലി , വസ്തുതാപരമായ കൃത്യത, സ്വയം വരച്ച വർണചിത്രങ്ങൾ, സ്വന്തം നിരീക്ഷണ കുറിപ്പുകൾ എന്നിവ അദ്ദേഹത്തിന്റെ കൃതികളെ വേറിട്ടു നിർത്തുന്നു മൗലികമാകുന്നു.
വിശാലമായ ഒരു പ്രദേശം മുഴുവൻ അലഞ്ഞു നടന്നു അവിടെയുള്ള എല്ലാ പക്ഷികളുടെയും പട്ടിക തയ്യാറാക്കുന്നതിനെക്കാൾ മാവിലോ മുളങ്കൂട്ടതിലോ ഇരതേടുന്ന ഒരു പക്ഷിക്കൂട്ടത്തെ നിരീക്ഷിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. പക്ഷികളെ അടുത്തറിയണമെങ്കിൽ രാജ്യത്തുള്ള എല്ലാ പക്ഷികളുടെയും പേര് പഠിക്കണമെന്നില്ല എന്ന ഉപദേശമാണ് അദ്ദേഹം പക്ഷി നിരീക്ഷകർക്കു നല്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: