കൊച്ചി: പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
അമീറുൾ താമസിച്ച കെട്ടിടത്തിന്റെ ഉടമയും കരാറുകാരനും വിവരങ്ങൾ മറച്ചുവച്ചിരുന്നു. പ്രതി മുങ്ങിയ വിവരം ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തോട് ഇവർ പറഞ്ഞിരുന്നില്ല. പ്രോസിക്യൂഷൻ നടപടികൾക്ക് താൻ നേരിട്ട് മേൽനോട്ടം വഹിക്കുമെന്നും ബെഹ്റ വ്യക്തമാക്കി.
അമീറുല്‍ ഇസ്ലാമിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ എത്തിക്കുന്നതിനു മുമ്പായി പ്രതിയെ തിരിച്ചറിയല്‍ പരേഡിനു വിധേയമാക്കാനും ഒരുങ്ങുന്നുണ്ട്. ആലുവയിലെത്തിച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക.
ജിഷയെ ഉപദേശിക്കാനാണ് താൻ വീട്ടിൽ പോയതെന്നാണ് അമീറുൾ പോലീസിനോട് പറഞ്ഞത്. എന്നാല്‍, ഉപദേശം കേള്‍ക്കാന്‍ തയ്യാറാകാതെ പ്രകോപിതനായാണ് ജിഷ പെരുമാറിയത്. ഈ പ്രകോപനം മൂലമാണ് കൊല ചെയ്തതെന്നുമാണ് അമീറുല്‍ ഇസ്ലാം പോലീസിനോട് പറഞ്ഞത്. എന്നാല്‍, ഈ വാദം പൂര്‍ണ്ണമായും മുഖവിലക്കെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: